-->
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ നേമം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടിയുടെ പുതിയ വേഷപ്പകര്‍ച്ച സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്നു. നെറ്റിയില്‍ ചന്ദനക്കുറിയും കളഭവും ചാര്‍ത്തിയുള്ള സ്ഥാനാര്‍ത്ഥിയുടെ ചിത്രങ്ങളാണ് സൈബര്‍ ഇടങ്ങളില്‍ പരിഹാസത്തിനും വിമര്‍ശനത്തിനും വഴിവെച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഒരു ക്ഷേത്രത്തിലെ ശ്രീകോവിലിന് മുന്നില്‍ നിന്ന് പൂജാരിക്ക് ദക്ഷിണ നല്‍കി പ്രസാദം സ്വീകരിക്കുന്ന ശിവന്‍കുട്ടിയുടെ ദൃശ്യങ്ങളും ബിജെപി ഹാന്‍ഡിലുകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 'ഇലക്ഷന്‍ കാലത്തെ മനോഹരമായ കാഴ്ചകള്‍' എന്ന തലക്കെട്ടിലാണ് ചിത്രങ്ങള്‍ പങ്കുവെക്കുന്നത്. അഞ്ചാം ക്ലാസ്സുകാരി എഴുതിയ ഉത്തരം എന്ന പേരില്‍ നേരത്തേ സിപിഎം അനുകൂല പ്രൊഫൈലുകള്‍ പ്രചരിപ്പിച്ച ചിത്രത്തിന്റെ ആധികാരികതയെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ സംശയങ്ങള്‍ ഉയരുന്നുണ്ട്.
മുന്‍പ് മതവിശ്വാസങ്ങളോട് മുഖം തിരിച്ചു നിന്നിരുന്നവര്‍ വോട്ടിനായി നിലപാട് മാറ്റുകയാണെന്ന് സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു. ചില പ്രമുഖ കമന്റുകള്‍ താഴെ പറയുന്നവയാണ്: 'കാറല്‍ മാക്‌സ് മുത്തപ്പാ ഇതൊക്കെ കാണുന്നുണ്ടോ?', 'നേമത്തിന് പുറത്തുള്ളവര്‍ കാണും, വേഗം മായ്ച്ചു കളയൂ', 'ഹോളി ആഘോഷിച്ചതാകുമോ?' ഇങ്ങിനെ പോകുന്നു പരിഹാസം.