Friday, March 27, 2026 Last Updated 7 Min 0 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Thursday 26 Mar 2026 11.44 PM

ശബരിമല കൊടിമര പ്രതിഷ്‌ഠയില്‍ ക്രമക്കേടില്ലെന്ന ഹൈക്കോടതി വിധിയില്‍ യു.ഡി.എഫിന്‌ ആശ്വാസം

Sabarimala

കൊച്ചി: ശബരിമല കൊടിമര പ്രതിഷ്‌ഠയില്‍ ക്രമക്കേടില്ലെന്ന ഹൈക്കോടതിയുടെ കണ്ടെത്തലും കേസ്‌ അവസാനിപ്പിച്ചതും ആശ്വാസം നല്‍കുന്നത്‌ യു.ഡി.എഫിന്‌. ശബരിമലയിലെ പുതിയ സ്വര്‍ണ്ണക്കൊടിമരത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങളിലു ഇടപാടുകളിലും യാതൊരുവിധ ക്രമക്കേടും നടന്നിട്ടില്ലെന്നാണു ഹൈക്കോടതി വിധി.
ഈ പദ്ധതി നടപ്പിലാക്കിയത്‌ മുന്‍ യു.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ നിയമിക്കപ്പെട്ട ദേവസ്വം ബോര്‍ഡ്‌ ആയതിനാലാണ്‌ ഈ വിധി അവര്‍ക്കു രാഷ്ര്‌ടീയമായി നിര്‍ണ്ണായകമാകുന്നത്‌.
കൊടിമര നിര്‍മ്മാണത്തിനായി ഉപയോഗിച്ച സ്വര്‍ണ്ണത്തിന്റെ അളവിലും പണമിടപാടുകളിലും ക്രമക്കേട്‌ നടന്നുവെന്ന തരത്തില്‍ വലിയ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ കോടതിയുടെ ഇന്നലത്തെ വിധി അതിനു നേതൃത്വം നല്‍കിയ അന്നത്തെ ദേവസ്വം ബോര്‍ഡിന്റെയും യു.ഡി.എഫ്‌ സര്‍ക്കാരിന്റെയും പ്രതിഛായ വീണ്ടെടുക്കാന്‍ സഹായിക്കും.ഏകദേശം 3.2 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച കൊടിമരത്തിന്റെ കണക്കുകള്‍ കൃത്യമാണെന്നും പണികഴിപ്പിച്ചതു സുതാര്യമായ രീതിയിലാണെന്നും കോടതി കണ്ടെത്തി. ഇതു ഭരണപക്ഷത്തിന്റെ വായടപ്പിക്കാന്‍ തെരഞ്ഞെടുപ്പു പ്രചരണത്തില്‍ യു.ഡി.എഫിനു ലഭിച്ച ആയുധമാണ്‌. ശബരിമല വിഷയത്തില്‍ ആചാരസംരക്ഷണത്തിനൊപ്പം തന്നെ ഭരണപരമായ കാര്യങ്ങളിലും തങ്ങള്‍ കൃത്യത പാലിച്ചിരുന്നുവെന്നു ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഈ വിധിയിലൂടെ യു.ഡി.എഫിനാകും.
സ്വര്‍ണ്ണത്തിന്റെ അളവിലും നിര്‍മ്മാണ രീതിയിലും പരാതിക്കാര്‍ ഉന്നയിച്ച കാര്യങ്ങളില്‍ അടിസ്‌ഥാനമില്ലെന്നാണു കോടതിയുടെ കണ്ടെത്തല്‍. അന്നത്തെ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്നും വീഴ്‌ചകള്‍ സംഭവിച്ചിട്ടില്ലെന്നും നിര്‍മ്മാണ മേല്‍നോട്ടം വഹിച്ചവര്‍ ഉത്തരവാദിത്തം കൃത്യമായി നിര്‍വഹിച്ചുവെന്നും കോടതി വിലയിരുത്തി. ശബരിമലയിലെ കൊടിമരം മെര്‍ക്കുറി ഒഴിച്ചു നശിപ്പിക്കാന്‍ ശ്രമിച്ച കേസ്‌ വേറെയും, നിര്‍മ്മാണത്തിലെ അഴിമതി ആരോപണങ്ങള്‍ വേറെയുമാണ്‌. രണ്ടുവിഷയങ്ങളിലും യു.ഡി.എഫ്‌. ഭരണകാലത്തെ തീരുമാനങ്ങളാണു കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടത്‌.അതേസമയം, ക്രമക്കേടില്ലെന്നു തെളിഞ്ഞതോടെ പൊളിഞ്ഞതു സി.പി.എം. നീക്കമാണെന്നു പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍ പ്രതികരിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW