-->
400 സിസി എഞ്ചിനോട് ഗുഡ്‌ബൈ പറഞ്ഞിറങ്ങാന്‍ ഒരുങ്ങുകയാണ് ബ്രിട്ടീഷ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ട്രയംഫ്. പകരം മോഡലുകളിലേക്ക് പുതിയ 350 സിസി എഞ്ചിന്‍ വെച്ചുപിടിപ്പിക്കാനാണ് നീക്കം. ഇതിലൂടെ വില കുറയ്ക്കാന്‍ സാധിയ്ക്കുമെന്നാണ് കമ്പനി കരുതുന്നത്. ട്രയംഫ് മോട്ടോര്‍സൈക്കിള്‍സിന്റെ പുതിയ 350 സിസി മോട്ടോര്‍സൈക്കിള്‍ ശ്രേണി ഏപ്രില്‍ ആദ്യ വാരത്തില്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
വരാനിരിക്കുന്ന നിരയില്‍ സ്പീഡ്, സ്‌ക്രാംബ്ലര്‍, ത്രക്സ്റ്റണ്‍ മോഡലുകള്‍ ഉള്‍പ്പെടുമെന്നൊണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ ട്രാക്കര്‍ വേരിയന്റ്, സ്പീഡ് T4 റോഡ്സ്റ്ററിന്റെ ചെറിയ ശേഷിയുള്ള പതിപ്പ് തുടങ്ങിയ മറ്റ് മോഡലുകളും ട്രയംഫ് തങ്ങളുടെ ശ്രേണിയിലേക്ക് ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ 350 സിസി ശ്രേണിയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് അതിന്റെ വില നിര്‍ണയമായിരിക്കും. 18 ശതമാനം ജിഎസ്ടി പരിധിയില്‍ വരുന്നതോടെ ഉയര്‍ന്ന നികുതി ഈടാക്കുന്ന 400 സിസി മോഡലുകളേക്കാള്‍ ഈ മോട്ടോര്‍സൈക്കിളുകള്‍ കൂടുതല്‍ വില കുറഞ്ഞതായിരിക്കും.
ട്രയംഫ് ബൈക്കുകളുടെ എക്‌സ്‌ഷോറൂം വിലയില്‍ ഏകദേശം 15,000 രൂപ മുതല്‍ 20,000 രൂപ വരെ കുറവുണ്ടാകാം. അതേസമയം മൊത്തത്തിലുള്ള ഓണ്‍-റോഡ് വില വ്യത്യാസം വേരിയന്റിനെ ആശ്രയിച്ച് 25,000 രൂപ മുതല്‍ 30,000 രൂപ വരെയാകാം. സ്പീഡ് 400 റോഡ്സ്റ്ററിന് ഇപ്പോള്‍ 2.39 ലക്ഷം രൂപയും സ്പീഡ് T4 ബൈക്കിന് 1.95 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില വരുന്നത്. നിലവിലുള്ള 398 സിസി എഞ്ചിന്റെ വലിപ്പം കുറഞ്ഞ പതിപ്പായിരിക്കും ഈ പുതിയ ശ്രേണിയുടെ ഹൃദയം.
സ്‌ട്രോക്ക് നിലനിര്‍ത്തുന്നതിനൊപ്പം ബോര്‍ കുറയ്ക്കാനും, ഡിസ്‌പ്ലേസ്‌മെന്റ് ഏകദേശം 349 സിസിയായി കുറയ്ക്കാനും ട്രയംഫ് സാധ്യതയുണ്ട്. ഈ മാറ്റം കുറഞ്ഞ ഓവര്‍-സ്‌ക്വയര്‍ കോണ്‍ഫിഗറേഷന് കാരണമാകുമെന്നതും ശ്രദ്ധേയമാണ്. ഇത് സാധാരണയായി ലോ-എന്‍ഡ്, മിഡ്-റേഞ്ച് പെര്‍ഫോമന്‍സ് മെച്ചപ്പെടുത്താനും മോട്ടോര്‍സൈക്കിളുകളെ സഹായിക്കും. അതായത് സിറ്റി ഡ്രൈവിംഗില്‍ ഇത് വലിയ സഹായകരമാവും. ഔദ്യോഗിക കണക്കുകള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പുതിയ എഞ്ചിന്‍ 35 bhp കരുത്തില്‍ ഏകദേശം 32 മുതല്‍ 33 Nm ടോര്‍ക്ക് വരെയും നിര്‍മിക്കാന്‍ യോഗ്യമായിരിക്കുമെന്നാണ് അനുമാനം. അതോടൊപ്പം മൈലേജും ഉയരാന്‍ സാധ്യതയുണ്ട്.