-->
മലയാള സിനിമയിൽ പുതുഭാവുകത്വത്തിന്റെ ഒറ്റയാള്‍പ്പാത വെട്ടിയെടുത്ത് സഞ്ചരിച്ച താരമാണ് ബാലചന്ദ്രമേനോന്‍. നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ്, സംഗീതസംവിധായകൻ, ഗായകൻ, ഗാനരചയിതാവ്, എഡിറ്റർ, വിതരണക്കാരൻ, എഴുത്തുകാരൻ തുടങ്ങി സിനിമയുടെ സമസ്തമേഖലകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ബാലചന്ദ്രമേനോനെ ഇഷ്ടപ്പെടാത്ത മലയാളികള്‍ ചുരുക്കമാണ്. ഒരു കാലത്ത് മലയാളസിനിമയുടെ അമരത്തുണ്ടായിരുന്ന കലാകാരനാണ് ബാലചന്ദ്രമേനോന്‍.
ഇപ്പോഴിതാ ഇന്നിതുവരെ അർഹിക്കുന്ന പരിഗണനയോ ആദരവോ കിട്ടാത്ത ഒരു സന്ദർഭത്തിൽ ചെന്ന് പെട്ടിട്ടില്ലെന്ന് പറയുകയാണ് ബാലചന്ദ്രമേനോന്‍. തനിക്കിരിക്കാന്‍ നല്ല ഒരു കസേര ഇല്ലെങ്കില്‍ അതിനു വേണ്ടി ബഹളമുണ്ടാക്കാറില്ലെന്നും അതിനുള്ള അവസരം കൊടുക്കില്ലെന്നും താരം പറയുന്നു. ‘‘ഞാൻ സിനിമയിൽ വന്നിട്ടിപ്പോൾ 50 വർഷം കഴിഞ്ഞു. നിങ്ങൾ തന്നെ സൂചിപ്പിച്ചല്ലോ. ഇന്നിതുവരെ എനിക്ക് ഞാൻ അർഹിക്കുന്ന പരിഗണനയോ ആദരവോ കിട്ടാത്ത ഒരു സന്ദർഭത്തിൽ പെട്ടിട്ടില്ല. ഒന്ന് എന്താന്ന് വെച്ചാൽ ഞാൻ അതിനുള്ള അവസരം കൊടുക്കില്ല. എനിക്കിരിക്കാൻ നല്ല കസേര ഇല്ല എന്ന് ഉറപ്പുണ്ടെങ്കിൽ അവിടെ കസേരയ്ക്ക് വേണ്ടി ഞാൻ ബഹളം ഉണ്ടാക്കില്ല. അർത്ഥമില്ല അതിന്. ന്യൂയിസൻസ് വാല്യൂ ഉണ്ടാക്കാൻ വേറെ ഒരുപാട് സമയമുണ്ട്, അതിന് വേറെ ചെയ്തോളൂ.
പിന്നെ ധനപരമായ കാര്യത്തിൽ സിനിമയിൽ ഞാൻ പ്രൊഡ്യൂസറാണ് ഡിസ്ട്രിബ്യൂട്ടറാണ്. ഇന്നിതുവരെ ഞാൻ കൊടുത്തിട്ടുള്ള ഒരു ചെക്ക് ഓഫീഷ്യൽ ചെക്ക് ബൗൺസായിട്ടില്ല. ഞാൻ വാങ്ങിയ ചെക്കുകൾ സിനിമയിൽ നിന്ന് ഒരു ചെക്കൊഴിച്ച് ബാക്കിയൊന്നും ബൗൺസായിട്ടില്ല. ആ മടങ്ങിയ ചെക്ക് എന്റെ ഒരു കുടുംബ സുഹൃത്തായതുകൊണ്ട് ആ കുടുംബത്തെ വേദനിപ്പിക്കാതിരിക്കാൻ വേണ്ടി മാത്രം ഞാൻ മറന്നു. ബാക്കിയെല്ലാം ഞാൻ കണക്ക് പറഞ്ഞു വാങ്ങിക്കുന്ന ഒരാളാണ്. അങ്ങനെ കണക്ക് പറഞ്ഞു വാങ്ങിക്കുന്ന ഒരാളായതുകൊണ്ടാണ് കുറുപ്പിന്റെ കണക്കു പുസ്തകം ഉണ്ടായത്. ഒന്നുമില്ലാത്തതൊന്നുമല്ല....’’ എന്നാണ് ബാലചന്ദ്രമേനോന്‍ പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബാലചന്ദ്രമേനോന്‍ മനസ്സു തുറന്നത്. സിനിമാജീവിതത്തിൽ അൻപതുവർഷം പൂർത്തിയാക്കുന്ന ബാലചന്ദ്രമേനോൻ, ഇപ്പോള്‍ ബി. ഉണ്ണികൃഷ്ണന്റെ ചിത്രത്തിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വേഷത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.