-->
തിരുവനന്തപുരം: കൊടുംചൂടില്‍ ആശ്വാസമായി കേരളത്തില്‍ വേനല്‍മഴ എത്തുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. അതേസമയം കനത്ത ചൂട് തുടരുന്ന കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകള്‍ അതീവ ജാഗ്രത പാലിക്കണം. ഒറ്റപ്പെട്ടയിടങ്ങളില്‍ 30 വരെ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
40 കിലോമീറ്റര്‍ വേഗതയില്‍ ശക്‌തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം ചൂട് വര്‍ധിച്ച പശ്‌ചാത്തലത്തില്‍ 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് തുടരുമെന്നും വകുപ്പ് വ്യക്‌തമാക്കി. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലയില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തിയിരുന്നു.
പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസു വരെയും താപനില രേഖപ്പെടുത്തിയിരുന്നു. സാധാരണയേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ അധിക താപനിലയാണ് മുന്നറിയിപ്പ് നല്‍കിയ പ്രദേശങ്ങളില്‍ രേഖപ്പെടുത്തുന്നത്.
യു.വി. ഇന്‍ഡക്‌സും ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പും ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. നേരിട്ട് സൂര്യപ്രകാശത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കാതിരിക്കുക, ധാരാളം വെള്ളം കുടിക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.