-->
ബംഗാളില്‍ ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിനെ വ്യത്യസ്‌തമാക്കുന്ന രണ്ടു ഘടകങ്ങള്‍, ഹുമയൂണ്‍ കബീര്‍-ഒവൈസി സഖ്യവും ബി.ജെ.പി. രംഗത്തിറക്കിയ സന്യാസി സമൂഹവുമാണ്. വോട്ടെടുപ്പില്‍ രണ്ടോ മൂന്നോ ശതമാനം അനുകൂല വ്യതിയാനം (സ്വിങ്) ഉണ്ടാക്കിയെടുത്താല്‍ മാത്രമേ ബി.ജെ.പിക്ക് ജയിക്കാന്‍ കഴിയൂ. അതിനായി അമിത് ഷാ തല പുകച്ചതിന്റെ ഫലമാണ് രണ്ടും.
തൃണമൂല്‍ എം.എല്‍.എ. ആയിരുന്ന ശേഷം ബി.ജെ.പിയില്‍ ഇടവേള ആസ്വദിച്ച ഹുമയൂണ്‍ കബീര്‍, മമത ബാനര്‍ജിയുടെ ശത്രുത വകവയ്‌ക്കാതെ സ്വന്തം നാടായ മുര്‍ഷിദാബാദില്‍ ബാബ്‌റി മസ്‌ജിദ് പണിതു വരികയാണ്. പുതിയ ജനതാ ഉന്നയന്‍ പാര്‍ട്ടിയുണ്ടാക്കി അയാള്‍ 182 സീറ്റില്‍ സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഒവൈസിയുടെ പാര്‍ട്ടിക്ക് എട്ടു സീറ്റ് നല്‍കി. ഒവൈസി പലയിടത്തും കറങ്ങുന്നത് ബി.ജെ.പിയെ സഹായിക്കാനാണെന്ന് ബിഹാറിലെ സീമാഞ്ചലില്‍ അദ്ദേഹം നേടിയ അഞ്ചു സീറ്റ് തെളിയിച്ചതാണ്. ബംഗാളിലെ മുസ്ലിംകള്‍ ഒന്നാകെ തൃണമൂലിനൊപ്പം നില്‍ക്കുമ്പോള്‍, മുസ്ലിം വോട്ട് ഇവര്‍ ഇരുവരും കൂടി ഭിന്നിപ്പിച്ചാല്‍ ബി.ജെ.പിക്ക് ആദ്യമായി ഭരണത്തില്‍ പച്ച തൊടാം. ഇതാണ്, ബി.ജെ.പിയുടെ മുസ്ലിം കാര്‍ഡ്.
ഇതല്ലാതെ ഒരു മുസ്ലിം പാര്‍ട്ടി കൂടിയുണ്ട് ഫര്‍ഫറ ദര്‍ഗ കേന്ദ്രമാക്കിയുള്ള ഇന്ത്യന്‍ സെക്യൂലര്‍ ഫ്രണ്ട് (ഐ.എസ്.എഫ്.). അവര്‍ സി.പി.എമ്മിനെ സഹായിക്കാന്‍ ശ്രമിക്കും.
ബി.ജെ.പി. ജയിക്കാന്‍
സര്‍വേകളെ സാധാരണ ഞാന്‍ ആശ്രയിക്കാറില്ലെങ്കിലും, ബി.ജെ.പി. ജയിക്കില്ല എന്ന് പ്രവചിക്കുന്ന മാട്രിസ് സര്‍വേ മുഖവിലയ്‌ക്ക് എടുക്കാം. അതില്‍ തൃണമൂലിന് പ്രവചിക്കുന്നത്, 155-170 സീറ്റ്. ബി.ജെ.പി 100-115 സീറ്റ്. ആകെ സീറ്റ് 294. ബി.ജെ.പിക്ക് 2021ല്‍ കിട്ടിയത് 77. തൃണമൂലിന് പ്രവചിക്കുന്ന വോട്ട് ശതമാനം 43-45%. ബി.ജെ.പിക്ക് 41-43%. ഇതരര്‍ക്ക് 13-15%.
ഇതാണ് ബി.ജെ.പി. ജയിക്കാന്‍ രണ്ടോ മൂന്നോ ശതമാനം വോട്ട് തൃണമൂലില്‍നിന്ന് മാറണം എന്ന കണക്കിന് ആധാരം. ഈ സര്‍വേ കഴിഞ്ഞാണ് ബി.ജെ.പി. സന്യാസിമാരെ ഇറക്കിയത്;മുസ്ലിം പാര്‍ട്ടി സഖ്യം ഉണ്ടായത്.
ബംഗാള്‍ ജനസംഖ്യയില്‍ 71% ഹിന്ദുക്കള്‍. ഇവരില്‍ 45% ബി.ജെ.പിക്കൊപ്പം നിന്നാല്‍ ചിത്രം മാറും. അതിനാല്‍, വിശ്വാസികളെ സ്വാധീനിക്കാന്‍ സന്യാസിമാരെ സ്‌ഥാനാര്‍ത്ഥികളായി ഇറക്കി. അവരില്‍ പ്രധാനിയാണ്, ഭാരത് സേവാശ്രമം മേധാവി ആയിരുന്ന ഉത്‌പല്‍ മഹാരാജ് എന്ന സ്വാമി ജ്യോതിര്‍മയാനന്ദ. ഉത്തര്‍ ദിനാജ്‌പുരിലെ കളിയാഗഞ്ചില്‍ മത്സരിക്കുന്നു. ആശ്രമത്തില്‍ താമസിച്ച് ചരിത്ര ബിരുദം നേടിയ സ്വാമിക്ക് 42 വയസ്. ഇനി ആശ്രമത്തിലിരുന്ന് ധ്യാനിച്ചാല്‍ ഹിന്ദുക്കള്‍ നന്നാവില്ലെന്ന് സ്വാമി കരുതുന്നു. രഥയാത്രയ്‌ക്കും ദുര്‍ഗാപൂജയ്‌ക്കും രാമനവമി ഘോഷയാത്രയ്‌ക്കും പോലീസ് അനുമതി വേണം. ഇത്തരം പ്രശ്‌നങ്ങള്‍ ആത്മീയ സംഘങ്ങള്‍ കൊണ്ട് പരിഹരിക്കാന്‍ ആവില്ല. അതിനാല്‍ രാഷ്‌ട്രീയത്തില്‍ ഇറങ്ങി.
ഉലുബേറിയയില്‍ സ്വാമി മംഗളാനന്ദപുരി, നബദ്വീപില്‍ ക്ഷേത്ര പൂജാരി ശ്രുതിശേഖര്‍ ഗോസ്വാമി, ബെഹളപുര്‍ബയില്‍ സുനില്‍ മഹാരാജ, ഹാന്‍സനില്‍ ബിര്‍ഭും താരാപീഠ ക്ഷേത്ര പൂജാരി നിഖില്‍ ബാനര്‍ജി എന്നിവര്‍ ഇറങ്ങി. തൃണമൂല്‍ 40,000 ഭൂരിപക്ഷം നേടുന്നിടങ്ങളിലാണ് ഈ പരീക്ഷണം.
കബീറും ഒവൈസിയും ബി.ജെ.പിയുടെ ബി, സി ടീമുകളാണെന്ന് മുസ്ലിം സംഘടനകള്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍, മുസ്ലിം സ്വാധീനമുള്ള മുര്‍ഷിദാബാദിലും മാള്‍ഡയിലും ശ്രദ്ധേയനാണ്, കബീര്‍. അദ്ദേഹം മുര്‍ഷിദാബാദില്‍ രണ്ടിടങ്ങളില്‍ മത്സരിക്കുന്നു;മമതയുടെ മണ്ഡലമായ ഭവാനിപൂരില്‍ ബംഗാളിയല്ലാത്ത മുസ്ലിമായ പൂനം ബീഗത്തെ നിര്‍ത്തി. മമതയ്‌ക്കെതിരേ മത്സരിക്കുന്ന ബി.ജെ.പിയുടെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്ക് ഇവര്‍ സഹായമായിരിക്കും. കഴിഞ്ഞ തവണ അധികാരി, മമതയെ നന്ദിഗ്രാമില്‍ തോല്‍പിച്ചിരുന്നു.
കോണ്‍ഗ്രസില്‍ തുടങ്ങി 2011ല്‍ മുര്‍ഷിദാബാദിലെ റെജിനഗറില്‍നിന്ന് എം.എല്‍.എ. ആയ കബീര്‍, ഒരു വര്‍ഷം കഴിഞ്ഞ് തൃണമൂലില്‍ എത്തി. 2015ല്‍ പുറത്താക്കി. 2016ല്‍ സ്വതന്ത്രനായി തോറ്റു. 2018ല്‍ ബി.ജെ.പിയില്‍. 2019ല്‍ മുര്‍ഷിദാബാദില്‍ തോറ്റു. 2021ല്‍ തൃണമൂലില്‍ മടങ്ങി ഭരത്‌പുരില്‍ ജയിച്ചു. ബാബ്‌റി മസ്‌ജിദ് പണിയാന്‍ തുടങ്ങിയപ്പോള്‍ മമത പുറത്താക്കി. ഇയാളുടെ ബാബ്‌റി മസ്‌ജിദിനെ ബി.ജെ.പി. തടയാത്തത് തന്നെ ദുരൂഹമാണ്.
അഞ്ചു ലക്ഷം മുസ്ലിംകള്‍ക്ക് മമത ഒ.ബി.സി. സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയതാണ് കബീറിന്റെ തുറുപ്പ് ശീട്ട്. മാള്‍ഡ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒവൈസിയുടെ പാര്‍ട്ടി 60,000വോട്ട് നേടിയതിനാല്‍, അത്രയും ഗുണം ബി.ജെ.പിക്ക് അയാളെ കൊണ്ടുണ്ട്.
ഐ.എസ്.എഫ്. മത്സരിക്കുന്നത് 33 സീറ്റില്‍. അതിന്റെ നേതാവ് നൗഷാദ് സിദ്ദിഖി നില്‍ക്കുന്ന ഭംഗയില്‍, കബീര്‍ ഹിന്ദു സ്‌ഥാനാര്‍ത്ഥിയെ നിര്‍ത്തി സീമ ഭട്ടാചാര്യ. തൃണമൂല്‍ സൈക്കത് മൊഹല്ലയെയും.
ബി.ജെ.പി. കോട്ട എന്ന് വിളിക്കാവുന്നത്, ഉത്തര ബംഗാളിനെയാണ്. ഡാര്‍ജിലിങ്, ജല്‍പായ്‌ഗുരി, കൂച് ബിഹാര്‍, മാള്‍ഡ, ഉത്തര്‍ ദിനാജ് പുര്‍, ദക്ഷിണ്‍ ദിനാജ് പുര്‍, എന്നിവ നിര്‍ണായകം. മുസ്ലിം സ്വാധീനമുള്ള മാള്‍ഡ, ഉത്തര്‍ ദിനാജ് പുര്‍ എന്നിവിടങ്ങളില്‍ തൃണമൂല്‍ മുന്‍പ് മുന്നിട്ട് നിന്നെങ്കിലും, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പിന്നാക്കം പോയി.
ദക്ഷിണ്‍ ദിനാജ് പുരില്‍ പട്ടികജാതിക്കാരായ രാജ്‌ബോങ് സമുദായം ബി.ജെ.പിക്കൊപ്പമാണ്. ബംഗാളിലെ 2.14 കോടി പട്ടികജാതിക്കാരില്‍ 18% ഇവരാണ്.
ഗോത്രമേഖലകളായ പുരുലിയ, ബാങ്കുര, പശ്‌ചിമ മേദിനി പുര്‍, ജാര്‍ഗ്രാം എന്നിവ ബി.ജെ.പിക്കൊപ്പം ആയിരുന്നെങ്കിലും, ജാര്‍ഗ്രാം കോട്ട തൃണമൂല്‍ ഭേദിച്ചിട്ടുണ്ട്. 50 ലക്ഷം കുര്‍മികള്‍ പട്ടികവര്‍ഗ പദവി കിട്ടാത്തതില്‍ നിരാശരാണ്. ആരു ഭരിക്കണമെന്ന് അവര്‍ക്ക് തീരുമാനിക്കാം. നാദിയ, നോര്‍ത്ത് 24 പര്‍ഗാനാസ് എന്നിവിടങ്ങളില്‍ മാതുവ സമുദായം ബി.ജെ.പിയുടെ വോട്ട് ബാങ്കാണ്. ബംഗ്ലാദേശികളായ ഇവര്‍ക്ക് പൗരത്വം കൊടുത്തത് ബി.ജെ.പി. എന്നാല്‍, ഈ സമുദായത്തില്‍ പെട്ട കേന്ദ്ര മന്ത്രി ശന്തനു താക്കൂറും സഹോദരന്‍ സുബ്രതയും തമ്മിലുള്ള പോര്‍ മമത മുതലെടുത്തേക്കാം.
ഈ അടിയൊഴുക്കുകള്‍ക്കിടയില്‍ നിര്‍ണായകമാണ്, ജനസംഖ്യയില്‍ 30-33% വരുന്ന മുസ്ലിംകള്‍. മുര്‍ഷിദാബാദ്, മാള്‍ഡ, ഉത്തര്‍ ദിനാജ് പുര്‍, സൗത്ത് 24 പര്‍ഗാനാസ്, നോര്‍ത്ത് 24 പര്‍ഗാനാസ്, പുര്‍ബ ബര്‍ദന്‍, ഹൗറ എന്നിവിടങ്ങളിലെ മുസ്ലിംകള്‍ 2021ല്‍ തൃണമൂലിനൊപ്പം നിന്നു. അവര്‍ ഇക്കുറിയും കൂടെ നില്‍ക്കാനാണ് മമത എസ്.ഐ.ആര്‍. കത്തിക്കുന്നത്. അവിടെയാണ് ഒവൈസി, കബീര്‍ എന്നിവരെ വച്ചു പണിയാന്‍ ബി.ജെ.പി. നോക്കുന്നത്.
മമത തങ്ങളെ രക്ഷിക്കില്ലെന്ന് മുസ്ലിംകള്‍ക്ക് ബോധ്യമുണ്ട്. സി.പി.എമ്മിനെപ്പോലെ മൃദുഹിന്ദുത്വയ്‌ക്ക് പിന്നാലെയാണ് മമതയും. മൂന്ന് ക്ഷേത്രങ്ങള്‍ പണിയുകയാണ് മമത: ദിഗയില്‍ ജഗന്നാഥന്‍, കൊല്‍ക്കത്തയില്‍ ദുര്‍ഗ, സിലിഗുരിയില്‍ മഹാകാല ക്ഷേത്രം. അതിനാല്‍, മുസ്ലിംകള്‍ സ്വന്തം പാര്‍ട്ടി ഉണ്ടാക്കി സ്വന്തം കാര്യം നോക്കണം. മോദിയുടെ ഇന്ത്യയില്‍ മുസ്ലിംകള്‍ സുരക്ഷിതരാണെന്ന് ഉസ്‌താദ് പറഞ്ഞിട്ടുണ്ട്.