-->
കഴിഞ്ഞ ഏതാനും മാസങ്ങളായി തുടരുന്ന പശ്ചിമേഷ്യന്‍ യുദ്ധം ലോകമെമ്പാടുമുള്ള ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. മിക്ക രാജ്യങ്ങളിലും ഇന്ധനക്ഷാമം അതിരൂക്ഷമായി തുടരുമ്പോള്‍ മറ്റുപല രാജ്യങ്ങളും ഇന്ധനക്ഷാമ ഭീഷണിയുടെ വക്കിലാണ്. ഇതിനിടയിലാണ് ഓസ്‌ട്രേലിയയില്‍ ഒരാള്‍ വന്‍തോതില്‍ പെട്രോള്‍ ശേഖരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം എണ്ണ ലഭ്യതയെ ബാധിക്കുമെന്ന ഭയമാണ് ഇത്തരം പരിഭ്രാന്തിയിലേക്കും പൂഴ്ത്തിവെപ്പിലേക്കും ആളുകളെ നയിക്കുന്നതെന്നാണ് വീഡിയോ കണ്ട പലരും അഭിപ്രായപ്പെടുന്നത്.
വില്ല്യം പവര്‍ഫിഷ് എന്ന് സമൂഹ മാധ്യമങ്ങളില്‍ അറിയപ്പെടുന്ന വില്ല്യം അന്‍ഗെര്‍മാന്‍ എന്ന സമൂഹ മാധ്യമ പ്രാങ്ക്സ്റ്റര്‍ ആണ് ഈ വീഡിയോ പകര്‍ത്തിയത്. ഈ ആഴ്ച ആദ്യം ഓസ്‌ട്രേലിയയിലെ ട്വീഡ് ഹെഡ്‌സിലെ ഒരു പെട്രോള്‍ പമ്പില്‍ ഒരാള്‍ നിരവധി കാനികളില്‍ പെട്രോള്‍ നിറയ്ക്കുന്നത് കണ്ടപ്പോഴാണ് താന്‍ വീഡിയോ റെക്കോര്‍ഡ് ചെയ്തതെന്ന് അദ്ദേഹം പറയുന്നു. വീഡിയോയില്‍ ഒരു െ്രെഡവര്‍ തന്റെ വാഹനത്തിന്റെ പിന്നില്‍ വച്ചിരിക്കുന്ന നിരവധി ജെറി ക്യാനുകളിലേക്ക് പെട്രോള്‍ പമ്പ് ചെയ്യുന്നതായി കാണാം. റെക്കോര്‍ഡിംഗ് തുടരുമ്പോള്‍, ക്യാമറ കാറിന്റെ തുറന്ന ബൂട്ടിലേക്ക് നീളുന്നു. അവിടെ പെട്രോള്‍ നിറച്ച നിരവധി കണ്ടെയ്‌നറുകള്‍ കാണാം. അവയില്‍ ജെറി ക്യാനുകള്‍, മെറ്റല്‍ കാനിസ്റ്ററുകള്‍, ഒരുമിച്ച് പായ്ക്ക് ചെയ്ത വാട്ടര്‍ കണ്ടെയ്‌നറുകള്‍ എന്നിവയടക്കമുണ്ട്.
ഭാവിയിലെ പ്രതിസന്ധി ഓര്‍ത്തുള്ള ഇത്തരം 'പാനിക് ബയിങ്' രീതികള്‍ മറ്റ് രാജ്യങ്ങളിലും ദൃശ്യമാണ്. ഇന്ധനത്തിന് പുറമെ പാചകവാതകക്ഷാമവും പലയിടത്തും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇന്ത്യയിലെ പല പ്രമുഖ നഗരങ്ങളിലെയും ഹോട്ടലുകള്‍ മിക്കതും അടഞ്ഞ് കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യക്തിപരമായ സുരക്ഷിതത്വം മാത്രം നോക്കി സാധനങ്ങള്‍ പൂഴ്ത്തിവെക്കുന്നത് സമൂഹത്തില്‍ വലിയ പ്രതിസന്ധികള്‍ക്ക് കാരണമാകുമെന്ന ചര്‍ച്ചകള്‍ക്കും ഈ വീഡിയോ വഴിതെളിച്ചു.