-->
നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഏറ്റെടുത്തിരിക്കുന്ന പ്രധാന വിഷയം ശബരിമല സ്വര്‍ണക്കൊള്ളയും യുവതീപ്രവേശത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന ഇരട്ടത്താപ്പുമാണെന്നു യു.ഡി.എഫ്. പ്രചാരണ സമിതി അധ്യക്ഷനും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫീസില്‍ ബി.ജെ.പിയുടെ സീല്‍ കണ്ടെത്തിയതു ഗൗരവമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ ശബരിമല സ്വര്‍ണക്കൊള്ളയെക്കുറിച്ച് അന്വേഷിക്കുമോ?
തീര്‍ച്ചയായും. യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ ശബരിമല സ്വര്‍ണക്കൊള്ളയെക്കുറിച്ചു ശരിയായ അന്വേഷണം നടത്തും. ശബരിമല സ്വര്‍ണക്കൊള്ള ആവിയാക്കിയത് സര്‍ക്കാരാണ്. മുതിര്‍ന്ന സി.പി.എം, സി.പി.ഐ. നേതാക്കള്‍ ഉള്‍പ്പെട്ട കേസില്‍ ഭാഗികമായിപ്പോലും കുറ്റപത്രം നല്‍കാതെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് എസ്.ഐ.ടി. സ്വീകരിച്ചത്. ഇതിനു സര്‍ക്കാരിന്റെ ഒത്താശയുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ഭാഗികമായ കുറ്റപത്രം നല്‍കിയതുകൊണ്ടാണ് പ്രതികള്‍ക്കു ജാമ്യം നിഷേധിക്കപ്പെട്ടത്. ഇതുപോലെ ശബരിമല സ്വര്‍ണക്കൊള്ളക്കേസിലും ഭാഗികമായെങ്കിലും കുറ്റപത്രം സമര്‍പിക്കണമായിരുന്നു. അതു ചെയ്യാതിരുന്നതു സി.പി.എം. ഉന്നത നേതാക്കളെ സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു.
ശബരിമല യുവതീപ്രവേശനത്തെക്കുറിച്ച്?
ശബരിമല യുവതീപ്രവേശനത്തില്‍ സര്‍ക്കാര്‍ ഇരട്ടത്താപ്പാണ് സ്വീകരിച്ചത്. വിശ്വാസികള്‍ക്കൊപ്പമാണെന്നു പറയുകയും സുപ്രീം കോടതിയില്‍ യുവതീപ്രവേശനത്തെ അനുകൂലിക്കുന്ന സത്യവാങ്‌മൂലത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നത് കാപട്യമാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ആവര്‍ത്തിച്ച് നുണപറയുകയാണ്. അദ്ദേഹം പറയുന്ന നുണകള്‍ കേട്ട് സഹികെട്ടാണ് അദ്ദേഹത്തിന്റെ വേദികളില്‍ ഉച്ചഭാഷിണികള്‍ പോലും പണിമുടക്കുന്നത്. യു.ഡി.എഫ്. വന്നാല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്‌മൂലം പുനഃസ്‌ഥാപിക്കും.
ഭൂരിപക്ഷ, ന്യൂനപക്ഷ, വര്‍ഗീയ
പ്രീണനം, ഡീല്‍?
വര്‍ഗീയ പ്രീണനമാണ് ഇടതുമുന്നണിയുടെ നയം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അവര്‍ ന്യൂനപക്ഷ പ്രീണന സമീപനം സ്വീകരിച്ചു.
ഇപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയതയെയാണ് താലോലിക്കുന്നത്. യു.ഡി.എഫ്. വെല്‍ഫയര്‍ പാര്‍ട്ടിയുടെ പിന്തുണ വാങ്ങിയെന്ന് ആക്ഷേപിക്കുകയും മറുവശത്ത് പി.ഡി.പിയുടെ തുറന്ന പിന്തുണ സ്വീകരിക്കുകയും ചെയ്യുകയാണ് ഇടതുമുന്നണി ചെയ്യുന്നത്. ഭൂരിപക്ഷ പ്രീണന നയമെന്ന ബി.ജെ.പിയുടെ അജന്‍ഡയാണ് സി.പി.എമ്മും നടപ്പാക്കുന്നത്. രണ്ടു കൂട്ടരുടെയും ലക്ഷ്യം കോണ്‍ഗ്രസിനെ ഇല്ലാതാക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ അജന്‍ഡ നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള ഡീലുകള്‍ സര്‍വ വ്യാപകമാണ്.
ബി.ജെ.പി. സ്‌ഥാനാര്‍ഥികളെ സഹായിക്കാന്‍ സ്വാധീന മേഖലകളില്‍ സി.പി.എം. ദുര്‍ബല സ്‌ഥാനാര്‍ഥികളെയും ബി.ജെ.പി. സ്വാധീന മേഖലകളില്‍ സി.പി.എമ്മിനെ സഹായിക്കാന്‍ ദുര്‍ബലരായ ട്വന്റി-20 സ്‌ഥാനാര്‍ഥികളെയുമാണ് മത്സരിപ്പിക്കുന്നത്. 1977 മുതല്‍ കേരളത്തില്‍ സി.പി.എമ്മും സംഘപരിവാറും തമ്മിലുള്ള ധാരണ ഉണ്ടായിരുന്നു. 1977ല്‍ കൂത്തുപറമ്പില്‍ പിണറായി വിജയന്‍ 4,400 വോട്ടുകള്‍ നേടി വിജയിച്ചത് സംഘപരിവാര്‍ ഉള്‍പ്പെട്ട ജനതാ പാര്‍ട്ടിയുടെ വോട്ട് നേടിയാണ്. എന്നാല്‍, കേരളത്തില്‍ ഒരു കാലത്തും സംഘപരിവാര്‍ സംഘവുമായോ ബി.ജെ.പിയുമായോ കോണ്‍ഗ്രസ് ഒരു ധാരണയും ഉണ്ടാക്കിയിട്ടില്ല. എത്ര വര്‍ഗീയത പറഞ്ഞാലും ആരെ പ്രീണിപ്പിച്ചാലും ഈ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. നൂറില്‍ കൂടുതല്‍ സീറ്റ് നേടി അധികാരത്തിലെത്തും.
കമ്യൂണിസ്‌റ്റുകാര്‍ സി.പി.എം.
വിട്ടുപോകുന്നതിനെക്കുറിച്ച്?
ചരിത്രത്തില്‍ ഒരിക്കലുമുണ്ടായിട്ടില്ലാത്ത അപചയമാണ് സി.പി.എം. അഭിമുഖീകരിക്കുന്നത്. അതില്‍ സഹികെട്ടാണ് ഉത്തമരായ കമ്യൂണിസ്‌റ്റുകാര്‍ സി.പി.എം. വിട്ടുപോകുന്നത്. സത്യസന്ധരും ജനസമ്മതിമുള്ളവരും ആയതുകൊണ്ടാണ് സി.പി.എമ്മില്‍നിന്നു പുറത്തു വന്ന ജി. സുധാകരന്‍, ടി.കെ. ഗോവിന്ദന്‍, വി. കുഞ്ഞിക്കൃഷ്‌ണന്‍, എ. സുരേഷ്, പി.കെ. ശശി തുടങ്ങിയവര്‍ക്കു യു.ഡി.എഫ്. സീറ്റ് നല്‍കിയത്.
അരനൂറ്റാണ്ടിലേറെ പാര്‍ട്ടിക്കുവേണ്ടി നിസ്വാര്‍ഥമായി പ്രവര്‍ത്തിച്ച തികഞ്ഞ സത്യസന്ധനായ കമ്യൂണിസ്‌റ്റ് നേതാവ് ജി. സുധാകരനെ സി.പി.എം. അപമാനിച്ചാണ് പുകച്ചു പുറത്തുചാടിച്ചത്. സത്യസന്ധനായ ഒരു കമ്യൂണിസ്‌റ്റിനോട് സി.പി.എം. ചെയ്‌തത്
കൊടുംചതിയാണ്. വിദ്യാര്‍ഥി കാലഘട്ടം മുതല്‍ സുധാകരനെ നേരിട്ടറിയാം. അന്നു പല പരിപാടികളിലും ഒന്നിച്ചു പങ്കെടുത്തിട്ടുണ്ട്. വ്യക്‌തിജീവിതത്തിലും പൊതുജീവിതത്തിലും മൂല്യങ്ങള്‍ എക്കാലത്തും ഉയര്‍ത്തിപ്പിടിച്ച വ്യക്‌തിയാണ് സുധാകരന്‍. അഞ്ച് തവണ എം.എല്‍.എ. ആയപ്പോഴും ഒന്നാം പിണറായി മന്ത്രിസഭയില്‍ മന്ത്രിയായപ്പോഴും അഴിമതിക്കെതിരേ ശക്‌തമായ പോരാട്ടം നടത്തിയ പൊതുപ്രവര്‍ത്തകനാണ് അദ്ദേഹം. രാഷ്‌ട്രീയ അഭിപ്രായവ്യത്യാസമുള്ളവര്‍ക്കും അദ്ദേഹത്തെക്കുറിച്ച് വ്യക്‌തിപരമായി നല്ല അഭിപ്രായമാണുള്ളത്. അഴിമതിയില്ലാത്ത ഒരു യഥാര്‍ഥ കമ്യൂണിസ്‌റ്റിനെയാണ് സി.പി.എം. വേട്ടയാടുന്നത്. സി.പി.എമ്മിന്റെ അഴിമതി തുറന്നുകാട്ടി കൂടുതല്‍ പേര്‍ രംഗത്തു വരുന്നതിന്റെ ഭാഗമായാണ് അടൂര്‍ മുന്‍ എം.എല്‍.എ: ആര്‍. ഉണ്ണിക്കൃഷ്‌ണ പിള്ളയുടെ ഭാര്യ പൊന്‍താമര പിള്ള അടൂര്‍ സഹകരണ ബാങ്കിന്റെ പ്രസിഡന്റ് സ്‌ഥാനം രാജിവച്ചത്. ഈ തെരഞ്ഞെടുപ്പില്‍ നല്ല കമ്യൂണിസ്‌റ്റുകാരെല്ലാം യു.ഡി.എഫിനു വോട്ട് ചെയ്യും.
തെരഞ്ഞെടുപ്പ് കമ്മിഷന്‍
നിലപാടുകളെക്കുറിച്ച്?
കോണ്‍ഗ്രസിനു ഭൂരിപക്ഷം കിട്ടുന്ന മൂന്നു സംസ്‌ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വളരെ പെട്ടെന്നാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഒരിക്കലും ഇത്രയും കുറഞ്ഞ സമയങ്ങളില്‍ ഒരു തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ആദ്യ ദിവസം നോമിനേഷന്‍ പേപ്പര്‍ കിട്ടിയില്ല. കമ്മിഷന്‍ ഓഫീസില്‍ ബി.ജെ.പിയുടെ സീല്‍ കണ്ടെത്തിയ വിഷയം ഗൗരവമുള്ളതാണ്. ബി.ജെ.പിയുടെ സീല്‍ അടിച്ച സര്‍ക്കുലറാണ് പുറത്തുവന്നത്. ഈ സീല്‍ എങ്ങനെ അവിടെ വന്നു. ഇന്ത്യയില്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ്.
ഉണ്ണി വി.ജെ. നായര്‍