Sunday, March 29, 2026 Last Updated 10 Min 15 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Thursday 26 Mar 2026 11.44 PM

എടയാര്‍ വ്യവസായ മേഖലയില്‍ വീണ്ടും തിപിടിത്തം; ഒരാള്‍ വെന്തുമരിച്ചു

Keralam

കടുങ്ങല്ലൂര്‍: എടയാര്‍ വ്യവസായ മേഖലയില്‍ വീണ്ടും തീപിടിത്തം. അതിഥിത്തൊഴിലാളി വെന്തുമരിച്ചു. വേസ്‌റ്റ്‌ ഓയില്‍ റീ സൈക്ലിങ്‌ കമ്പനിയായ സി.ജി. ലൂബ്രിക്കന്റ്‌സിലാണ്‌ വന്‍ അഗ്നിബാധയുണ്ടായത്‌. ബിഹാര്‍ സ്വദേശി ശത്രുഘ്‌നന്‍ മുഖിയ(42)യാണു മരിച്ചത്‌. ഇന്നലെ രാവിലെയായിരുന്നു അപകടം.
അതിഥിത്തൊഴിലാളിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ്‌ കമ്പനിക്കകത്തു നിന്ന്‌ കണ്ടെത്തിയത്‌. തി ആളിപ്പടരുന്നതു കണ്ട്‌ ചാടി രക്ഷപ്പെട്ട മറ്റൊരു തൊഴിലാളിയുടെ കാലിനു പരുക്കേറ്റു. കമ്പനിയിലെ തെര്‍മല്‍ ഫ്‌ളൂയിഡ്‌ ഹീറ്ററിനു തീപിടിച്ചതാണ്‌ അപകട കാരണമെന്നാണ്‌ പ്രാഥമിക നിഗമനം. തീ പടര്‍ന്നതിനെത്തുടര്‍ന്ന്‌ ബോയിലര്‍ പൊട്ടിത്തെറിക്കുകയും ഓയില്‍ സംഭരണ ടാങ്കിനു തീപിടിക്കുകയുമായിരുന്നു.
സംഭവസമയത്ത്‌ മുപ്പതോളം തൊഴിലാളികള്‍ കമ്പനിയിലുണ്ടായിരുന്നു. വിവരമറിഞ്ഞ്‌ എലൂര്‍, ആലുവ, ഫാക്‌ട്‌ ഫയര്‍ വിങ്‌, ഗാന്ധിനഗര്‍, എറണാകുളം ക്ലബ്‌ റോഡ്‌, പറവൂര്‍, മട്ടാഞ്ചേരി എന്നിവിടങ്ങളില്‍നിന്ന്‌ അഗ്‌നിശമന സേനയുടെ എട്ടു യൂണിറ്റുകളെത്തിയാണ്‌ തീ നിയന്ത്രണവിധേയമാക്കിയത്‌. റീ ജിയണല്‍ ഫയര്‍ ഓഫിസര്‍ സുജിത്‌കുമാര്‍, ജില്ലാ ഫയര്‍ ഓഫിസര്‍ ഹരികുമാര്‍, ഏലൂര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ വി.എസ്‌. രജ്‌ജിത്‌ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ രണ്ടു മണിക്കൂര്‍കൊണ്ട്‌ തീയണച്ചത്‌. കമ്പനിക്ക്‌ ലക്ഷങ്ങളുടെ നഷ്‌ടമുള്ളതായി കണക്കാക്കുന്നു. ഫാക്‌ടറീസ്‌ ആന്‍ഡ്‌ ബോയിലേഴ്‌സ്‌ ആലുവ ഇന്‍സ്‌പക്‌ടര്‍ കെ.ആര്‍. ഷാജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കമ്പനിയില്‍ പരിശോധന നടത്തി.
ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പക്‌ടറേറ്റിന്റെ പരിശോധനക്കു ശേഷമേ അപകടകാരണം ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണന്നു വിലയിരുത്താന്‍ സാധിക്കൂവെന്ന്‌ സംഭവസ്‌ഥലം സന്ദര്‍ശിച്ച ബിനാനിപുരം പോലീസ്‌ പറഞ്ഞു. എടയാര്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട കമ്പനികളില്‍ പലതും മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണു പ്രവര്‍ത്തിക്കുന്നതെന്ന്‌ കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തംഗം ശ്രീകുമാര്‍ മുല്ലേപ്പിള്ളി ആരോപിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW