-->
തൃശൂര്‍ അടിസ്‌ഥാനപരമായി യു.ഡി.എഫ്. മണ്ഡലമാണ്. പഴയ തൃശൂര്‍ മുനിസിപ്പാലിറ്റിയായിരുന്ന ഭാഗമാണ് ഇപ്പോഴത്തെ മണ്ഡലം. അവിടുത്തെ സവിശേഷത എന്താണെന്നു വച്ചാല്‍ കച്ചവടക്കാരും അവരെ ആശ്രയിച്ചു ജീവിക്കുന്നവരായ അധ്വാന വര്‍ഗങ്ങളും ചുമട്ടു തൊഴിലാളികളുമൊക്കെയാണ്. പിന്നെയുള്ളത് ബുദ്ധിജീവികളും സാംസ്‌കാരിക നായകന്‍മാരും. സാംസ്‌കാരിക തലസ്‌ഥാനമെന്നൊക്കെ പറയുമെങ്കിലും തൃശൂര്‍ ശരിക്കും വാണിജ്യനഗരമാണ്.
കച്ചവടക്കാരില്‍ നെല്ലാരു പങ്കും സമ്പന്നരായ ൈക്രസ്‌തവരും. സ്വര്‍ണാഭരണശാലകള്‍, ജൗളിക്കടകള്‍, ചിട്ടികമ്പനികള്‍, ബേ്ലഡ് കമ്പനികള്‍. ഇതെല്ലാം ചേരുന്ന സമ്പദ്‌വ്യവസ്‌ഥയാണിവിടെ.
പിന്നെയുള്ളത് സിറിയന്‍ കത്തോലിക്കരുടെ ലൂര്‍ദ് പള്ളി, പുത്തന്‍പള്ളി, കല്‍ദായ സുറിയാനിക്കാരുടെ മാര്‍തോമന്‍ പള്ളി എന്നിങ്ങനെ മൂന്ന് പ്രധാന ആരാധാനാലയങ്ങള്‍. തുല്യനിലയില്‍ സമ്പന്നരും പ്രബലരുമാണ് ഇവിടെ നായര്‍ സമുദായം. സവര്‍ണ ക്രിസ്‌ത്യാനികളുടെയും (സുറിയാനി കത്തോലിക്കരും സുറിയാനി കല്‍ദായക്കാരും) സവര്‍ണ ഹിന്ദു വിഭാഗത്തിന്റെയും മേധാവിത്തമാണ് മണ്ഡലത്തിലുള്ളത്. ഇവരെല്ലാം ജനിച്ചപ്പോള്‍ മുതല്‍ കോണ്‍ഗ്രസാണ്. ചിഹ്‌നം കാളയായിരുന്നുപ്പോള്‍ കാളയിലും പശുവായിരുന്നപ്പോള്‍ പശുവിലും വോട്ടുകുത്തി ജയിപ്പിച്ചിരുന്നവര്‍. ഒടുവില്‍ കൈപ്പത്തിക്കും കുത്തുന്നു. സവര്‍ണ വിഭാഗത്തിന്റെ മൂന്നു പ്രധാനപ്പെട്ട ക്ഷേത്രങ്ങളായ വടക്കുംനാഥന്‍, പാറമേക്കാവ്, തിരുവമ്പാടി എന്നിവയ്‌ക്കൊപ്പം മൂന്നു ക്രിസ്‌ത്യന്‍ പള്ളികളും ചേരുന്നയിടം. പൂരത്തിന്റെ പൊലിമ തൃശൂരിലെ എല്ലാ കാര്യങ്ങളിലുമുണ്ട്. അത് ബേ്ലഡ് കമ്പനിയിലും ചിട്ടിക്കമ്പനിയിലും കാണാം. ഡി.സി.സി. ഓഫീസിനുമുണ്ടതുപോലെ ഗാംഭീര്യം. കെ. കരുണാകരന്‍ സപ്‌തതി മന്ദിരമെന്നാണ് അതറിയപ്പെടുന്നത്. രൂപ-അണപ്പൈസയിലാണ് കോണ്‍ഗ്രസുകാരുടെ ശ്രദ്ധ. കാശാണ് ദൈവം. കാശില്ലേല്‍ രക്ഷയില്ല!
1977ല്‍ ജനതാ പാര്‍ട്ടിയിലെ പഴയ സംഘടനാ കോണ്‍ഗ്രസുകാരന്‍ കെ.ജെ. ജോര്‍ജ് ആണ് ജയിച്ചത്. 1987ലെ ഇടതു തരംഗത്തില്‍ ഇ.കെ. മേനോന്‍ ജയിച്ചതൊഴിച്ചാല്‍ ഇവിടെ ഇടതിന് കാര്യമായ ഇടം കിട്ടിയില്ല. കോണ്‍ഗ്രസിലെ തേറമ്പില്‍ രാമകൃഷ്‌ണനാണ് വളരെക്കാലം ഇവിടെ എം.എല്‍.എ. ആയിരുന്നത്. വലിയ പ്രതാപിയും നായര്‍ തറവാട്ടിലെ ജന്മിയും; അതേ സമയം എളിമയും വിനയും കാത്തുസൂക്ഷിച്ചിരുന്ന വ്യക്‌തിയുമായിരുന്നു തേറമ്പില്‍. കാഴ്‌ചയില്‍ സൗമ്യന്‍, പതിഞ്ഞ ശബ്‌ദത്തില്‍ സംസാരം, എന്നാല്‍, ഗാംഭീര്യമുള്ളയാളുമായിരുന്ന അദ്ദേഹത്തെ നായന്‍മാര്‍ക്കും ക്രിസ്‌ത്യാനികള്‍ക്കും വളരെ ഇഷ്‌ടമായിരുന്നു.
തേറമ്പിലിനെതിരേ പല സ്‌ഥാനാര്‍ഥികളെയും മാറിമാറി പരീക്ഷിച്ചിട്ടും രക്ഷപ്പെട്ടില്ല. കെ. കരുണാകരന്‍ തോറ്റ തെരഞ്ഞെടുപ്പില്‍ പോലും തേറമ്പില്‍ വിജയിച്ചു. വി.എസ്. തരംഗത്തില്‍പ്പോലും തേറമ്പില്‍ തോറ്റില്ല എന്നോര്‍ക്കണം. പിന്നീട് അനാരോഗ്യമാണെന്ന് പ്രചരിപ്പിച്ച് അദ്ദേഹത്തെ കോണ്‍ഗ്രസുകാര്‍ അരങ്ങൊഴിപ്പിച്ചു. പിന്നീട് വന്ന 2016-ലെ തെരഞ്ഞെടുപ്പില്‍ സി.പി.ഐ. സ്‌ഥാനാര്‍ഥി വി.എസ്. സുനില്‍കുമാര്‍ ജയിച്ചു. തേറമ്പിലിനോട് തോറ്റു തുന്നംപാടിയ സി.പി.എം. ഒരിക്കലും കിട്ടില്ലെന്നു വിചാരിച്ച സീറ്റ് നിവൃത്തികേടുകൊണ്ടാണ് സി.പി.ഐക്കു നല്‍കിയത്. സുനില്‍കുമാറാകട്ടെ വലിയ കളിക്കാരനാണ്. സുനിലിന്റെ അന്നത്തെ പോസ്‌റ്ററുകളും പ്രസിദ്ധമാണ്. വി.എസ്. സുനില്‍കുമാറും വി.എസ്. അച്യൂതാനന്ദനുമായിരുന്നു പോസ്‌റ്ററില്‍ നിറഞ്ഞുനിന്നത്. എല്ലാ ഫ്‌ളക്‌സിലും വി.എസ്. മയം. വി.എസിന്റെ അനിയനോ അതോ പെങ്ങളുടെ മകനോ എന്നൊക്കെ ജനം തെറ്റിദ്ധരിച്ചു പോകും. അന്നു കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥിയായി പത്‌മജ വന്നു. പത്‌മജ നല്ല പണം മുടക്കിയെങ്കിലും കോണ്‍ഗ്രസുകാര്‍ കാശ് വാങ്ങി പോക്കറ്റിലിട്ടു. തെരഞ്ഞെടുപ്പില്‍ തേറമ്പിലും സി.എന്‍. ബാലകൃഷ്‌ണനും സഹായിച്ചില്ല എന്നു പത്‌മജ തന്നെ പറഞ്ഞിട്ടുണ്ട്. ഡി.സി.സി. ഭാരവാഹികളും കാശുവാങ്ങി കൈകഴുകി.
വി.എസ്. സുനില്‍ കുമാറിന് ഒരു ഗുണമുണ്ട്. ആരേയും പരിചയപ്പെടുത്തേണ്ടതില്ല എന്നതാണ് കാര്യം. സുനിലെന്നുപോലും തൃശൂര്‍കാര്‍ വിളിക്കില്ല, പകരം 'മ്മടെ സുനി' എന്നേ പറയൂ.
മുമ്പ് കരുണാകരനെയും മുരളീധരനെയും തോല്‍പിച്ച പാരമ്പര്യമുള്ള മണ്ണാണ് തൃശൂര്‍. അവിടെ പത്‌മജയും തോറ്റതോടെ ഹാട്രിക്കടിച്ചു. 2021ല്‍ വീണ്ടും പത്‌മജ മത്സരിക്കാനെത്തി. കഴിഞ്ഞ തവണത്തേതിലും കൂടുതല്‍ കാശിറക്കി. അതുകൊണ്ട് അവര്‍ ജയിക്കുമെന്ന് എല്ലാവരും വിചാരിച്ചു. പക്ഷേ, അതിനിടയ്‌ക്ക് ഒരു അപകടം പറ്റി. സുരേഷ് ഗോപി ബി.ജെ.പി. സ്‌ഥാനാര്‍ഥിയായി അവതരിച്ചതാണത്. സി.പിഐ. സ്‌ഥാനാര്‍ഥിയായി പി. ബാലചന്ദ്രനും. പ്രവര്‍ത്തകരും സി.പി.ഐ. നേതാക്കളും ബാലചന്ദ്രന്‍ ജയിക്കുമെന്ന് കരുതിയില്ല. വോട്ടെടുപ്പു കഴിഞ്ഞപ്പോള്‍ പത്‌മജ ജയിക്കുമെന്നായിരുന്നു ഇടതുപക്ഷ വിലയിരുത്തല്‍. പത്‌മജ ജയിക്കുമെന്ന് പറയുമ്പോഴും അവരുടെ ഉള്ളിലെ ആശങ്ക സുരേഷ് ഗോപി ജയിക്കുമോ എന്നതായിരുന്നു. വോട്ടെണ്ണലിന്റെ ഒരുവേള സുരേഷ് ഗോപി ജയിക്കുമെന്ന് പോലും തോന്നിപ്പിക്കുന്ന മട്ടില്‍ 6000 മുതല്‍ 7000 വരെ വോട്ടിനു ലീഡ് ചെയ്യുകയുമുണ്ടായി. ഒടുവില്‍ നിസാരവ്യത്യാസത്തില്‍ ബാലചന്ദ്രന്‍ ജയിച്ചു. അതിനിടെ സുരേഷ് ഗോപി ലോക്‌സഭയിലേക്ക് ജയിക്കുകയുണ്ടായി. പ്രബലമായ ക്രിസ്‌ത്യന്‍ വോട്ടുകള്‍ കൈപ്പത്തിക്കു മാത്രമല്ല താമരയ്‌ക്കും ചെയ്യാമെന്ന് തെളിഞ്ഞു. താരപ്പകിട്ടില്‍ സ്‌ത്രീവോട്ടും സുരേഷ് ഗോപിക്കു കിട്ടി. 'ലാര്‍ജര്‍ ദാന്‍ ദ് ലൈഫ്' എന്ന ഉള്ളതിനേക്കാള്‍ വലിയ ഇമേജ് സുരേഷിനുണ്ടായിരുന്നു. ആ സാഹചര്യം ഇക്കുറി പത്‌മജയ്‌ക്കു കിട്ടുമെന്നു പറയാനാകില്ല.
ഇക്കുറി കൈപ്പത്തിയിലല്ല, താമരയിലാണ് പത്‌മജ മത്സരിക്കുന്നത്. ഇടതു സ്‌ഥാനാര്‍ഥി സി.പി.ഐയില്‍നിന്നുള്ള ആലങ്കോട് ലീലാകൃഷ്‌ണനാണ്. കവിയും ചിന്തകനും പ്രാസംഗികനുമായി അറിയപ്പെടുന്നയാളാണ്. സാംസ്‌കാരിക തലസ്‌ഥാനമാണെങ്കിലും സാംസ്‌കാരികമായി വോട്ടുചെയ്യുന്നവരും സാമ്പത്തികമായി വോട്ടുചെയ്യുന്നവരും എത്രയുണ്ടെന്ന് കണ്ടറിയണം. രൂപ അണാപ്പൈസയിലാണ് കാര്യം. ഇടതുപക്ഷത്തിന്റെ പരമ്പരാഗത വോട്ടും ബുദ്ധിജീവികളുടെയും, ചിന്തകരുടെയും പൊതുതാല്‍പര്യവ്യവഹാരികളുടെയും വോട്ട് ആലങ്കോട് ലീലാകൃഷ്‌ണന് കിട്ടും. ത്രികോണമത്സരത്തില്‍ ഒരു പക്ഷേ, ബാലചന്ദ്രന്‍ ജയിച്ചപോലെ ആലങ്കോടിനും ചെലപ്പോള്‍ തിണ്ണപ്പാസ് കിട്ടിയേക്കും. പക്ഷേ, മറ്റു രണ്ടു സ്‌ഥാനാര്‍ഥികളുടെയും കൈയിലാണ് ആലങ്കോടിന്റെ വിജയമിരിക്കുന്നത്.
പത്‌മജയെ സംബന്ധിച്ചിടത്തോളം ബി.ജെ.പിയുടെ വോട്ടും സവര്‍ണ ഹിന്ദുക്കളുടെയും വോട്ടും കിട്ടും. എന്നാല്‍, മുഴുവന്‍ ബി.ജെ.പിയുടെ വോട്ടും പത്‌മജയ്‌ക്ക് കിട്ടുമോയെന്നതിലും സംശയമുണ്ട്. കാരണം കരുണാകരനോടും കുടുംബത്തോടും തൃശൂര്‍കാര്‍ക്ക് അത്ര മതിപ്പില്ല. എവിടെയോ ഒരു സ്‌പെല്ലിങ് മിസ്‌റ്റേക്ക് ഉണ്ട്. കരുണാകരന്‍ 1957-ല്‍ തോറ്റു. 1996-ല്‍ കരുണാകരന്‍ പാര്‍ലമെന്റിലേക്ക് മത്സരിച്ചപ്പോള്‍ തൃശൂരില്‍ വോട്ടു കുറവായിരുന്നു. അസംബ്ലിയിലേക്ക് തേറമ്പിലിന് 10000 ഭൂരിപക്ഷം കിട്ടിയസ്‌ഥാനത്ത് തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍നിന്ന് 1000 വോട്ടിന്റെ ലീഡുപോലും കരുണാകരന് കിട്ടിയില്ല. 1998-ല്‍ മുരളീധരന്‍ മത്സരിച്ചപ്പോഴും തോറ്റു. കഴിഞ്ഞ തവണ പാര്‍ലമെന്റില്‍ മുരളീധരന്‍ വീണ്ടും തൃശൂരില്‍ തോറ്റു. പത്‌മജ രണ്ടുതവണ തോറ്റു. കെ. ഫാമിലി തൃശൂരില്‍ പരാജയങ്ങളുടെ തുടര്‍ക്കഥ രചിച്ചു. നിലവില്‍ സവര്‍ണ ഹിന്ദുക്കള്‍ മുഴുവന്‍ ബി.ജെ.പിയായി.
മറുഭാഗത്ത് രാജന്‍ പല്ലന്‍ ആണ് കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥി. സംസ്‌ഥാന തലത്തിലോ ജില്ലാ തലത്തിലോ അറിയപ്പെടുന്ന നേതാവല്ല പല്ലന്‍. പക്ഷേ, ആള്‍ സമ്പന്നനാണ്. അതാണ് ഡി.സി.സി. യോഗം ചേര്‍ന്ന് ചന്ദ്രമോഹനനെ വെട്ടിയത്. വേറെ ഒരുപാട് യോഗ്യന്‍മാരുള്ളപ്പോഴായിരുന്നു പല്ലന്‍ വന്നത്. തെരഞ്ഞെടുപ്പ് ജയിക്കാന്‍ കാശുള്ള സ്‌ഥാനാര്‍ഥിയെ വേണമായിരുന്നു. അതിലുപരി അതിരൂപതയുടെ കൈവയ്‌പുള്ള സ്‌ഥാനാര്‍ഥിയുമാകണം. ആര്‍ച്ച് ബിഷപ് ആദ്യമേ ഒരു കുറിമാനം കോണ്‍ഗ്രസിനു കൊടുത്തുവിട്ടു. തൃശൂര്‍, ഒല്ലൂര്‍, മണലൂര്‍ മണ്ഡലങ്ങളില്‍ 'വെന്തിങ്ങ'ക്കാര്‍ക്ക് സീറ്റു നല്‍കണം. പക്ഷേ, മണലൂര്‍ പ്രതാപന്‍ കൊണ്ടുപോയി. ഒല്ലൂരും തൃശൂരും കൈപ്പത്തിക്ക് കിട്ടി. ഒല്ലൂര്‍ സ്‌ഥാനാര്‍ഥിയുടെ ജയം സംശയാസ്‌പദമാണ്. അതുകൊണ്ടു വെന്തിങ്ങയുടെ ബലത്തില്‍, കാശിന്റെ ബലത്തില്‍, ആര്‍ച്ച് ബിഷപ്പിന്റെ കൈവയ്‌പ്പോടും പല്ലന്‍ ജയിക്കുമെന്നാണ് പൊതുവേയുള്ള ജന സംസാരം.
പക്ഷേ ത്രികോണമായതുകൊണ്ട് അങ്ങനെ ഉറപ്പൊന്നുമില്ല. നേരിട്ടുള്ള പോരാട്ടമായിരുന്നെങ്കില്‍ പല്ലന്‍ ജയിച്ചേനെ. ത്രികോണമത്സരമായതുകൊണ്ട് ജയിക്കാന്‍ വേണ്ട വോട്ട് താരതമ്യേന കുറവുമതി. അതുകൊണ്ട് പ്രവചനാതീതമായ ത്രികോണ മത്സരമാണ് തൃശൂരില്‍.