-->
കുട്ടനാട്: നെല്ല് സംഭരണം ഊര്‍ജിതമാക്കാത്തതിലും മില്ലുകാര്‍ കൂടുതല്‍ കിഴിവ് ആവശ്യപ്പെടുന്നതിലും പ്രതിഷേധിച്ച് കുട്ടനാട് എം.എല്‍.എ തോമസ് കെ. തോമസ് ഉള്‍പ്പടെയുള്ള സ്‌ഥാനാര്‍ഥികളെ കര്‍ഷകര്‍ മണിക്കൂറുകളോളം തടഞ്ഞുവച്ചു. ഇന്നലെ ഉച്ചയോടെ മങ്കൊമ്പ് പാഡി മാര്‍ക്കറ്റിങ് ഓഫീസിലാണു തടഞ്ഞുവച്ചത്. പ്രശ്‌നപരിഹാരം കണ്ടിട്ടു പോയാല്‍ മതിയെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
കര്‍ഷകര്‍ പാഡി മാര്‍ക്കറ്റിങ് ഓഫീസ് ഉപരോധിക്കുന്നതായി അറിഞ്ഞ് സ്‌ഥലത്തെത്തിയതായിരുന്നു എം.എല്‍.എയും മറ്റു സ്‌ഥാനാര്‍ഥികളും. യു.ഡി.എഫ് സ്‌ഥാനാര്‍ഥി റജി ചെറിയാന്‍, എന്‍.ഡി.എ സ്‌ഥാനാര്‍ഥി സന്തോഷ് ശാന്തി, എസ്.യു.സി.ഐ സ്‌ഥാനാര്‍ഥി പി.കെ. ശശി എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. കര്‍ഷക പ്രതിനിധികളുമായും മാര്‍ക്കറ്റിങ് ഓഫീസറുമായും ഇവര്‍ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമുണ്ടാകാതെ വന്നതോടെ തടഞ്ഞുവയ്‌ക്കുകയായിരുന്നു.
മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് എം.എല്‍.എ വിവരങ്ങള്‍ ധരിപ്പിച്ചു. ഇതിന്റെ അടിസ്‌ഥാനത്തില്‍ ഉടന്‍തന്നെ മില്ലുകാരുടെയും കര്‍ഷക പ്രതിനിധികളുടെയും യോഗം ഓണ്‍ലൈനായി കൂടാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി എം.എല്‍.എ പറഞ്ഞു. എന്നാല്‍ ഇതൊക്കെ വെറും തട്ടിപ്പാണെന്നു പറഞ്ഞ് കര്‍ഷകര്‍ വഴങ്ങാന്‍ തയ്യാറായില്ല. ചര്‍ച്ച ഫലം കാണാതെ വന്നപ്പോള്‍ യു.ഡി.എഫ് പ്രവര്‍ത്തകരും കര്‍ഷകരും ചേര്‍ന്ന് ആലപ്പുഴ-ചങ്ങനാശേരി റോഡ് ഉപരോധിച്ചു. പുളിങ്കുന്ന് പോലീസ് ഇവരെ സ്‌ഥലത്തുനിന്ന് അറസ്‌റ്റ് ചെയ്‌ത് നീക്കിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണാത്തപക്ഷം സ്‌ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഉള്‍പ്പടെ തടഞ്ഞ് ശക്‌തമായ സമരത്തിനു തയാറാകുമെന്ന് കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കി. കുട്ടനാട്ടില്‍ കൊയ്‌ത്ത് വ്യാപകമായി നടക്കുകയാണ്. കൊയ്‌ത്തു കഴിഞ്ഞാല്‍ നെല്ലിനു ദിവസങ്ങളോളം കാവലിരിക്കേണ്ട ഗതികേടിലാണു കര്‍ഷകര്‍. ചുട്ടുപൊള്ളുന്ന വെയിലിലും മില്ലുകള്‍ നാലു കിലോയ്‌ക്കു മുകളിലാണ് മിക്കസ്‌ഥലത്തും കിഴിവ് ആവശ്യപ്പെടുന്നത്. മില്ലുകാരും മറ്റുള്ളവരും ചേര്‍ന്ന് കര്‍ഷകരുടെ കോടിക്കണക്കിനു രൂപയാണ് ഓരോ വര്‍ഷവും കൊള്ളയടിക്കുന്നത്. ഇത് അവസാനിപ്പിച്ചേ മതിയാകൂവെന്ന് നെല്‍ക്കര്‍ഷക സംരക്ഷണ സമിതി ആവശ്യപ്പെട്ടു.