-->
ഷൂട്ടിംഗിനിടെ നടന്‍ രാം ചരണിന് പരിക്ക്. കണ്ണിന് മുകളിലായേറ്റ പരിക്കിനെത്തുടര്‍ന്ന് തുന്നലുകളിട്ടിട്ടുണ്ട്. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന സ്‌പോര്‍ട്‌സ് - ഡ്രാമ ചിത്രം ' പെഡ്ഡി' ഷൂട്ടിംഗിനിടെയാണ് സംഭവം. പരിക്ക് സാരമുളളതല്ലെന്നും ഷൂട്ടിംഗിനായി ടീമിനൊപ്പം തിരിച്ചെത്തിയെന്നും നടനോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ആക്ഷന്‍ സീന്‍ ചിത്രീകരിക്കുന്നതിനിടെ ചൊവ്വാഴ്ചയാണ് താരത്തിന് പരിക്കേറ്റത്. നാലുതുന്നലുകളുണ്ട്. കണ്ണിന് പരിക്കേറ്റുവെന്നാണ് പ്രചാരണം. അത് വാസ്തവമല്ല. കണ്ണിന് മുകളിലായാണ് പരിക്കേറ്റത്. കണ്ണിന് കുഴപ്പമൊന്നുമില്ല. പരിക്ക് ഗുരുതരമല്ലാത്തതിനെത്തുടര്‍ന്ന് അദ്ദേഹം സെറ്റില്‍ തിരിച്ചെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു നിര്‍മിക്കുന്ന ചിത്രത്തില്‍ ഇഷാന്‍ സക്‌സേന സഹനിര്‍മാതാവാണ്. മൈത്രി മൂവിമേക്കേഴ്‌സും സുകുമാര്‍ റൈറ്റിങ്‌സും ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ജാന്‍വി കപൂര്‍ ആണ് നായിക. ശിവരാജ്കുമാര്‍, ജഗപതി ബാബു എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. എ.ആര്‍.റഹ്മാനാണ് സംഗീതം.