Wednesday, March 25, 2026 Last Updated 5 Min 41 Sec ago English Edition
Todays E paper
Ads by Google

അന്തര്‍ധാര

രാമചന്ദ്രന്‍
രാമചന്ദ്രന്‍
Monday 23 Mar 2026 11.41 PM

നേമത്തെ കോണ്‍ഗ്രസ്‌-സി.പി.എം. ഡീല്‍

സി.പി.എം. ദയനീയമായ മൂന്നാം സ്‌ഥാനത്ത്‌ പോയിടത്ത്‌, ബി.ജെ.പിക്ക്‌ ഒരു അവിഹിത സഖ്യത്തിന്റെ ആവശ്യമില്ല. ഒ. രാജഗോപാല്‍ 2006ല്‍ തന്നെ 25% വോട്ട്‌ നേടിയ മണ്ഡലമാണ്‌, പാലക്കാട്‌. സതീശാ, നേമത്ത്‌ കോണ്‍ഗ്രസ്‌ വോട്ട്‌ 50 ശതമാനത്തില്‍നിന്ന്‌ ഒന്‍പതു ശതമാനമായത്‌ കോണ്‍ഗ്രസ്‌-സി.പി.എം. ബന്ധത്തിന്‌ തെളിവേല്ല?
bjp

പാലക്കാട്ട്‌ വി.ഡി. സതീശന്‍ കണ്ടതും മറ്റാരും കാണാത്തതുമായ വിസ്‌മയമാണ്‌, ബി.ജെ.പി.-സി.പി.എം. ഡീല്‍. നൂര്‍ജഹാന്‍ ഹോട്ടല്‍ ഉടമ റസാഖിനെ സി.പി.എം. സ്‌ഥാനാര്‍ഥിയാക്കിയത്‌ ആ ഡീലിന്റെ ഭാഗമാണെന്നും അത്‌ ബി.ജെ.പിയെ ജയിപ്പിക്കാന്‍ ആണെന്നും അതിന്‌ പകരം പത്തിടങ്ങളില്‍ സി.പി.എമ്മിന്‌ ബി.ജെ.പി. വോട്ട്‌ മറിക്കുമെന്നുമാണ്‌ ഡിറ്റക്‌ടീവ്‌ സതീശന്‍ കണ്ടെത്തിയത്‌. ഒരിടത്ത്‌ സി.പി.എം. സഹായിച്ചാല്‍ പത്തിടത്ത്‌ ബി.ജെ.പി. തിരിച്ചു സഹായിക്കുമെന്ന തിയറിക്ക്‌ പിന്നിലെ ലോജിക്‌ അപാരമാണ്‌. 140 മണ്ഡലങ്ങളില്‍, 14 ഇടത്ത്‌ സി.പി.എം. സഹായിച്ചാല്‍ 126 ഇടത്ത്‌ ബി.ജെ.പി. തിരിച്ചു വിജയിപ്പിക്കുന്ന ഗംഭീര തന്ത്രം!

പകരം പത്ത്‌ മണ്ഡലങ്ങള്‍ ഏതൊക്കെയെന്ന്‌ ചോദിച്ചാല്‍ സതീശന്‍ ബി.ഡി.ജെ.എസ്‌, ട്വന്റി ട്വന്റി മണ്ഡലങ്ങള്‍ പറയുമായിരിക്കും. അങ്ങനെയെങ്കില്‍ ആ ഒത്തുകളി നടന്ന പ്രധാന മണ്ഡലം സതീശന്‍ നില്‍ക്കുന്ന വടക്കന്‍ പറവൂരാണ്‌. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളില്‍ അവിടെ ബി.ഡി.ജെ.എസിനെ ഇട്ടു കൊടുത്തത്‌, ഒത്തുകളി ആകാതെ തരമില്ല. സതീശന്റെ വാര്‍ഡില്‍ തദ്ദേശത്തില്‍ ബി.ജെ.പി. ജയിച്ചത്‌, ഉപകാര സ്‌മരണ ആകാം. ചെന്നിത്തലയുടെ ഹരിപ്പാട്‌ നിരന്തരം ബി.ജെ.പിയുടെ ദുര്‍ബല സ്‌ഥാനാര്‍ഥി വരുന്നതും യാദൃച്‌ഛികമായിരിക്കും.

സതീശന്റെ പാഴ്‌ നിഗമനം വസ്‌തുതകളുമായി ഒത്തു പോകുന്നില്ലെന്ന്‌ മാത്രമല്ല, ചില മണ്ഡലങ്ങളില്‍ ശക്‌തമായ കോണ്‍ഗ്രസ്‌-സി.പി.എം. സഖ്യം കാണുന്നുമുണ്ട്‌. ആദ്യം പാലക്കാട്‌ നോക്കാം.

ശോഭ നേടിയ ബി.ജെ.പി.

പാലക്കാട്‌ 2011 മുതല്‍ കോണ്‍ഗ്രസാണ്‌ ജയിക്കുന്നത്‌. 2016 മുതല്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി. രണ്ടാം സ്‌ഥാനത്ത്‌. 2021ല്‍ ഇ. ശ്രീധരന്‍ ഷാഫിയോട്‌ തോറ്റത്‌ വെറും 3859 വോട്ടിനാണ്‌. പാലക്കാട്‌ നഗരസഭ ഭരിക്കുന്നത്‌ ബി.ജെ.പി. 2011ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. നേടിയത്‌ 22,317 വോട്ട്‌ ആയിരുന്നെങ്കില്‍, 2016ല്‍ അത്‌ ശോഭാ സുരേന്ദ്രന്‍ 40,076 ആക്കി കൂട്ടി.

ബി.ജെ.പി. നിരന്തരം വളരുന്നിടത്ത്‌, സി.പി.എം. ദയനീയമായ മൂന്നാം സ്‌ഥാനത്ത്‌ പോയിടത്ത്‌, ബി.ജെ.പിക്ക്‌ ഒരു അവിഹിത സഖ്യത്തിന്റെ ആവശ്യമില്ല. ഒ. രാജഗോപാല്‍ 2006ല്‍ തന്നെ 25% വോട്ട്‌ നേടിയ മണ്ഡലമാണ്‌, പാലക്കാട്‌.

ശോഭ ഇക്കുറി എത്തും മുന്‍പ്‌ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍, പാലക്കാടും പിരായിരിയിലും ബി.ജെ.പി. ഒന്നാം സ്‌ഥാനത്ത്‌ എത്തി. പാലക്കാട്‌ ബി.ജെ.പി. ഭൂരിപക്ഷം ഗംഭീരമായ 26,933 വോട്ട്‌. പാലക്കാട്‌ ശോഭ വന്നതോടെ ഭിന്നത പോയി പ്രമീള ശശിധരന്‍ കൂടെയുണ്ട്‌.

ഡിറ്റക്‌റ്റീവ്‌ സതീശന്‍ മണവാളനായി കൊണ്ടു വരുന്ന സി.പി.എം. കുഴിയിലേക്ക്‌ കാല്‍ നീട്ടിയിരിക്കുന്ന തെരഞ്ഞെടുപ്പ്‌ ചരിത്രമാണ്‌ പാലക്കാട്‌ കാണുന്നത്‌. 2006ല്‍ കെ.കെ. ദിവാകരന്‍ ജയിച്ച ശേഷം, അതിന്റെ വളര്‍ച്ച പടവലങ്ങ പോലെ കീഴ്‌പോട്ടാണ്‌. 2011ല്‍ ദിവാകരന്‍ രണ്ടാം സ്‌ഥാനത്ത്‌. 2016ല്‍ എന്‍.എന്‍. കൃഷ്‌ണദാസ്‌ മൂന്നാം സ്‌ഥാനത്ത്‌. 2021ല്‍ സി.പി. പ്രമോദും 2024 ഉപതെരഞ്ഞെടുപ്പില്‍ പി. സരിനും മൂന്നാം സ്‌ഥാനത്ത്‌. സരിന്‌ കൂടുതല്‍ കിട്ടിയത്‌ 860 വോട്ട്‌ മാത്രം. പാര്‍ട്ടി സമ്മേളനത്തിലെ സംഘടനാ റിപ്പോര്‍ട്ടില്‍, നാണം കെട്ട മൂന്നാം സ്‌ഥാനം എന്ന്‌ പാര്‍ട്ടി തന്നെ രേഖപ്പെടുത്തി.

വോട്ട്‌ കച്ചവടം കൊണ്ടല്ല, ജനത്തിന്‌ വേണ്ടാത്തത്‌ കൊണ്ടാണ്‌ സി.പി.എം. തളര്‍ന്നത്‌. റസാഖ്‌ മുസ്ലിം വോട്ടുകള്‍ നേടും എന്ന തോന്നലിലാണ്‌ സി.പി.എം. ഇറക്കിയിരിക്കുന്നത്‌. ആ മുസ്ലിം വോട്ടുകള്‍ പിഷാരടിക്ക്‌ കിട്ടേണ്ടതാണ്‌ എന്ന പൂതി സതീശനുണ്ടാകാം. അതിദയനീയമായ മൂന്നാം സ്‌ഥാനം വേണ്ടെന്ന്‌ സി.പി.എം. കരുതി എന്നേയുള്ളൂ.

റസാഖിനെ കുറച്ചു കാണേണ്ട. മലമ്പുഴയില്‍ ഏതോ ഒരു പ്രഭാകരന്‍ എന്ന്‌ സതീശന്‍ പണ്ട്‌ പറഞ്ഞപ്പോള്‍ പ്രഭാകരന്‍ അവിടെ നല്ല ഭൂരിപക്ഷം നേടി. പനമ്പിള്ളി ഗോവിന്ദ മേനോനെ പണ്ട്‌ ആരും അറിയാത്ത സി.ജി. ജനാര്‍ദനന്‍ തോല്‍പിച്ചു. മേനോന്‍ പ്രതികരിച്ചു: പഴത്തൊലിയില്‍ ചവിട്ടിയാലും മനുഷ്യന്‍ വീഴും. ചിറയിന്‍കീഴ്‌ ആര്‍. ശങ്കറിനെ തോല്‍പിച്ചത്‌ കെ. അനിരുദ്ധനാണ്‌. എ. സമ്പത്തിന്റെ അച്‌ഛന്‍.

ഒരു തെളിവുമില്ലാതെ പാലക്കാട്‌ അവിഹിതം ആരോപിക്കുന്ന ഡിറ്റക്‌റ്റീവ്‌ സതീശന്‍ നേമത്തെ കണക്കൊന്നു നോക്കണം. 2006ല്‍ അവിടെ എന്‍. ശക്‌തന്‍ ജയിച്ചത്‌ 50.74% വോട്ട്‌ നേടിയാണ്‌. ഇത്‌ 2011ല്‍ 17.38% ആയി കുറഞ്ഞത്‌ എങ്ങനെ? കോണ്‍ഗ്രസുകാരന്‍ അല്ലാത്ത ചാരുപാറ രവി യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി ആയപ്പോള്‍, ശിവന്‍കുട്ടിക്ക്‌ കോണ്‍ഗ്രസ്‌ വോട്ട്‌ മറിച്ചു. 2016ല്‍ അത്‌ വെറും 9.70% ആയി. വി. സുരേന്ദ്രന്‍ പിള്ള യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി ആയപ്പോള്‍, കോണ്‍ഗ്രസ്‌ വോട്ട്‌ ശിവന്‍കുട്ടിക്ക്‌ മറിച്ചു, എന്നിട്ടും ഒ. രാജഗോപാല്‍ ജയിച്ചു. 2021ല്‍ വീണ്ടും കോണ്‍ഗ്രസ്‌ ശിവന്‍കുട്ടിക്ക്‌ വോട്ട്‌ മറിച്ച്‌ കെ. മുരളീധരനെ തോല്‍പിച്ചു.

അതിനാല്‍, ഒരു ചോദ്യം: സതീശാ, നേമത്ത്‌ കോണ്‍ഗ്രസ്‌ വോട്ട്‌ 50 ശതമാനത്തില്‍നിന്ന്‌ ഒന്‍പതു ശതമാനമായത്‌ കോണ്‍ഗ്രസ്‌-സി.പി.എം. ബന്ധത്തിന്‌ തെളിവേല്ല?
വട്ടിയൂര്‍ക്കാവില്‍ 2016ല്‍ സി.പി.എം. സ്‌ഥാനാര്‍ഥി ഡോ. ടി.എന്‍. സീമ മൂന്നാം സ്‌ഥാനത്തായത്‌, സി.പി.എം. വോട്ട്‌ കോണ്‍ഗ്രസിന്‌ മറിച്ചിട്ടാണെന്ന്‌ സി.പി.എം. നിയോഗിച്ച കെ.ജെ. തോമസ്‌ കമ്മിഷന്‍ കണ്ടെത്തി. സീമ ജയിച്ചാല്‍ മന്ത്രിയാകുമായിരുന്നു. കടകംപള്ളിക്ക്‌ മന്ത്രിയാകാന്‍ വോട്ട്‌ മറിച്ചെന്ന്‌ പാര്‍ട്ടി കണ്ടു. പിരപ്പന്‍കോട്‌ മുരളിക്ക്‌ താക്കീത്‌ കിട്ടി. പകരം വോട്ട്‌ കഴക്കൂട്ടത്ത്‌ കൊടുത്തു. വി. മുരളീധരനെ കടകംപള്ളി തോല്‍പിച്ചു, കോണ്‍ഗ്രസിലെ വാഹിദ്‌ മൂന്നാം സ്‌ഥാനത്തായി.

ഇക്കുറി മഞ്ചേശ്വരത്ത്‌ ഡീല്‍ നേരത്തേ ഉറപ്പിച്ചു, സി.പി.എം. ഷാനവാസ്‌ പാദൂറിനെ മാറ്റി ജയാനന്ദയെ ലീഗിന്‌ വേണ്ടി ഇട്ടു കൊടുത്തു. പ്രശ്‌നമായപ്പോള്‍ ഷാനവാസിനെ കാസര്‍ഗോഡ്‌ സ്‌ഥാനാര്‍ഥിയാക്കി. മഞ്ചേശ്വരത്ത്‌ കെ. സുരേന്ദ്രന്‍ വെറും 89 വോട്ടിനും 895 വോട്ടിനും തോറ്റത്‌, കോണ്‍ഗ്രസിന്റെ മഹാ മതേതരത്വം കൊണ്ടേല്ലല്ലാ.

അതിനാല്‍, സതീശന്റെ അപസര്‍പ്പകക്കണ്ണ്‌ പാലക്കാട്‌ നിന്നെടുത്ത്‌ പറവൂരും ഹരിപ്പാടും നേമത്തും വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും മഞ്ചേശ്വരത്തും ഒന്ന്‌ പരതിയാല്‍ നല്ല ഉറക്കം കിട്ടും. സുഖ നിദ്ര, ശുഭരാത്രി!

Ads by Google
Ads by Google
TRENDING NOW