Friday, March 27, 2026 Last Updated 10 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Mar 2026 11.28 PM

വിമതരെ മലര്‍ത്തിയടിച്ച്‌ വികസനം വിഷയമാക്കി പിണറായി വിജയന്‍

uploads/news/2026/03/832271/lk1.jpg

സീതാറം യെച്ചൂരിയുടെ പേരിലുള്ള സംസ്‌ഥാനത്തെ ആദ്യ സി.പി.എം ഓഫീസാണ്‌ കാഞ്ഞിരപ്പളളി ഏരിയാ കമ്മിറ്റി ഓഫീസ്‌. ഒരു വര്‍ഷം മുമ്പ്‌ താന്‍ തന്നെ ഉദ്‌ഘാടനം ചെയ്‌ത ഓഫീസിലേയ്‌്ക്ക്‌ രാവിലെ വാര്‍ത്താസമ്മേളനം നടത്താനായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ സമയത്ത്‌ തന്നെ എത്തുമ്പോള്‍ സ്വീകരിക്കാനായി ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ.ജെ. തോമസും ജില്ലാ സെക്രട്ടറി ടി.ആര്‍. രഘുനാഥനും ജില്ലാ സെക്രട്ടേറിയറ്റ്‌ അംഗം കെ. രാജേഷുമടക്കമുള്ള ഏതാനും നേതാക്കള്‍ മാത്രം. നേതാക്കളെല്ലാവരും തെരഞ്ഞടുപ്പ്‌ പ്രചരണങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചാല്‍ മതിയെന്ന്‌ പാര്‍ട്ടി നിര്‍ദേശമുണ്ടായിരുന്നതിനാലാണ്‌ മറ്റ്‌ നേതാക്കള്‍ ഏരിയാ കമ്മറ്റി ഓഫീസില്‍ എത്താതിരുന്നത്‌.
തലേ ദിവസം ഇടുക്കിയിലെ തെരഞ്ഞെടുപ്പ്‌ പ്രചരണപരിപാടി കഴിഞ്ഞു വൈകിയെത്തിയ മുഖ്യമന്ത്രിയുടെ താമസം പൊന്‍കുന്നത്തായിരുന്നു. അവിടെ നിന്നാണ്‌ കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസിലേയ്‌ക്ക്‌ എത്തിയത്‌. സാധാരണ ഏരിയാ കമ്മിറ്റി ഓഫീസുകളില്‍ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്താറില്ല. എന്നാല്‍, പുതിയ ഓഫീസില്‍ എല്ലാവിധ സൗകര്യങ്ങളുമുള്ളതിനാല്‍ വാര്‍ത്താ സമ്മേളനം ഇവിടെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
പത്രസമ്മേളനം നടത്താനായി കസേരയില്‍ ഇരിക്കുന്നിന്‌ മുമ്പ്‌ തന്നെ മുഖ്യമന്ത്രി മുമ്പിലിരുന്ന മൈക്കിലേക്ക്‌ നോക്കി.ഇത്‌ കണ്ട ചാനല്‍ ക്യാമറാമാന്‍മാരുടെയും പത്രഫോട്ടോഗ്രാഫര്‍മാരുടെയും ശ്രദ്ധ മൈക്കിലായി.കസേരയില്‍ ഇരുന്നശേഷം ഉയര്‍ന്നുനിന്ന മൈക്ക്‌ മുഖ്യമന്ത്രി പിടിച്ചു താഴ്‌ത്തി ഉടന്‍ ക്യാമറകളുടെ ഫ്‌ളാഷുകള്‍ മിന്നി. ഇതു കണ്ടപ്പോള്‍ മുഖ്യമന്ത്രിക്കും ചിരി വന്നു. ശ്വാസം പിടിച്ചുനിന്നിരുന്ന സംഘാടകരുടെ മുഖത്തും ചിരി പടര്‍ന്നു. വാര്‍ത്താ സമ്മേളനം തീരുന്നത്‌ വരെ മൈക്ക്‌ ഒരുതരത്തിലും മുഖ്യമന്ത്രിയെ ബുദ്ധിമുട്ടിച്ചുമില്ല.
ജില്ലയിലെ തലമുതിര്‍ന്ന നേതാവ്‌ കെ.ജെ. തോമസിനെ ഒപ്പമിരുത്തിക്കൊണ്ടായിരുന്നു പത്രസമ്മേളനം.ഇടതു സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞായിരുന്നു 35 മിനിറ്റോളം നീണ്ടു നിന്ന പത്രസമ്മേളനം അവസാനിച്ചത്‌. പത്രമ്മേളനത്തിനിടയില്‍ വര്‍ഗ വഞ്ചകരെ ജനവും മണ്ഡലവും തള്ളിക്കളയുമെന്ന്‌ ഒളിയമ്പെയ്യാനും മുഖ്യമന്ത്രി മറന്നില്ല. പാര്‍ട്ടി വിട്ട ജി. സുധാകരനൊപ്പം പ്രവര്‍ത്തിരിച്ചിരുന്ന മുതിര്‍ന്ന നേതാക്കളായ വൈക്കം വിശ്വനും കെ.ജെ. തോമസുമൊക്കെ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ പ്രചരണത്തിനെത്തുമ്പോള്‍ പാര്‍ട്ടിയുടെ നിലപാട്‌ പത്രസമ്മേളനത്തില്‍ വിശദീകരിക്കണമെന്ന്‌ മുഖ്യമന്ത്രി കരുതിയിട്ടുണ്ടാകും.
പത്രസമ്മേളനം അവസാനിപ്പിച്ച്‌ ഇറങ്ങുന്നതിനിടെ ചുറ്റും നിന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ ചിരി സമ്മാനിച്ച്‌ തൊട്ടടുത്ത ഗസ്‌റ്റ്‌ റൂമിലേക്ക്‌ നടക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന കെ.ജെ. തോമസിനോട്‌ സമ്മേളളന വേദിയിലേക്ക്‌ എപ്പോഴാണ്‌ പോകേണ്ടതെന്ന്‌ ആരാഞ്ഞു. അര മണിക്കൂര്‍ കഴിഞ്ഞു മതിയെന്ന്‌ മറുപടി. മാധ്യമപ്രവര്‍ത്തകര്‍ പൊതുമ്മേളന വേദിയിലേയ്‌ക്ക്‌ പോയതോടെ ഗസ്‌റ്റ്‌ റൂമില്‍ നേതാക്കളുമായി ചെറിയ രാഷ്‌ട്രീയ ചര്‍ച്ച. കാഞ്ഞരിപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങളിലെ പൊതു സ്‌ഥിതി കെ.ജെ. തോമസും, ടി.ആര്‍. രഘുനാഥനും ചേര്‍ന്ന്‌ മുഖ്യമന്ത്രിയോട്‌ വിശദീകരിച്ചു.പതിനൊന്നു മണിയോടെ പൊതുസമ്മേളന വേദിയായ കാഞ്ഞിരപ്പള്ളി പേട്ട കവലയയിലെ തോംസണ്‍ മൈതനാത്തെത്തുമ്പോള്‍ നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടത്തില്‍ നിന്നും ആവേശ്വേജ്വല മുദ്രാവാക്യം.അഭിവാദ്യങ്ങള്‍, അഭിവാദ്യങ്ങള്‍ വികസന നായകന്‌ അഭിവാദ്യങ്ങള്‍...
സദസില്‍ നിന്നും അത്യുച്ചത്തില്‍ മുദ്രാവാക്യം മുഴങ്ങുന്നതിനിടെ
കാഞ്ഞിരപ്പള്ളി മണ്ഡലം എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥി ഡോ. എന്‍. ജയരാജ്‌, പൂഞ്ഞാര്‍ മണ്ഡലം എല്‍,ഡി,എഫ്‌, സ്‌ഥാനാര്‍ഥി അഡ്വ. സെബാസ്‌റ്റ്യന്‍ കുളത്തുങ്കല്‍ എന്നിവര്‍ക്കൊപ്പം മുഖ്യമന്ത്രി കൈകള്‍ കോര്‍ത്ത്‌ മുകളിലേക്കുയര്‍ത്തിയപ്പോള്‍ ആവേശം വാനോളമായി.
പതിവ്‌ പോലെ ആഗോളവത്‌കരണത്തിലായിരുന്നു പ്രസംഗത്തിന്റെ തുടക്കം. കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ നടപ്പാക്കിയ ആഗോളവത്‌കരണം ഇപ്പോഴത്തെ ബി.ജെ.പി. സര്‍ക്കാര്‍ കൂടുതല്‍ ശക്‌തിയോടെ നടപ്പാക്കുന്നതാണ്‌ രാജ്യം നേരിടുന്ന വെല്ലുവിളിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. കഴിഞ്ഞ പത്ത്‌ വര്‍ഷത്തെ വികസനം കോണ്‍ഗ്രസ്‌ നേതാക്കള്‍ പോലും രഹസ്യമായി സമ്മതിക്കുന്നുണ്ടെന്ന്‌ പിണറായി പറഞ്ഞു. എല്ലാവര്‍ക്കും പ്രിയങ്കരനാണ്‌ ഡോ. എന്‍. ജയരാജ്‌. എല്ലായിടത്തും വലിയ സ്വീകാര്യതയുള്ള പൊതുപ്രവര്‍ത്തകനാണ്‌ അദ്ദേഹം. പൂഞ്ഞാറിലെ സ്‌ഥാനാര്‍ഥി അഡ്വ. സെബാസ്‌റ്റ്യന്‍ കുളത്തുങ്കല്‍ പരിണതപ്രജ്‌ഞനായ പൊതുപ്രവര്‍ത്തകനാണ്‌.പുതിയ എം.എല്‍.എയാണെങ്കിലും അഞ്ചുവര്‍ഷം മികച്ച പ്രവര്‍ത്തനമാണ്‌ അദ്ദേഹം നടത്തിയത്‌- മുഖ്യമന്ത്രി പറഞ്ഞു.
പ്രസംഗം അവസാനിപ്പിച്ച്‌ വേദി വിട്ടിറങ്ങുന്നതിനിടെ മുമ്പിലെത്തിയ കുഞ്ഞിന്റെ തലയില്‍ വാല്‍സല്യത്തോടെ തലോടിയാണ്‌ അടുത്ത സമ്മേളന വേദിയായ ചങ്ങനാശേരിയിലേക്ക്‌ തിരിച്ചത്‌. ചങ്ങനാശേരി പെരുന്ന രണ്ടാം നമ്പര്‍ ബസ്‌സ്‌റ്റാന്‍ഡിലായിരുന്നു രണ്ടാമത്തെ സമ്മേളനം. വൈകുന്നേരം നാലിന്‌ തന്നെ വേദിയിലെത്തിയ പിണറായി കോണ്‍ഗ്രസിനും യു.ഡി.എഫിനുമെതിരേ രൂക്ഷമായ ഭാഷയിലാണ്‌ പ്രതികരിച്ചത്‌. എല്‍.ഡി.എഫ്‌. രണ്ടാമതും അധികാരത്തിലെത്തിയതിനാലാണ്‌ കേരളത്തില്‍ വികസനക്കുതിപ്പ്‌ ഉണ്ടായത്‌.യു.ഡി.എഫ്‌ വന്നാല്‍ ഇപ്പോള്‍ തുടരുന്ന വികസനക്കുതിപ്പ്‌ ഇല്ലാതാകും. ചങ്ങനാശേരിയിലെ എല്‍.ഡി.എഫ്‌്. സ്‌ഥാനാര്‍ത്ഥി ജോബ്‌ മൈക്കിളിന്റെ എം.എല്‍.എ.എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ നാടിന്‌ അഭിമാനകരമാണെന്ന്‌ പറഞ്ഞാണ്‌ അരമണിക്കൂര്‍ നേരത്തെ പ്രസംഗംഅവസാനിപ്പിച്ചത്‌.
അടുത്ത സമ്മേളന വേദിയായ ഏറ്റുമാനൂര്‍ പേരൂര്‍ കവലയിലെത്തുമ്പോള്‍ സമയം അഞ്ച്‌ കഴിഞ്ഞു. വേദിയില്‍ ഏറ്റുമാനൂരിലെ എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍്‌ഥിയും സഹകരണ മന്ത്രിയുമായ വി.എന്‍. വാസവന്റെയും കോട്ടയത്തെ ഇടതു സ്‌ഥാനാര്‍്‌ഥി അനില്‍കുമാറിന്റെയും പുതുപ്പള്ളിയിലെ എല്‍.ഡി.എഫ്‌്. സ്‌ഥാനാര്‍്‌ഥി കെ.എം. രാധാകൃഷ്‌ണന്റെയും വൈക്കത്തെ എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ത്ഥി പി. പ്രദീപിന്റെയും കൈകള്‍ ചേര്‍ത്ത്‌ മുഖ്യമന്ത്രി ഉയര്‍ത്തിയപ്പോള്‍ സദസില്‍ നിന്നും അത്യുച്ചത്തില്‍ മുദ്രാവാക്യം ഉയര്‍ന്നു.
പ്രസംഗത്തിനിടെ വേദിയിലേയക്ക്‌ വച്ച ലൈറ്റില്‍ നിന്നുള്ള വെളിച്ചം അസഹ്യമായപ്പോള്‍ മുഖത്തേക്ക്‌ ലൈറ്റ്‌ അടിക്കുന്നതിനാല്‍ ഓഫാക്കാന്‍ നിര്‍ദേശം. 'ലൈറ്റ്‌ മറ്റൊരു മൈക്കാകുമോ' എന്ന അടക്കിപ്പിടിച്ച സംസാരം മാധ്യമപ്രവര്‍ത്തകര്‍ ഇരുന്ന ഭാഗത്ത്‌ നിന്നും ഉയര്‍ന്നെങ്കിലും ലൈറ്റ്‌ വിഷയവും മുഖ്യമന്ത്രി ചെറു ചിരിയോടെ പരിഹരിച്ചു.
വീണ്ടും കേരളത്തിന്റെ വികസന നേട്ടങ്ങള്‍ പറഞ്ഞ്‌ ചുരുങ്ങിയ വാക്കുകളില്‍ പ്രസംഗം. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്‌ഥാനമാക്കി മാറ്റാന്‍ കഴിഞ്ഞു. ഇത്‌ ഇടത്‌ സര്‍ക്കാരിന്റെ നേട്ടമാണ്‌. വേദിയില്‍ എല്ലാ സ്‌ഥാനാര്‍്‌ഥികളെയും ചുരങ്ങിയ വാക്കുകളില്‍ പരമാര്‍ശിച്ച്‌ അവസാന സമ്മേളന വേദിയായ പാലാ കൊട്ടാരമറ്റം ബസ്‌സ്‌റ്റാന്‍ഡില്‍ എത്തുമ്പോള്‍ സമയം ആറു കഴിഞ്ഞു. വലിയ ജനക്കൂട്ടമാണ്‌ മുഖ്യമന്ത്രിയെ കാത്ത്‌ പാലായില്‍ തടിച്ചു കൂടിയത്‌.
പാലായിലെ എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍്‌ഥിയും കേരള കോണ്‍ഗ്രസ്‌-എം ചെയര്‍മാനുമായ ജോസ്‌ കെ. മാണിയെ മുഖ്യമന്ത്രിയെ ചേര്‍ത്തു നിര്‍ത്തിയപ്പോള്‍ സദസില്‍ നിന്നും വലിയ കരഘോഷം ഉയര്‍ന്നു. ജോസ്‌ കെ. മാണി വിജയിച്ചു വരേണ്ടതിന്റെ ആവശ്യങ്ങള്‍ പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. റബര്‍ കര്‍ഷകരെ ഒപ്പം നിര്‍ത്തിയ സര്‍ക്കാരാണ്‌ ഇടത്‌ സര്‍ക്കാര്‍. റബറിന്‌ വിലസ്‌ഥിരതാ ഫണ്ട്‌ നല്‍കുന്ന ഏക സംസ്‌ഥാനവും കേരളമാണ്‌. മൂന്നാം വട്ടവും ഇടതു സര്‍ക്കാര്‍ വന്നാല്‍ മാത്രമേ വികസനത്തുടര്‍ച്ച ഉണ്ടാകൂ. വേദിയിലുണ്ടായിരുന്ന കടുത്തുരുത്തിയിലെ എല്‍.ഡി.എഫ്‌്. സ്‌ഥാനാര്‍്‌ഥി നിര്‍മ്മല ജിമ്മിക്കു വേണ്ടിയും വോട്ടഭ്യര്‍ത്ഥിച്ച്‌ മുഖ്യമന്ത്രി വേദി വിട്ടിറങ്ങുമ്പോള്‍ സമയം രാത്രി എഴരയായി. ഇന്നതെ തെരഞ്ഞെടുപ്പ്‌ പ്രചരണം എറണാകുളം ജില്ലായിലാണ്‌. രാത്രി തന്നെ എറണാകുളത്തേക്ക്‌.

Ads by Google
Wednesday 25 Mar 2026 11.28 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW