Saturday, March 14, 2026 Last Updated 18 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 02.37 PM

‘ആ സിനിമയും എന്റെ കഥാപാത്രവും ഓര്‍ക്കുന്നുണ്ടെന്ന് അറിഞ്ഞതില്‍ സന്തോഷം...’ 26 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സിനിമയുടെ ലൊക്കേഷന്‍ സ്റ്റില്‍ പങ്കിട്ട് ബാലചന്ദ്രമേനോന്‍

മലയാളസിനിമയില്‍ പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത ചലച്ചിത്രലോകത്തെ എക്കാ​ലത്തെയും ബഹുമുഖപ്രതിഭയാണ് ബാലചന്ദ്രമേനോന്‍. ഇപ്പോഴിതാ തന്റെ പഴയ സിനിമയിലെ ലൊക്കേഷന്‍ സ്റ്റില്‍ പങ്കിട്ട് സന്തോഷം പങ്കുവയ്ക്കുകയാണ് ബാലചന്ദ്രമേനോന്‍.
Balachandra Menon,  Melevariyathe Malakhakuttikal movie
Balachandra Menon about Melevariyathe Malakhakuttikal movie (Image Source: Instagram)

പ്രത്യേകിച്ച് യാതൊരു പരിചയപ്പെടുത്തലുകളും ആവശ്യമില്ലാത്ത മലയാള സിനിമയിലെ ബഹുമുഖപ്രതിഭയാണ് ബാലചന്ദ്രമേനോന്‍. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിങ്ങനെ സ്ക്രീനില്‍ എഴുതി താഴെയായി ബാലചന്ദ്രമേനോന്‍ എന്നെഴുതി കണ്ടാല്‍ ഒരു കാലത്ത് കുടുംബപ്രേക്ഷകർ ആവേശത്തോടെ ആ സിനിമകള്‍ കാണുമായിരുന്നു. സംവിധാനം, തിരക്കഥ, അഭിനയം, ഗാനരചന, സംഗീതം എന്നിങ്ങനെ സിനിമയുടെ സമസ്ത മേഖലകളിലും ഒരേപോലെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഈ കലാകാരന് കഴിഞ്ഞിട്ടുണ്ട്.
സിനിമാമേഖലയില്‍ നിന്ന് താരമിപ്പോള്‍ ഇടവേളയെടുത്തിട്ട് കാലമൊരുപാടായി. എങ്കിലും സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളും അഭിപ്രായങ്ങളും സന്തോഷങ്ങളുമൊക്കെ താരം പങ്കിടാറുണ്ട്. അതൊക്കെ ദ്രുതഗതിയില്‍ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്.
ഇപ്പോഴിതാ 26 വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ അഭിനയിച്ച ഒരു സിനിമയില്‍ നിന്നുള്ള ത്രോബാക്ക് സ്റ്റില്‍ പങ്കിടുകയാണ് ബാലചന്ദ്രമേനോന്‍. മേലേവാര്യത്തെ മാലാഖക്കുട്ടികൾ എന്ന സിനിമയിലെ ലൊക്കേഷന്‍ ചിത്രത്തിനൊപ്പം ഇപ്പോഴും ആ സിനിമയും കഥാപാത്രവും പ്രേക്ഷകര്‍ ഓര്‍ക്കുന്നുണ്ടെന്നറിഞ്ഞതില്‍ സന്തോഷമെന്നും ബാലചന്ദ്രമേനോന്‍ കുറിക്കുന്നു.
‘‘അതെ, അത് പല്ലവി ഇന്റർനാഷണലിന്റെ ബാനറിൽ തുളസീദാസ് സംവിധാനം ചെയ്ത് രാജൻ കിരിയത്ത് തിരക്കഥയെഴുതി 2000-ൽ പുറത്തിറങ്ങിയ മേലേവാര്യത്തെ മാലാഖക്കുട്ടികൾ എന്ന ചിത്രത്തിലെ ചിത്രമാണ്...രമേശൻ നായർ - ബേണി ഇഗ്നേഷ്യസ് കോംബോ..
പലർക്കും ആ സിനിമയും എന്റെ കഥാപാത്രവും ഓർമ്മയുണ്ടെന്ന് കേട്ടതിൽ സന്തോഷം...’’ എന്നാണ് ബാലചന്ദ്രമേനോന്‍ കുറിച്ചിരിക്കുന്നത്.
ഗീത, അഭിരാമി, ജോമോൾ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. ഈ സിനിമയിലെ ‘മുത്തോല കൊട്ടാരം... പത്ത് പറ പത്തായം...’ എന്ന പാട്ട് റീല്‍സ് വീഡിയോകളിലൂടെയും മറ്റും ഇന്നും ആസ്വാദകര്‍ക്കിടയില്‍ നിറഞ്ഞു നില്‍ക്കുന്ന ഗാനമാണ്.

ഒരു കാലത്ത് മലയാള സിനിമയില്‍ പകരം വയ്ക്കാനില്ലാത്ത പേരായിരുന്നു ബാലചന്ദ്രമേനോന്റേത്. ഹിറ്റും സൂപ്പർഹിറ്റും ഒരുക്കി മലയാളസിനിമയെ വിസ്മയിപ്പിച്ച ബാലചന്ദ്രമേനോന്റെ നായകവേഷങ്ങള്‍ ഇന്നും സ്ത്രീകൾക്ക് ഹരമാണ്. തങ്ങളുടെ ഭർത്താവും കാമുകനും സഹോദരനും ഇങ്ങനെയായിരിക്കണമെന്ന് ബാലചന്ദ്രമേനോന്റെ സിനിമകളെ ഉപമിച്ചാണ് പലപ്പോഴും സ്ത്രീകള്‍ പറഞ്ഞിരുന്നത്.
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ സിനിമകൾ സ്വന്തമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത് അഭിനയിച്ച വ്യക്തി എന്ന നിലയിൽ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ പോലും താരം ഇടം പിടിച്ചിട്ടുണ്ട്. മികച്ച സിനിമകള്‍ മാത്രമല്ല മലയാളസിനിമയ്ക്ക് ഒരുപാട് പുതുമുഖ താരങ്ങളെയും ബാലചന്ദ്രമേനോന്‍ സമ്മാനിച്ചിട്ടുണ്ട്. ശോഭന, പാർവ്വതി, മണിയൻപിള്ള രാജു, കാർത്തിക, ആനി, നന്ദിനി തുടങ്ങിയ മുൻനിര നടിനടന്മാർ താരത്തിന്റെ കൈപിടിച്ചാണ് സിനിമയിലെത്തിയത്.
വര്‍ഷങ്ങളായി സിനിമയില്‍ നിന്നകന്നു കഴിയുകയാണെങ്കിലും ഇന്നും കുടുംബബന്ധങ്ങളുടെ തീവ്രതയും നർമ്മവും കലർന്ന താരത്തിന്റെ ചിത്രങ്ങൾ സാധാരണക്കാരായ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW