Sunday, March 29, 2026 Last Updated 54 Min 0 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Thursday 26 Mar 2026 11.44 PM

സി.പി.എമ്മിനെതിരായ ഡീല്‍ ആരോപണം ഇന്ത്യസഖ്യ നയത്തിന്‌ എതിരെന്ന്‌ എം.എ. ബേബി

CPM

പത്തനംതിട്ട: ഉന്നതരായ കോണ്‍ഗ്രസ്‌ നേതാക്കള്‍ കേരളത്തിലെത്തി സി.പി.എമ്മിനെതിരേ ഡീല്‍ ആരോപണം ഉന്നയിക്കുന്നതു പച്ചക്കള്ളമെന്നു സി.പി.എം. അഖിലേന്ത്യ ജനറല്‍ സെക്രട്ടറി എം.എ. ബേബി. പത്തനംതിട്ട പ്രസ്‌ ക്ലബിന്റെ ജനമനസ്‌ സംവാദം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി - സി.പി.എം. ഡീല്‍ എന്ന പേരില്‍ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപണം ഉന്നയിച്ചത്‌ ഇന്ത്യാ സഖ്യത്തിന്റെ പൊതുകാഴ്‌ചപ്പാടിനെതിരാണ്‌. രാജ്യത്ത്‌ ഇന്ത്യ ബ്ലോക്ക്‌ ശക്‌തിപ്പെടണമെന്നാണ്‌ സി.പി.എം. ആഗ്രഹിക്കുന്നത്‌. നനഞ്ഞ പടക്കമാണു രാഹുല്‍ ഗാന്ധി വീണ്ടും പൊട്ടിക്കുന്നത്‌. ഇന്ത്യ സഖ്യത്തില്‍ പെട്ട ഒരു മുഖ്യമന്ത്രിയെയാണു വ്യാജ ആരോപണത്തിന്റെ പേരില്‍ അറസ്‌റ്റ്‌ ചെയ്യണമെന്ന്‌ നിരന്തരം ആവശ്യപ്പെടുന്നത്‌. ത്രിപുര, അരുണാചല്‍ പ്രദേശ്‌ തുടങ്ങിയ സംസ്‌ഥാനങ്ങളില്‍ ബി.ജെ.പിക്കു വളരാന്‍ സാഹചര്യമൊരുക്കിയത്‌ കോണ്‍ഗ്രസാണെന്നു കാണാം. ഡല്‍ഹിയില്‍ ആപ്പിനു ഭരണം നഷ്‌ടമാകുന്നതിലും കോണ്‍ഗ്രസ്‌ സമീപനം കാരണമായിട്ടുണ്ട്‌. കേരളത്തിലെ സമീപകാല ചരിത്രത്തിലും ബിജെപി, കോണ്‍ഗ്രസ്‌ ബന്ധം എടുത്തുകാട്ടാന്‍ ധാരാളമുണ്ട്‌. 2016ല്‍ നേമത്ത്‌ ബി.ജെ.പിക്ക്‌ അക്കൗണ്ട്‌ തുറക്കാന്‍ സഹായം ചെയ്‌തത്‌ കോണ്‍ഗ്രസുകാരാണ്‌. 2021ല്‍ സി.പി.എം. ഇതു പൂട്ടിച്ചു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊല്ലം, തിരുവനന്തപുരം കോര്‍പറേഷനുകളില്‍ സി.പി.എമ്മിനെ അധികാരത്തില്‍ നിന്നകറ്റാന്‍ ബി.ജെ.പിയും കോണ്‍ഗ്രസും പരസ്‌പരം സഹായിച്ചു-ബേബി പറഞ്ഞു.
മുഖ്യമന്ത്രി കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ചില പദപ്രയോഗങ്ങള്‍ സംബന്ധിച്ച ചോദ്യത്തിന്‌ ഓരോരുത്തര്‍ക്കും അവരുടേതായ ശൈലിയുണ്ടെന്നായിരുന്നു ബേബിയുടെ മറുപടി. പൊതുയോഗത്തില്‍ ചോദ്യംചോദിക്കാന്‍ ശ്രമിച്ചയാള്‍തന്നെ സാഹചര്യം വ്യക്‌തമാക്കിയിട്ടുണ്ട്‌. കേരളത്തില്‍ പിണറായി വിജയനെ ടാര്‍ഗറ്റ്‌ ചെയ്‌തുകൊണ്ടുള്ള ചില നീക്കങ്ങളുണ്ട്‌. പ്രളയകാലത്തും കോവിഡിലും കേരളത്തെ സംരക്ഷിച്ചുനിര്‍ത്തിയ മുഖ്യമന്ത്രിയാണ്‌ അദ്ദേഹമെന്നും ബേബി പറഞ്ഞു.

വി. ശിവന്‍കുട്ടി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന്‌ ബി.ജെ.പി. പരാതി

തിരുവനന്തപുരം: നേമത്തെ എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന്‌ ആരോപിച്ചു ബി.ജെ.പി. പരാതി നല്‍കി.
മന്ത്രി പദവി ദുരുപയോഗം ചെയ്‌ത്‌ വോട്ട്‌ അഭ്യര്‍ത്ഥിച്ചെന്നാണ്‌ പ്രധാന ആക്ഷേപം. സംസ്‌ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നം പതിപ്പിച്ച മന്ത്രിയുടെ ലെറ്റര്‍പാഡില്‍ ജനങ്ങളുടെ പിന്തുണ തേടി വീടുകളില്‍ കത്തുകള്‍ വിതരണം ചെയ്‌തതാണ്‌ വിവാദത്തിന്‌
വഴിവച്ചത്‌. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഔദ്യോഗിക സംവിധാനങ്ങള്‍ പ്രചാരണത്തിന്‌ ഉപയോഗിക്കുന്നതു ചട്ടലംഘനമാണെന്നു ബി.ജെ.പി. ചൂണ്ടിക്കാട്ടി. ബി.ജെ.പി. നേമം മണ്‌ഡലം ലീഗല്‍ ഇന്‍ ചാര്‍ജാണ്‌ മണ്‌ഡലം വരണാധികാരിക്കു പരാതി നല്‍കിയത്‌. കത്തുകള്‍ പിടിച്ചെടുക്കണമെന്നും സ്‌ഥാനാര്‍ത്ഥിക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

Ads by Google
Ads by Google
LATEST NEWS
TRENDING NOW