-->
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ ലക്ഷ്യങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ബിജെപി പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ആവേശം നിറച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വിവിധ തിരഞ്ഞെടുപ്പ് റാലികള്‍ക്കും റോഡ് ഷോകള്‍ക്കുമായി ഈ ആഴ്ചയും അടുത്താഴ്ചയുമായി കേരളത്തില്‍ എത്തും. പ്രധാനമന്ത്രി ഞായറാഴ്ച കേരളത്തില്‍ എത്തുന്ന പ്രധാനമന്ത്രി അടുത്തയാഴ്ച വീണ്ടും എത്തും. ഇതിനിടിയില്‍ ആഭ്യന്തരമന്ത്രി അമിത് ഷായും മറ്റു നേതാക്കളും കേരളത്തിലെ മറ്റ് സ്ഥലങ്ങളിലും പ്രചരണത്തിനെത്തും.
ഞായറാഴ്ച പാലക്കാടും തൃശൂരുമായിട്ടാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന ബിജെപിയുടെ പ്രചരണയോഗങ്ങളും റോഡ്‌ഷോയും നടക്കുന്നത്. പിന്നാലെ ഏപ്രില്‍ 4 ന് പാലായില്‍ ഷോണ്‍ജോര്‍ജ്ജിനായുള്ള പ്രചരണത്തിനും എത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി പാലായില്‍ പ്രചാരണത്തിനെത്തുന്നതോടെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, പാലാ എന്നീ മൂന്നു മണ്ഡലങ്ങളിലെ ബിജെപിയുടെ മത്സരം ശ്രദ്ധേയമാകുന്നു. പാലായില്‍ ഷോണ്‍ജോര്‍ജ്ജ് വലിയ വിജയം നേടുമെന്ന പ്രതീക്ഷയിലാണ് ബിജെപി ക്യാമ്പ്. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ മുന്നില്‍ നിര്‍ത്തി കാഞ്ഞിരപ്പള്ളിയില്‍ വോട്ടുകള്‍ സമാഹരിക്കാനും പി.സി.ജോര്‍ജിന്റെയും മകന്‍ ഷോണ്‍ ജോര്‍ജിന്റെയും സാധ്യതകള്‍ പാലായിലും പൂഞ്ഞാറിലുമായി പ്രയോജനപ്പെടുത്താനും ബിജെപി ലക്ഷ്യമിടുന്നു.