Wednesday, March 11, 2026 Last Updated 36 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 05 Mar 2026 12.25 PM

ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ക്ക് ഗംഭീര വിലക്കുറവും ആനുകൂല്യങ്ങളും ; ഹോളി പൊടിപൊടിയ്ക്കാന്‍ ഒരുങ്ങി ഓല

with, holi

ഹോളിയുടെ ഭാഗമായി ഓല തങ്ങളുടെ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളില്‍ ഗംഭീര വിലക്കുറവും സമയബന്ധിതമായ പ്രമോഷണല്‍ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണ്. ഓല റോഡ്സ്റ്ററിന്റെ പുതുക്കിയ എന്‍ട്രി വില 79,999 രൂപയാണ് എന്നതാണ് പ്രധാന ആകര്‍ഷണം. മൂന്ന് ബാറ്ററി കോണ്‍ഫിഗറേഷനുകളിലാണ് ഇവി വാഗ്ദാനം ചെയ്യുന്നത്. ഓല റോഡ്സ്റ്ററിന്റെ 2.5 kWh വേരിയന്റിന് 79,999 രൂപയും, 3.5 kWh വേരിയന്റിന് 92,999 രൂപയും, 4.5 kWh പതിപ്പിന് 99,999 രൂപയുമാണ് വില. അതേസമയം റോഡ്സ്റ്റര്‍ X പ്ലസിന്റെ 4.5 kWh ബാറ്ററി പതിപ്പിന് 1,09,999 രൂപയും 9.1 kWh ബാറ്ററി പതിപ്പിന് 1,89,000 രൂപയുമാണ് നിലവിലെ എക്‌സ്‌ഷോറൂം വിലയെന്ന് കമ്പനി പറയുന്നു.

റോഡ്സ്റ്റര്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ 4.5 kWh ബാറ്ററി പായ്ക്കുമായിട്ടാണ് വാങ്ങുന്നതെങ്കില്‍ സിംഗിള്‍ ചാര്‍ജില്‍ പരമാവധി 200 കിലോമീറ്റര്‍ വരെ റേഞ്ച് തരാനും ഓല റോഡ്സ്റ്റര്‍ X വേരിയന്റിനാവും. ബ്രേക്ക്-ബൈ-വയര്‍ സാങ്കേതികവിദ്യയുള്ള ഇവിയുടെ ബ്രേക്കിംഗിനായി മുന്‍വശത്ത് ഡിസ്‌ക് ബ്രേക്കുകളും പിന്നില്‍ കോമ്പി ബ്രേക്കിംഗ് സിസ്റ്റവുമാണ് (CBS) സജ്ജീകരിച്ചിരിക്കുന്നത്. സ്‌പോര്‍ട്‌സ്, നോര്‍മല്‍, ഇക്കോ എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളും ഇലക്ട്രിക് മോട്ടോര്‍സൈക്കിളിലുണ്ടാവും. 4.3 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേ, ഓല മാപ്‌സ് നാവിഗേഷന്‍ (ടേണ്‍ ബൈ ടേണ്‍), അഡ്വാന്‍സ്ഡ് റീജനറേറ്റീവ് ബ്രേക്കിംഗ്, ക്രൂയിസ് കണ്‍ട്രോള്‍, റൈഡിംഗ് മോഡുകള്‍, DIY മോഡ്, TPMS അലേര്‍ട്ടുകള്‍, ഓവര്‍-ദി-എയര്‍ അപ്ഡേറ്റുകള്‍, ഡിജിറ്റല്‍ കീ അണ്‍ലോക്ക്, ഓല ഇലക്ട്രിക് ആപ്പുമായുള്ള കണക്റ്റിവിറ്റി എന്നിവ പോലുള്ള മികച്ച ഫീച്ചറുകളാലും ഇവി സമ്പന്നമാണ്.

ഹോളി ആഘോഷങ്ങളുടെ ഭാഗമായി കമ്പനി രണ്ട് ദിവസത്തെ പരിമിതമായ മുഹൂര്‍ത്ത ഓഫറും അവതരിപ്പിച്ചിട്ടുണ്ട്. ശുഭകരമെന്ന് കരുതുന്ന തിരഞ്ഞെടുത്ത 90 മിനിറ്റ് ടൈം സ്ലോട്ടുകളില്‍ ആക്ടിവ് വിന്‍ഡോയില്‍ മാത്രം വെളിപ്പെടുത്തിയ പ്രത്യേക വിലയില്‍ ഉപഭോക്താക്കള്‍ക്ക് പരിമിതമായ എണ്ണത്തില്‍ ഇവികള്‍ വാങ്ങാന്‍ സുവര്‍ണാവസരം ലഭിക്കും. ഈ കാലയളവിനുള്ളില്‍ റിസര്‍വ് ചെയ്യുന്നവര്‍ക്ക് 3 kWh, 4 kWh ട്രിമ്മുകളുള്ള S1 പ്രോ, 4 kWh ബാറ്ററിയുള്ള S1 പ്രോ പ്ലസ് എന്നിവയുള്‍പ്പെടെയുള്ള നിര്‍ദ്ദിഷ്ട സ്‌കൂട്ടര്‍ വേരിയന്റുകളില്‍ 8 വര്‍ഷത്തെ എക്സ്റ്റന്‍ഡഡ് വാറണ്ടി നേടാനും കഴിയും.

നിലവില്‍ ഓലയുടെ ഏതെങ്കിലും ഇവി ഉപയോഗിക്കുന്നവര്‍ക്ക് മുഹൂര്‍ത്ത വിന്‍ഡോയില്‍ നിലവിലെ ആനുകൂല്യങ്ങള്‍ക്ക് പുറമേ 5,000 രൂപയുടെ അധിക ആനുകൂല്യങ്ങളും ഉപയോഗപ്പെടുത്താനാവുന്നതാണ്. ഇന്‍സൈഡേഴ്സ് ഘടന പ്രകാരം, നിലവിലെ ഉടമകള്‍ക്ക് പഴയ തലമുറ സ്‌കൂട്ടറുകള്‍ ഏറ്റവും പുതിയ ജെന്‍ 3 S1 മോഡലുകളിലേക്കോ റോഡ്സ്റ്റര്‍ മോട്ടോര്‍സൈക്കിളുകളിലേക്കോ അപ്ഗ്രേഡ് ചെയ്യാന്‍ കഴിയും. അതില്‍ 50,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നാണ് ഓല പറയുന്നത്.

തങ്ങളുടെ പത്ത് ലക്ഷത്തിലധികം വരുന്ന ഉപഭോക്താക്കള്‍ക്കായി ഓല ഇന്‍സൈഡേഴ്സ് എന്ന പുതിയ കമ്മ്യൂണിറ്റി പ്രോഗ്രാം അവതരിപ്പിച്ചതിന്റെ ഭാഗമായുള്ള ഓഫറുകളും ആനുകൂല്യങ്ങളുമാണത്. നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വാഹനങ്ങള്‍ അപ്‌ഗ്രേഡ് ചെയ്യാനും പുതിയ വാഹനങ്ങള്‍ വാങ്ങാനും സഹായിക്കുന്ന നിരവധി ആനുകൂല്യങ്ങള്‍ ഈ പദ്ധതിയിലൂടെ കമ്പനി വാഗ്ദാനം ചെയ്യുന്നു. നിലവില്‍ ഒരു ഓല വാഹനം സ്വന്തമായുള്ള ഉപഭോക്താവ് അതേ പേരില്‍ രണ്ടാമതൊരു വാഹനം കൂടി വാങ്ങുകയാണെങ്കില്‍ 20,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കുന്നതാണ്.

Ads by Google
Ads by Google
TRENDING NOW