-->
ലണ്ടനിലെ പ്രമുഖ ഇന്ത്യന്‍ റെസ്‌റ്റോറന്റായ 'ദി സ്‌പൈസ് പുറത്തുവിട്ട ഒരു ഞെട്ടിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഭക്ഷണം കഴിച്ച ശേഷം പണം നല്‍കാതെ കടന്നുകളഞ്ഞ സംഘത്തിന്റെ ദൃശ്യങ്ങളാണ് അധികൃതര്‍ പുറത്തുവിട്ടത്. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ ഒരാളാണ് ബില്ല് നല്‍കാതെ തന്ത്രപരമായി പുറത്തുകടക്കാന്‍ ശ്രമിച്ചത്. പുറത്തുനിന്ന് എന്തോ എടുക്കാനുണ്ടെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ തടയാന്‍ ശ്രമിച്ച റെസ്‌റ്റോറന്റ് ജീവനക്കാരനെ സംഘം ക്രൂരമായി തള്ളി വീഴ്ത്തുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ലണ്ടനിലെ മലയാളി സമൂഹത്തിനിടയിലും ബിസിനസ്സ് രംഗത്തും ഉയരുന്നത്.
ഇടത്തരം ശരീരപ്രകൃതിയുള്ള, കറുത്ത മുടിയും താടിയും മീശയുമുള്ള ഒരാളാണ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്ന് റെസ്‌റ്റോറന്റ് അധികൃതര്‍ വ്യക്തമാക്കി. സമാനമായ തട്ടിപ്പുകള്‍ മറ്റ് ബിസിനസ്സ് സ്ഥാപനങ്ങളിലും നടക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് റെസ്‌റ്റോറന്റ് ഉടമകള്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉപഭോക്താക്കളില്‍ നിന്ന് മുന്‍കൂട്ടി പണം ഈടാക്കുന്ന രീതി നടപ്പിലാക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും അവര്‍ മറ്റ് റെസ്‌റ്റോറന്റ് ഉടമകളോട് നിര്‍ദ്ദേശിച്ചു.
സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ലണ്ടനില്‍ ഇത്തരം 'ഈറ്റ് ആന്‍ഡ് റണ്‍' കേസുകള്‍ വര്‍ദ്ധിച്ചുവരുന്നത് ചെറുകിട വ്യാപാരികളെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ട്. നിലവില്‍ ലണ്ടന്‍ പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളെ തിരിച്ചറിയാന്‍ സഹായിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.