-->
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചു കാണാന്‍ താനാഗ്രഹിക്കുന്ന രണ്ടു സ്‌ഥാനാര്‍ഥികള്‍ ആര്‍. ശ്രീലേഖയും(വട്ടിയൂര്‍ക്കാവ് ), ശോഭാ സുരേന്ദ്രനുമാണെന്ന് (പാലക്കാട്) പ്രമുഖ സാഹിത്യകാരന്‍ സി. രാധാകൃഷ്‌ണന്‍. നന്മയുടെയും നീതിയുടെയും പക്ഷത്ത് ഭയമില്ലാതെ നില്‍ക്കുന്ന ഇരുവരും തോല്‍ക്കാന്‍ ഇടയാകരുതെന്നും അദ്ദേഹം പറഞ്ഞു.
സി. രാധാകൃഷ്‌ണന്റെ പ്രസ്‌താവന ഇങ്ങനെ:
'ഞാന്‍ ആര്‍ക്കു വോട്ട് ചെയ്യണമെന്ന് എന്നോട് ആരെങ്കിലും പറയുന്നത് എനിക്കിഷ്‌ടമല്ല. അതുകൊണ്ട് അങ്ങനെ ഒരു കാര്യം ആരോടും ഞാന്‍ പറയാറുമില്ല, എന്റെ വീട്ടുകാരിയോട് പോലും. പക്ഷേ, ഞാന്‍ ആര്‍ക്കാണ് വോട്ട് ചെയ്യാന്‍ പോകുന്നത് എന്ന് എന്റെ വീട്ടുകാരിയോട് ഞാന്‍ സ്വമേധയാ പറയാറുണ്ട്. മറ്റു നിയോജക മണ്ഡലങ്ങളില്‍ മത്സരിക്കുന്നവരില്‍ ജയിച്ചു കാണണം എന്ന് ആഗ്രഹമുള്ളവരെക്കുറിച്ചും പറയാറുണ്ട്.
ഈ വരുന്ന തെരഞ്ഞെടുപ്പില്‍ അങ്ങനെ രണ്ടുപേര്‍ ഉണ്ട്: ഒരാള്‍ ശ്രീലേഖ ഐ.പി.എസ്. പതിറ്റാണ്ടുകളായി എനിക്ക് ഇവരെ അറിയാം. നിയമസഭയില്‍ ഇരിക്കാനും അതിലും വലിയ ഉത്തരവാദിത്വങ്ങള്‍ വഹിക്കാനും തനിക്ക് കഴിയുമെന്ന് അവര്‍ തെളിയിച്ചിട്ടുണ്ട്.നീതിയും നിസ്വാര്‍ത്ഥതയും പുലര്‍ത്തും എന്നു തീര്‍ച്ചയുമാണ്.
രണ്ടാമത്തെയാള്‍ ശോഭാ സുരേന്ദ്രന്‍. നന്മയുടെയും നീതിയുടെയും പക്ഷത്ത് ഭയമില്ലാതെ നില്‍ക്കാന്‍ തനിക്ക് കഴിയും എന്നു തെളിയിച്ചിട്ടുണ്ട് അവര്‍. ഇരുവര്‍ക്കും കുടുംബങ്ങളും പ്രാരബ്‌ധങ്ങളും ഉണ്ട്. എന്നിട്ടും അവര്‍, നല്ല മനസുള്ളവര്‍ക്ക് മുള്‍മെത്തയാവും ഈ പണി എന്ന് അറിഞ്ഞിട്ടും, തയാറായി വന്നിരിക്കുന്നു. ഇവര്‍ തോല്‍ക്കാന്‍ ഇടയാകരുത് എന്ന് ആശിക്കാന്‍ ആര്‍ക്കാണ് അവകാശമില്ലാത്തത്!'