-->
തിരുവനന്തപുരം: ലോകമെമ്പാടും ഊര്‍ജ്ജ വിലയില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നമ്പോള്‍ ഭാരതത്തിലെ സാഹചര്യം തികച്ചും വ്യത്യസ്തമാണെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. വെറും 30 ദിവസത്തിനുള്ളില്‍ ഉത്തരേന്ത്യ മുതല്‍ ആഫ്രിക്ക വരെ ഇന്ധനവിലയില്‍ 50 ശതമാനം വരെ വര്‍ദ്ധനവാണ് ഉണ്ടായയിരിക്കുന്നതെന്നും ഈ സാഹചര്യത്തിലൂം കേന്ദ്രസര്‍ക്കാര്‍ ഒരു പ്രതിരോധ കവചമായി നില്‍ക്കുകയാണെന്നും പറഞ്ഞു.
വെറും 30 ദിവസത്തിനുള്ളില്‍ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 70 ഡോളറില്‍ നിന്ന് 122 ഡോളറായി ഉയര്‍ന്നു. ഇത് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. എന്നാല്‍ നരേന്ദ്ര മോദിയുടെ അചഞ്ചലമായ നേതൃത്വത്തിന് കീഴില്‍, ഭാരത സര്‍ക്കാര്‍ ഒരു വന്‍ പ്രതിരോധ കവചമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഈ ആഗോള സാമ്പത്തിക ഭാരം ജനങ്ങളുടെ പോക്കറ്റിലേക്ക് അടിച്ചേല്‍പ്പിക്കുന്നതിന് പകരം, ആഭ്യന്തര വിപണിയെ സുസ്ഥിരമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഇടപെട്ടിരിക്കുകയാണ്. ജനങ്ങള്‍ക്ക് നേരിട്ട് ആശ്വാസം നല്‍കുന്നതിനായി, പെട്രോളിന്റെ എക്‌സൈസ് ഡ്യൂട്ടി 13 രൂപയില്‍ നിന്ന് 3 രൂപയായും, ഡീസലിന്റേത് 10 രൂപയില്‍ നിന്ന് പൂജ്യമായും സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ആഗോളതലത്തിലെ ഈ വിലവര്‍ദ്ധനവ് സാധാരണക്കാരന്റെ ബജറ്റിനെ ബാധിക്കില്ലെന്ന് ഇതിലൂടെ ഉറപ്പാക്കുകയാണ് ചെയ്തത്.
ജനങ്ങളുടെ യാത്രകള്‍ ചിലവ് കുറഞ്ഞതാക്കാന്‍, പെട്രോള്‍ ലിറ്ററിന് ഏകദേശം 24 രൂപയും ഡീസല്‍ ലിറ്ററിന് 30 രൂപയും എന്ന നിരക്കിലുള്ള നഷ്ടം സര്‍ക്കാര്‍ സ്വയം ഏറ്റെടുക്കുകയാണ്. ശുദ്ധീകരണശാലകള്‍ക്ക് മേല്‍ തന്ത്രപരമായ കയറ്റുമതി നികുതി ചുമത്തുന്നതിലൂടെ, ആഗോള വില ഉയര്‍ന്നു നില്‍ക്കുമ്പോഴും നമ്മുടെ ആഭ്യന്തര വിതരണം തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നു.
ഇതൊരു നയം മാത്രമല്ല, മറിച്ച് ഒരു സുരക്ഷാ കവചമാണ്. റഷ്യ-ഉക്രെയ്ന്‍ യുദ്ധവും ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങളും നിലനില്‍ക്കുമ്പോഴും, ഇന്ത്യന്‍ പൗരന്‍ സുരക്ഷിതനാണെന്ന് ഉറപ്പാക്കാന്‍ കഴിഞ്ഞ നാല് വര്‍ഷമായി സര്‍ക്കാര്‍ നടത്തുന്ന പ്രതിബദ്ധതയുടെ തെളിവാണിതെന്നും ധീരവും ദീര്‍ഘവീക്ഷണമുള്ളതുമായ ഒരു ഇടപെടലാണെന്നും പറയുന്നു.