Friday, March 27, 2026 Last Updated 10 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 26 Mar 2026 11.18 PM

വാക്കിലെ വിഷം, ജനാധിപത്യത്തിന്‌ അപമാനം

uploads/news/2026/03/832489/ed.jpg

ജനാധിപത്യത്തിന്റെ ഉത്സവമാകേണ്ട തെരഞ്ഞെടുപ്പ്‌ കാലം പലപ്പോഴും തരംതാണ വ്യക്‌തിഹത്യകളുടെയും അശ്ലീല പ്രയോഗങ്ങളുടെയും വേദിയാകുന്നത്‌ അങ്ങേയറ്റം നിര്‍ഭാഗ്യകരമാണ്‌. കായംകുളത്തെ എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയും സിറ്റിങ്‌ എം.എല്‍.എയുമായ യു. പ്രതിഭയ്‌ക്കെതിരേ യു.ഡി.എഫ്‌. മണ്ഡലം കണ്‍വീനറും മുസ്ലിം ലീഗ്‌ നേതാവുമായ എ. ഇര്‍ഷാദ്‌ ചക്കാലശേരി നടത്തിയ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ കേരളത്തിന്‌ വീണ്ടും അപമാനമായിരിക്കുകയാണ്‌. ഒരു ജനപ്രതിനിധിയുടെ വാക്‌ചാതുര്യത്തെയും ശരീരത്തെയും കുറിച്ച്‌ അശ്ലീലം കലര്‍ന്ന രീതിയില്‍ സംസാരിക്കുന്നത്‌ സാംസ്‌കാരിക സമൂഹത്തിന്‌ ചേര്‍ന്നതല്ല. പ്രസംഗത്തിന്റെ ഒരു ഭാഗം അടര്‍ത്തിയെടുത്തതാണെന്ന ന്യായീകരണം ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്‌ഥിരം പല്ലവിയാണെങ്കിലും, കേട്ടാലറയ്‌ക്കുന്ന വാക്കുകള്‍ പൊതുവേദിയില്‍ പ്രയോഗിച്ചു എന്നത്‌ മാപ്പര്‍ഹിക്കാത്ത തെറ്റാണ്‌.
മതസ്‌പര്‍ദ്ധയുണ്ടാക്കുന്ന പ്രസ്‌താവനകള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന്‌ മുന്‍പ്‌ ഞങ്ങള്‍ ഓര്‍മിപ്പിച്ചിരുന്നു. എന്നാല്‍, അതിനോടൊപ്പം തന്നെ ഗൗരവകരമാണ്‌ രാഷ്‌ട്രീയ വൈരത്തിന്റെ പേരില്‍ നടത്തുന്ന ഇത്തരം സ്‌ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍. സ്‌ത്രീത്വത്തെ അപമാനിക്കുന്നതും വ്യക്‌തിത്വത്തെ ഹനിക്കുന്നതുമായ പ്രയോഗങ്ങള്‍ക്കെതിരേ സമൂഹം ഒന്നിച്ച്‌ നില്‍ക്കേണ്ടതുണ്ട്‌. രാഷ്‌ട്രീയ വിയോജിപ്പുകള്‍ നയപരമായ വിമര്‍ശനങ്ങളിലൂടെയാണ്‌ തീര്‍ക്കേണ്ടത്‌, അല്ലാതെ അപരന്റെ ശരീരത്തെയോ സ്വകാര്യ ജീവിതത്തെയോ ലക്ഷ്യം വച്ചല്ല. ഈ വിഷയത്തില്‍ രാഷ്‌ട്രീയത്തിനതീതമായി തെറ്റായ പരാമര്‍ശത്തെ തള്ളിപ്പറയാന്‍ തയാറായ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി എം. ലിജുവിന്റെ നിലപാട്‌ അഭിനന്ദനീയമാണ്‌. സ്വന്തം മുന്നണിയിലെ നേതാവ്‌ വരുത്തിയ പിഴവിനെ ന്യായീകരിക്കാതെ, അത്‌ തെറ്റാണെന്ന്‌ തുറന്നു പറയാനും ഖേദം പ്രകടിപ്പിക്കാനും കാണിച്ച ആര്‍ജവം മറ്റു രാഷ്‌ട്രീയ നേതാക്കള്‍ മാതൃകയാകേണ്ടതാണ്‌.
കേരള രാഷ്‌ട്രീയത്തില്‍ സ്‌ത്രീവിരുദ്ധത പലപ്പോഴും നേതാക്കളുടെ നാവില്‍ നിന്ന്‌ കേള്‍ക്കാനിടവന്നിട്ടുണ്ട്‌ എന്ന യാഥാര്‍ത്ഥ്യം നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്‌. മുന്‍പ്‌ മൂന്നാറില്‍ സമരം ചെയ്‌ത 'പെമ്പിളൈ ഒരുമൈ' പ്രവര്‍ത്തകരെ അധിക്ഷേപിച്ച മന്ത്രിയായിരുന്ന എം.എം. മണിയുടെ വാക്കുകള്‍ നാം കേട്ടതാണ്‌. മുന്‍പൊരു തെരഞ്ഞെടുപ്പ്‌ സമയത്ത്‌ യു.ഡി.എഫിന്റെ വനിതാ സ്‌ഥാനാര്‍്‌ഥിക്കെതിരേ എ. വിജയരാഘവന്‍ നടത്തിയ തരംതാണ പരാമര്‍ശങ്ങളും കേരളം മറന്നിട്ടില്ല. കൗതുകകരമെന്നു പറയട്ടെ, ഇപ്പോള്‍ അധിക്ഷേപത്തിന്‌ ഇരയായ യു. പ്രതിഭ തന്നെ മുന്‍പ്‌ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ മോശം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്‌ എന്നത്‌ മറ്റൊരു വിരോധാഭാസമാണ്‌. ആര്‌ നടത്തിയാലും, എപ്പോള്‍ നടത്തിയാലും സ്‌ത്രീവിരുദ്ധത അപലപിക്കപ്പെടേണ്ടതുണ്ട്‌. തെരഞ്ഞെടുപ്പ്‌ ജയിക്കാന്‍ ഏതു ആയുധവും പ്രയോഗിക്കാം എന്ന നേതാക്കളുടെ ധാരണ തിരുത്തപ്പെടണം.
ഇര്‍ഷാദിനെതിരേ മുസ്ലിം ലീഗ്‌ സ്വീകരിച്ച അച്ചടക്ക നടപടിയും പോലീസ്‌ എടുത്ത ക്രിമിനല്‍ കേസും ഇത്തരം പ്രവണതകള്‍ക്ക്‌ തടയിടാന്‍ സഹായിക്കുമെന്ന്‌ പ്രത്യാശിക്കാം. ജില്ലാ കലക്‌ടറുടെ ഇടപെടലും മാതൃകാപരമാണ്‌. രാഷ്‌ട്രീയ നേതാക്കളുടെ നാവിനെ ചങ്ങലയ്‌ക്കിടാന്‍ പാര്‍ട്ടി നേതൃത്വങ്ങള്‍ തയാറാകണം. അധികാരത്തിലേറാനുള്ള വെപ്രാളത്തില്‍ മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നവര്‍ക്ക്‌ ജനങ്ങളുടെ മനസില്‍ നികൃഷ്‌ട സ്‌ഥാനമാണ്‌ ലഭിക്കുകയെന്നത്‌ വിസ്‌മരിക്കരുത്‌. സ്‌ത്രീകളുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന പ്രവണതയ്‌ക്കെതിരേ ജാഗ്രത പുലര്‍ത്തേണ്ടത്‌ ഓരോ ജനാധിപത്യ വിശ്വാസിയുടെയും കടമയാണ്‌.

Ads by Google
Thursday 26 Mar 2026 11.18 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW