-->
പല കാരണങ്ങള്‍കൊണ്ടും നിശ്ചയിച്ചുറപ്പിച്ച വിവാഹങ്ങള്‍ മുടങ്ങിപ്പോകാറുണ്ട്. എന്നാല്‍ ഒരു വളര്‍ത്തുനായ കുരച്ചതിനെച്ചൊല്ലി ആരെങ്കിലും വിവാഹം വേണ്ടന്ന് വയ്ക്കുമോ? എന്നാല്‍ അത്തരത്തിലൊരു സംഭവമാണ് ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂരില്‍ നടന്നത്. സുമിത്തും തനുവും തമ്മിലുള്ള വിവാഹച്ചടങ്ങുകള്‍ക്കിടെയാണ് അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്. വധുവിന്റെ വീട്ടിലെത്തിയ വരന്റെ സുഹൃത്തുക്കളില്‍ ഒരാള്‍, കുരച്ചു എന്ന കാരണത്താല്‍ നായയെ മര്‍ദ്ദിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ഇത് വധുവിന്റെ വീട്ടുകാര്‍ ചോദ്യം ചെയ്തതോടെ വാക്കേറ്റം ഉണ്ടാവുകയും, നിമിഷനേരങ്ങള്‍ക്കുള്ളില്‍ വിവാഹപ്പന്തല്‍ ഒരു സംഘര്‍ഷഭൂമിയായി മാറുകയും ചെയ്തു. കസേരകളും വടികളും ഉപയോഗിച്ചുള്ള അടിപിടിയില്‍ ഇരുഭാഗത്തെയും ബന്ധുക്കളില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു.
അടിയന്തരമായി വിവാഹച്ചടങ്ങുകള്‍ നിര്‍ത്തിവെച്ചെങ്കിലും ഈ സംഭവത്തിന് പിന്നില്‍ മറ്റൊരു ട്വിസ്റ്റ് കൂടിയുണ്ടായിരുന്നു. സുമിത്തും തനുവും കഴിഞ്ഞ ജനുവരിയില്‍ തന്നെ ഒളിച്ചോടി വിവാഹിതരായവരായിരുന്നു. പിന്നീട് കുടുംബാംഗങ്ങള്‍ തമ്മില്‍ സംസാരിച്ച് ധാരണയിലെത്തിയ ശേഷമാണ് ഫെബ്രുവരിയില്‍ ഔദ്യോഗികമായി ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ നായയുടെ പേരിലുണ്ടായ തര്‍ക്കം മൂലം ആഘോഷങ്ങള്‍ മുടങ്ങിയതോടെ ബന്ധുക്കള്‍ വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനിക്കുകയായിരുന്നു.
നാടകീയമായ ഈ സംഭവങ്ങള്‍ക്കൊടുവില്‍ വരനും വധുവും ഒന്നിച്ചു എന്നുള്ളതാണ് ശ്രദ്ധേയം. വിവാഹം മുടങ്ങിയതിന് പിന്നാലെ തനു സ്വന്തം വീടുവിട്ടിറങ്ങി സുമിത്തിന്റെ വീട്ടിലെത്തി. തങ്ങളുടെ വിവാഹം നേരത്തെ കഴിഞ്ഞതാണെന്നും അതിനാല്‍ ഇപ്പോള്‍ നടന്ന പ്രശ്‌നങ്ങള്‍ തങ്ങളെ ബാധിക്കില്ലെന്നുമാണ് ഇരുവരുടെയും നിലപാട്. വീട്ടുകാരുടെ എതിര്‍പ്പുകള്‍ അവഗണിച്ച് ഒന്നിച്ച് ജീവിക്കാനാണ് ഈ ദമ്പതികളുടെ തീരുമാനം.