-->
ഇന്ത്യക്കാരുടെ സ്വന്തം ബൈക്കായ ഹീറോ സ്പ്ലെന്‍ഡര്‍ വില്‍പ്പനയില്‍ വീണ്ടും മുന്നേറിയിരിയ്ക്കുകയാണ്. 2026 ഫെബ്രുവരിയില്‍ സ്പ്ലെന്‍ഡര്‍ സ്വന്തമാക്കിയത് സമാനതകളില്ലാത്ത വില്‍പ്പന കുതിപ്പാണ്. ലക്ഷക്കണക്കിന് യൂണിറ്റുകളാണ് കഴിഞ്ഞ മാസം വിറ്റുപോയത്. പുതിയ വില്‍പ്പന റിപ്പോര്‍ട്ട് പ്രകാരം, 2026 ഫെബ്രുവരിയില്‍ മാത്രം 3,21,952 സ്പ്ലെന്‍ഡര്‍ ബൈക്കുകളാണ് ഇന്ത്യയില്‍ വില്‍പ്പന നടത്തിയത്. അതായത്, കഴിഞ്ഞ മാസത്തെ കണക്ക് പ്രകാരം ഓരോ ദിവസവും ശരാശരി 10,700-ലധികം സ്പ്ലെന്‍ഡറുകള്‍ വീതമാണ് വിറ്റഴിച്ചത്.
കഴിഞ്ഞ ആറ് വര്‍ഷമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ഇരുചക്ര വാഹനമെന്ന പദവി സ്പ്ലെന്‍ഡര്‍ നിലനിര്‍ത്തുകയാണ്. മുന്‍ വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പനയില്‍ 54.96 ശതമാനത്തിന്റെ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2025 ഫെബ്രുവരിയില്‍ 2,07,763 യൂണിറ്റുകള്‍ മാത്രമായിരുന്നു സ്പ്ലെന്‍ഡറിന്റെ വില്‍പ്പന. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 1 ലക്ഷത്തിലധികം യൂണിറ്റുകള്‍ അധികം വില്‍ക്കാന്‍ കമ്പനിക്ക് സാധിച്ചു. സ്പ്ലെന്‍ഡര്‍ പ്ലസ്, സ്പ്ലെന്‍ഡര്‍ പ്ലസ് XTEC, സൂപ്പര്‍ സ്പ്ലെന്‍ഡര്‍ XTEC എന്നിങ്ങനെ മൂന്ന് വ്യത്യസ്ത മോഡലുകള്‍ വിപണിയിലുള്ളതാണ് ഈ കമ്മ്യൂട്ടര്‍ ബൈക്കിന്റെ വമ്പന്‍ വിജയത്തിന് കാരണം. ഇതില്‍ സ്പ്ലെന്‍ഡര്‍ പ്ലസ്, XTEC എന്നിവ 100 സിസി വിഭാഗത്തിലും സൂപ്പര്‍ സ്പ്ലെന്‍ഡര്‍ 125 സിസി വിഭാഗത്തിലുമാണ് ഉള്‍പ്പെടുന്നത്.
സാങ്കേതിക വശങ്ങള്‍ നോക്കുമ്പോള്‍, ഹീറോയുടെ സ്വന്തം i3S ടെക്നോളജിയാണ് സ്പ്ലെന്‍ഡര്‍ പ്ലസ് മോഡലുകളുടെ പ്രധാന ആകര്‍ഷണം. പെട്രോള്‍ ലാഭിക്കാന്‍ സഹായിക്കുന്ന ഈ സംവിധാനത്തോടൊപ്പം അലോയ് വീലുകളും വാഹനത്തിന് കരുത്തേകുന്നു. നിലവില്‍ 74,902 രൂപ മുതലാണ് സ്പ്ലെന്‍ഡര്‍ പ്ലസിന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. ഡിജിറ്റല്‍ കണ്‍സോള്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, എല്‍ഇഡി ഡിആര്‍എല്ലുകള്‍ (LED DRLs) എന്നിവ ഉള്‍ക്കൊള്ളിച്ച് കൂടുതല്‍ മോഡേണ്‍ ആയി വരുന്ന മോഡലാണ് സ്പ്ലെന്‍ഡര്‍ പ്ലസ് XTEC. 78,428 രൂപ മുതലാണ് ഈ മോഡലിന്റെ വില. സിറ്റി റൈഡുകള്‍ക്ക് സൗകര്യപ്രദമായ രീതിയിലാണ് ഇതിന്റെ രൂപകല്‍പ്പന. സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയടക്കമുള്ള മോഡേണ്‍ ഫീച്ചറുകള്‍ തേടുന്ന യുവാക്കളെയാണ് ഈ മോഡല്‍ ലക്ഷ്യം വെക്കുന്നത്.
125 സിസി എഞ്ചിനുമായി എത്തുന്ന സൂപ്പര്‍ സ്പ്ലെന്‍ഡര്‍ XTEC പതിപ്പില്‍ 5-സ്പീഡ് ഗിയര്‍ബോക്സും യുഎസ്ബി ചാര്‍ജിംഗ് സൗകര്യവും നല്‍കിയിട്ടുണ്ട്. 83,448 രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്. 100 സിസി മോഡലുകള്‍ക്ക് ലിറ്ററിന് 70 കിലോമീറ്ററിലധികവും കൂടുതല്‍ കരുത്തുള്ള സൂപ്പര്‍ സ്പ്ലെന്‍ഡറിന് 65 കിലോമീറ്ററുമാണ് മൈലേജ് പറയുന്നത്. OBD2B മാനദണ്ഡങ്ങള്‍ പാലിച്ച് പരിഷ്‌കരിച്ച എഞ്ചിനുകളാണ് സ്പ്ലെന്‍ഡര്‍ ശ്രേണിക്ക് കരുത്തേകുന്നത്.