-->
കൊച്ചി: സീറ്റ് വിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും അടക്കം വ്യക്തമായ തന്ത്രങ്ങളോടെയാണ് ബിജെപി ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിന് എത്തുന്നതെന്നും അതിന്റെ ഫലം വോട്ടെണ്ണലിന് ശേഷം അറിയാനാകുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സീറ്റ് വിഭജനത്തിന് പിന്നില്‍ കൃത്യമായ തന്ത്രങ്ങളുണ്ട്. കേരളത്തില്‍ എന്‍ഡിഎ ജയിക്കില്ലെന്ന ധാരണ മാറിയെന്നും തദ്ദേശ തിരഞ്ഞെടുപ്പിലും തിരുവനന്തപുരത്തും എന്‍ഡിഎയ്ക്ക് ലഭിച്ച ജനപിന്തുണ ഇതിന് മാറ്റം വന്നതിന്റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതില്‍ യാതൊരുവിധ ഒത്തുതീര്‍പ്പുകള്‍ക്കും തയ്യാറായിട്ടില്ലെന്നും ചിലയിടങ്ങളില്‍ അതൃപ്തികള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണെന്നും അത് 'ഡീല്‍' ആണെന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 19 സീറ്റുകളില്‍ ട്വന്റി ട്വന്റി മത്സരിക്കുന്നത് പരസ്പര ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ്. സിപിഎം-ബിജെപി ഡീല്‍ ആരോപണം മുസ്ലിം വോട്ടുകള്‍ ലക്ഷ്യമിട്ടുള്ള തന്ത്രമാണ്. മലപ്പുറത്ത് സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പോലും ലീഗിന്റെ അനുവാദം വേണ്ട ഗതികേടിലാണ് കോണ്‍ഗ്രസ് എന്നും പറഞ്ഞു.
കേരളത്തിന്റെ സമഗ്രമായ പുരോഗതിക്കായി ഒരു മാറ്റം അനിവാര്യമാണെന്നാണ് ബിജെപി മുന്നോട്ടുവെക്കുന്ന പ്രധാന വാദം. വികസന രാഷ്ട്രീയം എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഗുണകരമാകുമെന്നും, വികസിത കേരളം എന്ന ലക്ഷ്യത്തിനായി പാര്‍ട്ടി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന രാഷ്ട്രീയത്തില്‍ ഊന്നിയാകും കേരളത്തില്‍ എന്‍ഡിഎ ജനവിധി തേടുക.
കേരളത്തിലെ ഇടതു-വലതു മുന്നണികള്‍ ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. കഴിഞ്ഞ പത്തു വര്‍ഷത്തെ സിപിഎം ഭരണകാലത്ത്, ബജറ്റ് ചര്‍ച്ചകളില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് പുലര്‍ത്തിയ മൗനം ഇതിന് തെളിവാണ്. 'ഇന്ത്യ' മുന്നണിയുടെ ഭാഗമായതിനാലാണ് കോണ്‍ഗ്രസ് ഇത്തരത്തില്‍ വിട്ടുവീഴ്ചകള്‍ ചെയ്യുന്നതെന്നും പറഞ്ഞു.