-->
വ്യത്യസ്തമായ ആഘോഷങ്ങള്‍കൊണ്ട് പല വിവാഹങ്ങളും വൈറലാകാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ മാനുഷികമായ ചില പരിഗണനയുടെ പേരിലാണ് ഒരു വിവാഹം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. വിവാഹാഘോഷങ്ങളിലെ ശ്രദ്ധാകേന്ദ്രങ്ങള്‍ വധുവും വരനും മാത്രമാകുമ്പോള്‍, അവര്‍ക്കായി സേവനം ചെയ്യുന ഫൊട്ടോഗ്രാഫര്‍മാരും കാറ്ററിങ് ജീവനക്കാരും സ്‌റ്റേജ് ഡേക്കറേഷന്‍കാരുമൊക്കെ സമയത്തിനു ഭക്ഷണം കഴിച്ചോ എന്നുപോലും ആരും അന്വേഷിക്കാറില്ല. പലപ്പോഴും തിരക്കു കാരണം അവര്‍ക്ക് ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കാറുമില്ല. പക്ഷേ, ആരുഷ് എന്ന ഉപയോക്താവ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച ദൃശ്യങ്ങളില്‍ വിവാഹ വേഷം ധരിച്ച് കാറ്ററിങ് ജീവനക്കാര്‍ക്ക് ഭക്ഷണം വിളമ്പുന്ന വധുവിനെയും വരനെയുമാണ് കാണാനാവുക.
ജോലി ചെയ്തു ക്ഷീണിച്ച കാറ്ററിങ് ജീവനക്കാരെ വരിയായി ഇരുത്തി, ഓരോ നിരയിലുള്ളവര്‍ക്കും ഭക്ഷണം പ്ലേറ്റിലെടുത്ത് നല്‍കി, ഊഷ്മളമായ സംഭാഷണങ്ങളോടെ അവരെ ഊട്ടുന്ന വധുവിന്റെയും വരന്റെയും വിഡിയോ നിറഞ്ഞ സ്‌നേഹത്തോടെയാണ് സമൂഹമാധ്യ ഉപയോക്താക്കള്‍ ഏറ്റെടുത്തത്. വിവാഹത്തിനെത്തിയ അതിഥികളെല്ലാം ഒരു കുറവുമില്ലാതെ ഭക്ഷണം കഴിച്ചുവെന്ന് ഉറപ്പു വരുത്തി, ജോലി ഭംഗിയായി നിര്‍വഹിച്ച കേറ്ററിങ് ജീവനക്കാരെ അദ്ഭുതപ്പെടുത്തുകയാണ് ഈ വധൂവരന്മാര്‍.
'വിവാഹവേദിയില്‍ മനുഷത്വം വിളമ്പുന്നവരുടെ വിവാഹമാണ് ഏറ്റവും മനോഹരം' എന്നാണ് ഈ ദൃശ്യങ്ങള്‍ കണ്ട് ചിലര്‍ പ്രതികരിച്ചത്. കണ്ടതില്‍ വച്ച് ഏറ്റവും മനോഹര കാഴ്ച്ച, വധൂവരന്മാരോടു സ്‌നേഹം തോന്നുന്നു, എല്ലാവിധ ആശംസകളും എന്നിങ്ങനെയും കമന്റുകള്‍ എത്തി. വിവാഹ ദിവസം ഭക്ഷണവും വെള്ളവും ലഭിക്കാത്തതിനെത്തുടര്‍ന്ന് വിവാഹത്തിനെടുത്ത ചിത്രങ്ങള്‍ മുഴുവന്‍ ഡിലീറ്റ് ചെയ്ത ഫൊട്ടോഗ്രാഫറുടെ വാര്‍ത്തയും അടുത്തിടെ പുറത്തു വന്നിരുന്നു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ വിവാഹ ദിവസം തങ്ങളുടെ അതിഥികളുടെ വയറും മനസ്സും നിറച്ച കാറ്ററിങ് ജീവനക്കാര്‍ക്ക് മനസ്സമാധാനത്തോടെയിരുന്ന് ഭക്ഷണം കഴിക്കാന്‍ അവസരമൊരുക്കിയ വധൂവരന്മാരെ അഭിനന്ദിക്കണമെന്ന് പറയുകയാണ് വെര്‍ച്വല്‍ ലോകം.