Friday, March 27, 2026 Last Updated 11 Min 58 Sec ago English Edition
Todays E paper
Ads by Google
ജിനേഷ്‌ പൂനത്ത്‌
Thursday 26 Mar 2026 11.18 PM

'പറനാറി' മുതല്‍ 'ചെറ്റത്തരം' വരെ; ഇത്‌ നേതാക്കളുടെ വാമൊഴിവഴക്ക കഥ!

Kerala
rep. Image

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത്‌ എല്‍.ഡി.എഫിലെ എം.എ. ബേബിയും യു.ഡി.എഫിലെ എന്‍.കെ. പ്രേമചന്ദ്രനും തമ്മില്‍ പ്രചാരണ പോരാട്ടം ഉച്ചസ്‌ഥായിയിലെത്തി നില്‍ക്കെയാണ്‌ അന്നത്തെ സി.പി.എം. സംസ്‌ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ പൊതുയോഗത്തില്‍ പ്രസംഗിക്കാനെത്തിയത്‌.
എല്‍.ഡി.എഫ്‌. വിട്ട്‌ യു.ഡി.എഫില്‍ ചേക്കേറിയശേഷം ആദ്യ തെരഞ്ഞെടുപ്പിനെ നേരിടുന്ന പ്രേമചന്ദ്രനെ 'പറനാറി'യെന്ന്‌ വിശേഷിപ്പിച്ച്‌ മുന്നേറിയ പിണറായിയുടെ പ്രസംഗം, തെറിപ്രസംഗങ്ങളുടെ ചരിത്രത്തിലാണ്‌ ഇടം നേടിയത്‌. ഇതേത്തുടര്‍ന്ന്‌ പ്രേമചന്ദ്രന്‍ കുടുംബത്തോടൊപ്പം കണ്ണീര്‍ വാര്‍ത്തു;ഫലമോ പ്രേമചന്ദ്ര വിജയാവര്‍ത്തനം. ബേബിയെ മൂലയ്‌ക്കിരുത്താന്‍ പിണറായി ബോധപൂര്‍വം നടത്തിയ പരാമര്‍ശമെന്നു മറ്റൊരു കൂട്ടര്‍ വിലയിരുത്തി.
ഇതുവരെ കൂട്ടത്തിലുണ്ടായിരുന്ന ജി. സുധാകരന്‍ അമ്പലപ്പുഴയില്‍ യു.ഡി.എഫ്‌. പിന്തുണയോടെ മത്സരരംഗത്തിറങ്ങിയതിനെ ചെറ്റത്തരമെന്ന്‌ വിശേഷിപ്പിച്ച്‌ പിണറായി, തന്റെ സവിശേഷ പ്രയോഗ സാധ്യതകളെ പ്രായം തളര്‍ത്തിയിട്ടില്ലെന്നും വ്യക്‌തമാക്കി. ചെറ്റത്തരം ചെയ്യുന്നവന്‍ ചെറ്റയാണെന്ന വിശദീകരണ സാധ്യതയില്‍, പിണറായി തന്നെ ചെറ്റയെന്ന്‌ വിളിച്ചതായി വ്യാഖ്യാനിച്ച്‌ സുധാകരനും രംഗത്തെത്തി. പരനാറി വിളിയാല്‍ പ്രേമചന്ദ്രന്‍ ലോക്‌സഭ കണ്ടെങ്കില്‍ പിണറായിയുടെ ചെറ്റത്തരം പ്രയോഗത്തില്‍ സുധാകരന്‍ വീണ്ടും നിയമസഭയിലെത്തുമോയെന്നാണ്‌ കണ്ടറിയേണ്ടത്‌.2019 ലെ അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇതേ ജി. സുധാകരന്‍, യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി ഷാനിമോള്‍ ഉസ്‌മാനെ പുതനയെന്ന്‌ വിശേഷിപ്പിച്ചതും ഏറെ ചര്‍ച്ചയായിരുന്നു. പൂതനമാര്‍ക്ക്‌ ജയിക്കാനുള്ള സ്‌ഥലമല്ലിതെന്നായിരുന്നു സുധാകരന്‍, ഷാനിമോള്‍ക്ക്‌ നല്‍കിയ മുന്നറിയിപ്പ്‌. അന്നും സമാന രീതിയില്‍ ഷാനിമോളും യു.ഡി.എഫ്‌. നേതൃത്വവും ഏറെ കരഞ്ഞു.
അമ്പലപ്പുഴയോടു ചേര്‍ന്നാണ്‌ ഹരിപ്പാടിന്റെ കിടപ്പ്‌. എല്‍.ഡി.എഫ്‌. സിറ്റിങ്‌ എം.എല്‍.എ: യു. പ്രതിഭ ശരീരമികവ്‌ പ്രദര്‍ശിപ്പിച്ചാണ്‌ വോട്ട്‌ പിടിത്തമെന്ന്‌ യു.ഡി.എഫ്‌. പൊതുയോഗത്തില്‍ പറഞ്ഞത്‌ മുസ്ലിം ലീഗ്‌ നേതാവ്‌. ആണത്ത വിജയം വീരശൂര പരാക്രമത്താലും പെണ്‍വിജയം ശരീര പ്രദശനത്താലുമെന്ന ആണത്ത ചിന്തയുടെ നെഗളിപ്പിനെതിരേ രാഷ്‌ട്രീയ കേരളം ഒറ്റക്കെട്ടട്ടായിതന്നെ പ്രതികരിച്ചു. കണ്ണീരൊഴുക്കി പ്രതിഭ ഓണ്‍ലൈനിലും കരളലിയിപ്പിക്കും വിധം പ്രതികരിച്ചു. എന്നാല്‍, ഡി.വൈ.എഫ്‌.ഐ. പ്രതിഭയുമായി അകന്നുവെന്ന വാര്‍ത്ത വന്നതിന്റെ പേരില്‍, മുമ്പ്‌ മാധ്യമപ്രവര്‍ത്തകരോട്‌ ഒന്നടങ്കം ശരീരം വില്‍പ്പനയ്‌ക്കു വയ്‌ക്കാന്‍ പ്രതികരിച്ചതും ഇതേ പ്രതിഭതന്നെയായിരുന്നു! തൊട്ടു തലേന്നാണ്‌ എതിര്‍ സ്‌ഥാനാര്‍ത്ഥി യു.ഡി.എഫിലെ എം.ലിജു പാര്‍ട്ടി തെരഞ്ഞെടുപ്പ്‌ കണ്‍വന്‍ഷന്‍ വേദിയില്‍ കണ്ണീര്‍ വാര്‍ത്തത്‌. ആരും തെറിവിളിച്ചിട്ടില്ല;കണ്ണീര്‍ വാര്‍ത്താല്‍ വോട്ട്‌ കിട്ടുമെന്നോര്‍ത്താവും ആ കണ്ണീര്‍ വാര്‍ക്കല്‍.
96 ലെ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ മത്സരിച്ച എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ത്ഥി സുശീല ഗോപാലനെ റോസാപ്പൂവായി വിശേഷിപ്പിച്ച വി.എസ്‌. അച്യുതാനന്ദന്‍ എതിര്‍ സ്‌ഥാനാര്‍ഥിയെ വളരെ മോശം പദപ്രയോഗത്താലാണ്‌ വിശേഷിപ്പിച്ചത്‌. തെരഞ്ഞെടുപ്പില്‍ സുശീല ജയിച്ചെങ്കിലും മാരാരിക്കുളത്ത്‌ വി.എസ്‌. പൊട്ടി.
ഇത്തവണ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥിപ്പട്ടിക തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനം കഴിഞ്ഞ്‌ 24 മണിക്കൂറിനുള്ളില്‍ പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്റെ പ്രഖ്യാപനം. എന്നാല്‍ കെ. സുധാകരന്റെ വെല്ലുവിളിയില്‍ പട്ടിക ദിവസങ്ങള്‍ നീണ്ടു. ഇതേ സുധാകരന്‍ മുമ്പ്‌ നടത്തിയ പ്രസംഗം ഇത്തരത്തില്‍ വിവാദമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ ചെത്തുകാരന്റെ മകനെന്നായിരുന്നു സുധാകരന്‍ നല്‍കിയ വിശേഷണം. ഇതോടെ ബാല്യകാല ദുരിത കണ്ണീര്‍ക്കഥകളുമായി പിണറായിയും രംഗത്തിറങ്ങി.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ കാലം. ഇതേ കെ. സുധാകരന്റെ എതിര്‍ സ്‌ഥാനാര്‍ഥി സി.പി.എമ്മിലെ പി.കെ. ശ്രീമതി. തെരഞ്ഞെടുപ്പ്‌ പൊതുയോഗത്തില്‍ സുധാകരന്‍ കത്തിക്കയറി. 'ഓളെ പഠിപ്പിച്ച്‌ ടീച്ചറാക്കിയത്‌ വെറുതെയായി ' എന്നായി സുധാകരന്റെ വാക്‌ധോരണി. അന്ന്‌ ജയിച്ചെങ്കിലും ഇപ്പോഴത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സുധാകരന്‍ കിണഞ്ഞ്‌ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
ആലത്തൂരില്‍ ലോക്‌സഭാ സ്‌ഥാനാര്‍ഥിയായിരുന്ന രമ്യാ ഹരിദാസ്‌, ഘടക കക്ഷിയായ മുസ്ലിം ലീഗിന്റെ നേതാവ്‌ കുഞ്ഞാലിക്കുട്ടിയെ സന്ദര്‍ശിച്ചതിലാണ്‌ നിലവിലെ സി.പി.എം: പി.ബി. അംഗം എ. വിജയരാഘവന്‍ അശ്ലീലം ദര്‍ശിച്ചത്‌. കുഞ്ഞാലികുട്ടിയെ സന്ദര്‍ശിച്ച ആ കുട്ടിയുടെ (രമ്യാ ഹരിദാസ്‌) കാര്യം എന്താകുമെന്ന്‌ പറയാനാകില്ലെന്നായിരുന്നു വിജയരാഘവ മൊഴി. ഇതേത്തുടര്‍ന്നു രമ്യയും ഏറെ കണ്ണീര്‍ വാര്‍ത്തു;തെരഞ്ഞെടുപ്പില്‍ രമ്യ ജയിച്ചു..!
2019ലാണ്‌ ബി.ജെ.പി. നേതാവ്‌ പി.എസ്‌. ശ്രീധരന്‍ പിള്ള, കോണ്‍ഗ്രസ്‌ ദേശീയ നേതാവ്‌ പ്രിയങ്കാ ഗാന്ധി വാധ്‌രയ്‌ക്കു ചാര്‍ത്തിക്കിട്ടിയ സുന്ദരിപ്പട്ടത്തെ ചോദ്യം ചെയ്‌തത്‌. പ്രിയങ്കയ്‌ക്ക്‌ 48 വയസായെങ്കിലും യുവ സുന്ദരിയാണെന്നാണ്‌ വിശേഷണം എന്നായിരുന്നു പിള്ളയുടെ കണ്ടെത്തല്‍. അമ്മമാരും പെങ്ങന്‍മാരും ഇരിക്കുന്നതിനാല്‍ കൂടുതല്‍ പറയുന്നില്ലെന്നും അന്ന്‌ പിള്ള പറഞ്ഞുവച്ചു. അന്നതേറെ ചര്‍ച്ചയാകുകയും ചെയ്‌തു.
കോണ്‍ഗ്രസ്‌ നേതാവ്‌ കൊടിക്കുന്നില്‍ സുരേഷാകട്ടെ, പിണറായിയെ ഭീകരരൂപിയായാണ്‌ വിശേഷിപ്പിച്ച്‌ 2016 ല്‍ രംഗത്തെത്തിയത്‌. കൊട്ടാരക്കരയിലെ പ്രസംഗത്തിലാണ്‌ കൊടിക്കുന്നില്‍ ഈ വിശേഷണം പിണറായിക്ക്‌ നല്‍കിയത്‌. ഇതോടെ ഇരവാദം ഉന്നയിച്ച്‌ പിണറായി രംഗത്തെത്തി. തിരിച്ചടിക്കുമെന്ന ആങ്കലാപ്പില്‍ അന്ന്‌ കോണ്‍ഗ്രസ്‌ കൊടിക്കുന്നിലിനെ തള്ളിപ്പറഞ്ഞാണ്‌ രാഷ്‌ട്രീയ രംഗം ശാന്തമാക്കിയത്‌.
മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി. പ്രസിഡന്റായിരിക്കേ, അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയ്‌ക്കെതിരേ നടത്തിയ പരാമര്‍ശവും ഏറെ ചര്‍ച്ചയായിരുന്നു. കോവിഡ്‌ റാണിയെന്നായിരുന്നു ശൈലജയ്‌ക്ക്‌ ചാര്‍ത്തി നല്‍കിയ വിശേഷണം. ഇതേറെ ചര്‍ച്ചയാകുകയും ചെയ്‌തു.
വാ വിട്ട വാക്കു കൈവിട്ട ആയുധവും തിരിച്ചെടുക്കാനാവില്ലെന്നാണ്‌ ചൊല്ല്‌. തെരഞ്ഞെടുപ്പ്‌ കാലത്താണെങ്കില്‍ എതിര്‍ സ്‌ഥാനാര്‍ത്ഥിയുടെ കണ്ണീരിന്റെ വിലയുണ്ട്‌ അതിന്‌.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Ads by Google
TRENDING NOW