-->
' ധുരന്ധര്‍' സിനിമയിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത സംവിധായകനാണ് ആദിത്യ ധര്‍. സംവിധായകന്‍ പ്രിയദര്‍ശന്റെ ശിഷ്യന്‍ കൂടിയാണ് ആദിത്യ ധര്‍. പ്രിയദര്‍ശന്റെ സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ശേഷമായിരുന്നു സ്വതന്ത്ര സംവിധായകനായി ആദിത്യ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.
ധുരന്ധറിന്റെ രണ്ടാം ഭാഗം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെ തന്റെ പ്രിയ ശിഷ്യനെ പ്രശംസിക്കുകയാണ് പ്രിയദര്‍ശന്‍. ആദിത്യയെ താനൊന്നും പഠിപ്പിച്ചിട്ടില്ലെന്ന് പറഞ്ഞ പ്രിയദര്‍ശന്‍, തനിക്കൊപ്പം നിന്ന് അവന്‍ സ്വയം പഠിക്കുകയായിരുന്നുവെന്നും പറഞ്ഞു. ഇന്ത്യ ടുഡേയോട് ആയിരുന്നു പ്രിയദര്‍ശന്റെ പ്രതികരണം.
'' ഞാന്‍ ആദിത്യയെ ഒന്നും പഠിപ്പിച്ചിട്ടില്ല, പക്ഷേ അവന്‍ സ്വയം കാര്യങ്ങളെല്ലാം പഠിച്ചു. അങ്ങനെ മാത്രമേ നമുക്ക് സിനിമകള്‍ ചെയ്യാന്‍ സാധിക്കുകയുളളൂ. ഞാന്‍ സ്‌കൂളിലൊന്നും പോയല്ല സിനിമ പഠിച്ചത്. ഞാന്‍ സിനിമകള്‍ കണ്ടും മാസ്റ്റേഴ്‌സില്‍ നിന്നും പഠിച്ചെടുത്തതുമാണ്. അതുപോലെയാണ് ആദിത്യ ചെയ്തതും. ഞാന്‍ അവനെ എന്തെങ്കിലും പഠിപ്പിച്ചോന്ന് എനിക്കറിയില്ല. പക്ഷേ എന്റെ കൂടെ നിന്നവന്‍ സ്വയം പഠിച്ചു. എന്നെക്കാളും നന്നായിട്ടാണ് അവന്‍ സിനിമകള്‍ ചെയ്തത്. അങ്ങനെയാണ് ധുരന്ധറും സംഭവിച്ചത്'', എന്നായിരുന്നു പ്രിയദര്‍ശന്റെ വാക്കുകള്‍.