Friday, March 27, 2026 Last Updated 4 Min 4 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Thursday 26 Mar 2026 11.44 PM

വിസ്‌മയമായി നാട്ടികയില്‍ താമരയേറിയ മുകുന്ദന്‍

CPI

തൃശൂര്‍: നിയമസഭയില്‍ ഇടതുപക്ഷനിരയിലുണ്ടായിരുന്ന സിറ്റിങ്‌ എ.എല്‍.എയാണ്‌ നാട്ടിക മണ്‌ഡലത്തില്‍ മത്സരിക്കുന്നതെന്നതില്‍ കൗതുകമില്ല. എന്നാല്‍ ഈ എം.എല്‍.എ: ബി.ജെ.പി. സ്‌ഥാനാര്‍ഥിയായി താമര ചിഹ്നത്തിലാണ്‌ മത്സരിക്കുന്നതെന്നതിലാണ്‌ വിസ്‌മയം. തൃശൂരിലെ പ്രമുഖ ദളിത്‌ സി.പി.ഐ. നേതാവായിരുന്ന സിറ്റിങ്‌ എം.എല്‍.എ: സി.സി. മുകുന്ദനാണ്‌ നാട്ടികയില്‍ ബി.ജെ.പി. സ്‌ഥാനാര്‍ഥി. ആഴ്‌ചകള്‍ക്ക്‌ മുമ്പുവരെ സംസ്‌ഥാന തലത്തില്‍ അത്രയേറെ ശ്രദ്ധിക്കപ്പെടാതിരുന്ന നാട്ടിക മണ്‌ഡലം ഇതോടെ രാഷ്‌ട്രീയ കേരളത്തിലെ പ്രധാന ചര്‍ച്ചയായി.
നിയമസഭയില്‍ അംഗങ്ങളില്ലാത്ത ബി.ജെ.പി.യുടെ സ്‌ഥാനാര്‍ത്ഥി പട്ടികയില്‍ ഏക സിറ്റിങ്‌ എം.എല്‍.എയായി മുകുന്ദന്‍ മാറി. ഒറ്റ ടേം പൂര്‍ത്തിയായപ്പോള്‍ തന്നെ മുകുന്ദന്‌ സി.പി.ഐ. സീറ്റ്‌ നിഷേധിച്ചതോടെയാണ്‌ മറുകണ്ടം ചാടിയത്‌. നോട്ടം കോണ്‍ഗ്രസിലേക്കായിരുന്നെങ്കിലും ചെന്നെത്തിയത്‌ ബി.ജെ.പിയുടെ താമരക്കുമ്പിളില്‍. പി.കെ. ശശി, ടി.കെ. ഗോവിന്ദന്‍, ജി. സുധാകരന്‍, വി.കുഞ്ഞികൃഷ്‌ണന്‍ തുടങ്ങി ഇടതുപക്ഷത്ത്‌ നിന്ന്‌ കൂറുമാറിയെത്തിയവരെയെല്ലാം ഇരുകൈയും നീട്ടി സ്വീകരിച്ച യുഡിഎഫ്‌. ഈ സിറ്റിങ്‌ എം.എല്‍.എയോടു'നോ' പറയുന്ന കാഴ്‌ചയും നാട്ടികയില്‍ കാണാനായി. അങ്ങനെയാണ്‌ സിറ്റിങ്‌ എം.എല്‍.എ: ബി.ജെ.പിക്കാരനായി എന്‍.ഡി.എ. ക്യാമ്പിലെത്തി. ഇതോടെ നാട്ടികയിലെ തെരഞ്ഞെടുപ്പ്‌ കളത്തില്‍ കളിമാറി. വാശിയേറിയ ത്രികോണ പോരാട്ടത്തിനാണ്‌ ഇത്തവണ മണ്‌ഡലം സാക്ഷ്യം വഹിക്കുന്നത്‌.
2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ്‌ എന്‍.ഡി.എ. നാട്ടികയില്‍ കാഴ്‌ചവച്ചത്‌. സുരേഷ്‌ ഗോപി ജയിച്ച തെരഞ്ഞെടുപ്പില്‍ നാട്ടികയില്‍ എന്‍.ഡി.എ. 41.8 ശതമാനം വോട്ട്‌ നേടി ഒന്നാമതെത്തിയതിന്റെ ആവേശവും ആത്മവിശ്വാസവും പ്രവര്‍ത്തകരിലും പ്രകടം. പട നയിക്കാന്‍ സിറ്റിങ്‌ എം.എല്‍.എയെത്തന്നെ ലഭിച്ചതോടെ ഇക്കുറി താമര വിരിയുമെന്ന്‌ പ്രവര്‍ത്തകരുടെ വിശ്വാസം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്‌. 33.1, യു.ഡി.എഫ്‌. 23.9 എന്നിങ്ങനെയായിരുന്നു വോട്ട്‌ ശതമാനം. തദ്ദേശ തെരഞ്ഞെടുപ്പിലാകട്ടെ ശതമാന കണക്ക്‌ മാറിമറിയുകയും ചെയ്‌തു.
എല്‍.ഡി.എഫ്‌. 56,161, യു.ഡി.എഫ്‌. 50,746, എന്‍.ഡി.എ.36,242 വോട്ടുകളാണ്‌ തദ്ദേശപ്പോരില്‍ നേടിയത്‌. കാടിളക്കി പ്രചാരണം നയിച്ച്‌ ഓരോ വോട്ടും യന്ത്രത്തിലാക്കാനാണു മൂന്ന്‌ മുന്നണികളുടേയും തന്ത്രം. ഇടതു വലതു മുന്നണികളെ മാറിമാറി വരിച്ചിട്ടുള്ള നാട്ടിക 2011ല്‍ സംവരണ മണ്‌ഡലമായ ശേഷം നടന്ന മൂന്ന്‌ തെരഞ്ഞെടുപ്പിലും സി.പി.ഐയെയാണ്‌ പിന്തുണച്ചത്‌. 2011ലും 16ലും ഗീതാ ഗോപിയും 2021ല്‍ സി.സി. മുകുന്ദനുമാണ്‌ മികച്ച ഭൂരിപക്ഷത്തില്‍ മണ്‌ഡലത്തില്‍ നിന്ന്‌ വിജയിച്ചത്‌.
മുകുന്ദന്റെ ചേരിമാറ്റത്തില്‍ സി.പി.ഐക്ക്‌ ആശങ്ക വേണ്ടുവോളം സമ്മാനിക്കുന്നുണ്ടെങ്കിലും, തങ്ങള്‍ക്ക്‌ ശക്‌തമായ വേരോട്ടമുള്ള മണ്‌ഡലത്തില്‍ ഇതൊരു ചലനവുമുണ്ടാക്കില്ലെന്ന കണക്കുകൂട്ടലിലാണ്‌ പാര്‍ട്ടി. എങ്കിലും ലളിത ജീവിതം നയിക്കുന്ന, മറ്റ്‌ ആരോപണങ്ങളൊന്നും നേരിടാത്ത നേതാവിനെ എന്തുകൊണ്ട്‌ മാറ്റിയെന്ന ചോദ്യത്തിന്‌ തൃപ്‌തികരമായ മറുപടി നല്‍കാന്‍ സി.പി.ഐക്ക്‌ സാധിക്കുന്നില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മുകുന്ദന്‍ പുറത്ത്‌ പോയ സാഹചര്യത്തില്‍ സി.പി.ഐ. വോട്ടുകളില്‍ ഭിന്നിപ്പ്‌ ഉണ്ടാകുമെന്നും കാര്യങ്ങള്‍ തങ്ങള്‍ക്ക്‌ അനുകൂലമാകുമെന്നുമാണ്‌ കോണ്‍ഗ്രസ്‌ വിലയിരുത്തല്‍.
യു.ഡി.എഫിലേക്ക്‌ എത്താനായിരുന്നു മുകുന്ദന്‍ ആഗ്രഹിച്ചിരുന്നതെങ്കിലും കോണ്‍ഗ്രസ്‌ വാതില്‍ തുറന്നില്ല. ബാഹ്യശക്‌തികളുടെ ഇടപെടല്‍ സി.പി.ഐയുടേയും കോണ്‍ഗ്രസിന്റേയും നടപടികളില്‍ ഉണ്ടെന്ന ആക്ഷേപം ശക്‌തമാണ്‌.
ജില്ലാ കമ്മിറ്റി അനുവദിച്ച പഴ്‌സണല്‍ സെക്രട്ടറി ലെറ്റര്‍ പാഡും ഒപ്പും ദുരുപയോഗം ചെയ്‌തുവെന്ന പരാതി ഉന്നയിച്ച മുകുന്ദന്‍ അതിവേഗം പാര്‍ട്ടിക്ക്‌ അനഭിമതനായി മാറുകയായിരുന്നു. മണ്‌ഡലത്തില്‍ നിര്‍ണായക സ്വാധീനമുള്ള ബി.ജെ.പി., മുകുന്ദന്റെ വരവില്‍ വലിയ പ്രതീക്ഷയാണ്‌ പങ്കുവെയ്‌ക്കുന്നതും. 2021ലെ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ.്‌ 72,930, യു.ഡി.എഫ്‌. 44,449, എന്‍.ഡി.എ. 33,716 എന്നിങ്ങനെയായിരുന്നു വോട്ട്‌ നില. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സുനില്‍ ലാലൂരാണ്‌ ഇത്തവണയും കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥി.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Ads by Google
LATEST NEWS
TRENDING NOW