-->
ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് വിഡ VX2 ഇലക്ട്രിക് സ്‌കൂട്ടറിന് സ്പെഷ്യല്‍ എഡിഷന്‍ സമ്മാനിക്കുന്നു. ഐപിഎല്‍ ആവേശം ഇരട്ടിയാക്കാനായി വിഡ VX2 പ്ലസ് നൈറ്റ് എഡിഷന്‍ (Hero Vida VX2 Plus Knight Edition) എന്ന സ്പെഷ്യല്‍ ലിമിറ്റഡ് എഡിഷന്‍ ഇലക്ട്രിക് സ്‌കൂട്ടറാണ് ഹീറോ വിപണിയിലെത്തിക്കുന്നത്. ഇതിന്റെ ഭാഗമായി സ്പെഷ്യല്‍ എഡിഷന്‍ മോഡലിന്റെ ടീസര്‍ പുറത്തു വിട്ടു. മൂന്നു തവണ ഐപിഎല്‍ ജേതാക്കളായ കൊല്‍ക്കത്തക്ക് ടീം എന്ന നിലയില്‍ വമ്പന്‍ ആരാധകവൃന്ദമുണ്ട്.
നിലവിലുള്ള വിഡ VX2 പ്ലസിന്റെ അതേ രൂപകല്‍പ്പന തന്നെ നിലനിര്‍ത്തുന്ന മോഡലിന് പ്രീമിയം ലുക്ക് നല്‍കാനായി ടീമിന്റെ ലോഗോയും പ്രത്യേക ഗ്രാഫിക്സുകളും നല്‍കുന്നു. ഐപിഎല്‍ സീസണ്‍ അവസാനിക്കുന്നത് വരെ മാത്രമാകും ഈ മോഡല്‍ വിപണിയില്‍ ലഭ്യമാകുക. സ്‌കൂട്ടറിന്റെ മുന്‍ഭാഗത്ത് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ക്ക് മുകളിലായി 'ലിമിറ്റഡ് എഡിഷന്‍' ബാഡ്ജും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ലോഗോയും നല്‍കിയിട്ടുണ്ട്. ടീമിന്റെ ജേഴ്സിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഗോള്‍ഡന്‍ കളറിലുള്ള ഡെക്കലുകള്‍ ബോഡിയില്‍ ഉടനീളം നല്‍കിയതായി കാണാം. പേള്‍ ബ്ലാക്ക് പെയിന്റ് സ്‌കീമില്‍ എത്തുന്ന സ്‌കൂട്ടറിന്റെ സീറ്റിന് താഴെയായി പര്‍പ്പിള്‍ നിറത്തിലുള്ള പ്രത്യേക ഹൈലൈറ്റുകളും നല്‍കിയിട്ടുണ്ട്.
ഹീറോ വിഡ VX2 ഇവി സ്‌കൂട്ടറില്‍ റീമൂവബിള്‍ ബാറ്ററി സിസ്റ്റമാണ് വരുന്നത്. ഇതിലെ ബാറ്ററി ഊരിമാറ്റി ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നത് നഗരങ്ങളില്‍ വസിക്കുന്നവര്‍ക്ക് സൗകര്യപ്രദമാണ്. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 62 മിനിറ്റു കൊണ്ട് ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാം. സാധാരണ എസി ചാര്‍ജര്‍ ഉപയോഗിക്കുമ്പോള്‍ ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യാന്‍ 4 മണിക്കൂര്‍ 13 മിനിറ്റ് സമയമെടുക്കും. ഫുള്‍ ചാര്‍ജില്‍ 142 കിലോമീറ്റര്‍ ആണ് ഈ സ്‌കൂട്ടറിന്റെ ഐഡിസി (IDC) റേഞ്ച്. മണിക്കൂറില്‍ 80 കിലോമീറ്ററാണ് പരമാവധി വേഗത. അത്യാധുനിക ഫീച്ചറുകളുടെ ഒരു നിര തന്നെ ഈ സ്‌കൂട്ടറിലുണ്ട്. 4.2 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, ജിയോ ഫെന്‍സിങ്, ലൈവ് ലൊക്കേഷന്‍ ട്രാക്കിംഗ് തുടങ്ങിയ കണക്റ്റഡ് ടെക്നോളജികള്‍ ഇതിലുണ്ട്. കൂടാതെ എസ്ഒഎസ് (SOS) അലര്‍ട്ടുകള്‍, കോള്‍/മ്യൂസിക് കണ്‍ട്രോള്‍ എന്നിവയും ലഭ്യമാണ്.
'മൈ വിഡ' ആപ്പ് വഴി വാഹനത്തിന്റെ സ്റ്റാറ്റസ് തത്സമയം അറിയാന്‍ സാധിക്കും. ഇതില്‍ മിക്ക ഫീച്ചറുകളും ലഭ്യമാകാന്‍ ഉപഭോക്താക്കള്‍ ഓപ്ഷനല്‍ 'എഡ്ജ് പാക്ക്' തിരഞ്ഞെടുക്കേണ്ടി വരും. യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് 851 mm വീതിയുള്ള സുഖപ്രദമായ സീറ്റാണ് വിഡ VX2 പ്ലസില്‍ ഹീറോ നല്‍കിയിട്ടുള്ളത്. പ്രയോഗികത ഉറപ്പാക്കിക്കൊണ്ട് 27.2 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്റ്റോറേജിന് പുറമെ മുന്‍വശത്ത് ചെറിയ സാധനങ്ങള്‍ വെക്കാന്‍ ഒരു 'ഫ്രങ്ക്' (Frunk) സൗകര്യവും നല്‍കിയിട്ടുണ്ട്. റിവേഴ്സ് മോഡ്, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് എന്നിവ സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാന്‍ സഹായിക്കുന്നു.