-->
തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ഇന്ന് ഭൂരിഭാഗം ആളുകളും ഓണ്‍ലൈന്‍ ഫുഡ് സര്‍വ്വീസുകളെയാണ് ആശ്രയിക്കുന്നത്. ഇതിലൂടെ റസ്റ്റന്റുകളിലെ ഭക്ഷണം ഞൊടിയിടയില്‍ ഉപഭോക്താവിന്റെ പടിവാതില്‍ക്കല്‍ ഡെലിവറി ഏജന്റുമാര്‍ കൊണ്ടെത്തിക്കുന്നു. എന്നാല്‍ സാങ്കേതികവിദ്യ വളരുന്നതോടെ ഇത്തരം ഡെലിവറി തൊഴിലാളികളുടെ ജോലിക്ക് ഭീഷണിയാകുമോ എന്ന സംശയമാണ് ഉയരുന്നത്. അതിലേക്ക് വിരല്‍ ചൂണ്ടുന്നൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദുബായിലെ ഒരു ഇന്ത്യക്കാരനാണ് വീഡിയോ പങ്കുവെച്ചത്.
ഡെലിവറി തൊഴിലാളിക്ക് പകരം റെസ്റ്ററന്റില്‍ നിന്നുള്ള ഭക്ഷണം കൊണ്ടുവന്നത് ഒരു റോബോട്ടാണ്. റോബോട്ടിക് വാഹനം ഉരുണ്ടുവന്ന് ഉപഭോക്താവിന് സമീപം കൃത്യമായി ഭക്ഷണം എത്തിക്കുന്നതാണ് വീഡിയോയിലുള്ളത്. വീട്ടിലേക്കുള്ള വഴി ചോദിച്ച് ഡെലിവറി എക്‌സിക്യുട്ടീവിന്റെ വിളി വരാതിരുന്നതോടെ താന്‍ പുറത്തുപോയി നോക്കിയെന്ന് വീഡിയോ പോസ്റ്റ് ചെയ്ത ഹരീഷ് കുമാര്‍ പറയുന്നു.
പുറത്തുപോയി നോക്കിയപ്പോഴാണ് റോബോട്ട് വെഹിക്കിള്‍ കണ്ടത്. ലക്ഷ്യസ്ഥാനം സ്വയം കണ്ടെത്തി പരസഹായമില്ലാതെയാണ് റോബോട്ട് എത്തിയത്. തുടര്‍ന്ന് ഹരീഷ് ഫോണില്‍ ക്ലിക്ക് ചെയ്തതോടെ റോബോട്ടിക് വാഹനത്തിലെ പെട്ടി സ്വയം തുറന്നു. അതില്‍ നിന്ന് ഭക്ഷണമെടുത്ത ശേഷം വീണ്ടും ബട്ടണ്‍ ക്ലിക്ക് ചെയ്തതോടെ വാതില്‍ അടഞ്ഞു. ശരിയായ ഉപഭോക്താവിന്റെ പക്കല്‍ സുരക്ഷിതമായി ഭക്ഷണമെത്തുന്നുവെന്ന് ഉറപാക്കാനാണ് ഈ സംവിധാനം. രീഷ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം വൈറലായി. അന്‍പതിനായിരത്തോളം പേരാണ് വീഡിയോ കണ്ടത്. ഒട്ടേറെ പേര്‍ കമന്റും ചെയ്തിട്ടുണ്ട്. 'ഈ സംവിധാനം ഇന്ത്യയിലും വേണം' എന്നാണ് ഒരാള്‍ കുറിച്ചത്.