-->
ഐഐടി മദ്രാസ് ക്യാമ്പസില്‍ നിന്നുള്ള കൗതുകകരമായ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നെറ്റീസണ്‍സിന്റെ ഹൃദയം കീഴടക്കുന്നത്. എംബിഎ വിദ്യാര്‍ത്ഥിനിയായ പല്ലവി പങ്കുവെച്ച ഈ വീഡിയോയില്‍, ക്യാമ്പസിനുള്ളിലെ ഒരു മാനിനോട് വളരെ അടുത്ത സൗഹൃദം പങ്കിടുന്ന പല്ലവിയെ കാണാം. 'എംബിഎ പഠിക്കാന്‍ വന്നു, മടങ്ങിപ്പോകുന്നത് മാനുകളുമായുള്ള ചങ്ങാത്തവുമായാണ്' എന്ന മനോഹരമായ അടിക്കുറിപ്പോടെയാണ് പെണ്‍കുട്ടി ഈ ദൃശ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
യാതൊരു ഭയവുമില്ലാതെ പല്ലവിയുടെ അരികില്‍ നില്‍ക്കുന്ന മാനിനെ താലോലിക്കുന്ന ദൃശ്യങ്ങള്‍ നിമിഷങ്ങള്‍ക്കകം വൈറലായി. 'എംബിഎ വിത്ത് വൈല്‍ഡ്‌ലൈഫ് സ്‌പെഷ്യലൈസേഷന്‍', 'ഡിഗ്രിയോടൊപ്പം വനവാസവും കിട്ടി' എന്നിങ്ങനെ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. പ്രകൃതിയോട് ഇത്രയടുത്ത് പഠിക്കാന്‍ കഴിയുന്നത് വലിയ ഭാഗ്യമാണെന്ന് പലരും അഭിപ്രായപ്പെട്ടു.
ചെന്നൈയിലെ ഗിണ്ടി നാഷണല്‍ പാര്‍ക്കിനോട് ചേര്‍ന്ന് കിടക്കുന്ന ഐഐടി മദ്രാസ് ക്യാമ്പസ് വന്യമൃഗങ്ങളുടെയും പക്ഷികളുടെയും പ്രിയപ്പെട്ട ഇടമാണ്. പുള്ളിമാനുകളെയും കൃഷ്ണമൃഗങ്ങളെയും ഇവിടെ സാധാരണയായി കാണാറുണ്ട്. വികസനവും പരിസ്ഥിതിയും എങ്ങനെ കൈകോര്‍ത്ത് മുന്നോട്ട് പോകാമെന്നതിന്റെ മികച്ച ഉദാഹരണമായിട്ടാണ് ക്യാമ്പസിലെ ഈ ദൃശ്യങ്ങളെ സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്.