-->
ആരാധകരുടെ തിക്കിലും തിരക്കിലും പെട്ട് തെലുങ്ക് താരം രാം ചരണും മകൾ ക്ലിൻ കാരയും. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിക്ക് പുറത്ത് വെച്ചാണ് താരാധന അതിരുകടന്നത്. രാം ചരണിനും ഉപാസനയ്ക്കും പുതുതായി ജനിച്ച ഇരട്ടക്കുട്ടികളെ കാണാൻ ആശുപത്രിയിൽ എത്തിയപ്പോഴാണ് താരവും മകളും ആരാധകർക്കിടയിൽ പെട്ടത്.
രാം ചരണിനെ കണ്ടതോടെ നിയന്ത്രണം വിട്ട് തള്ളിക്കയറിയ ആരാധകർ താരത്തെയും മകളെയും വളയുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നിട്ടും ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു ആശുപത്രിക്ക് പുറത്ത്. തള്ളിക്കയറുന്ന ആരാധകർക്കിടയിലൂടെ ആശങ്ക നിറയുന്ന മുഖവുമായി രണ്ടു വയസ്സുകാരിയായ മകൾ ക്ലിൻ കാരയെ ചേർത്തുപിടിച്ച് നടന്നുനീങ്ങുന്ന രാം ചരണിന്റെ വിഡിയോ ഇതിനകം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി.
Are we human beings or animals ? pic.twitter.com/xS2HWEp7gZ— Prashanth Rangaswamy (@itisprashanth) February 1, 2026
ജനക്കൂട്ടത്തിന്റെ ബഹളം കണ്ട് ഭയന്നുപോയ കുഞ്ഞ് അച്ഛന്റെ തോളിൽ മുഖം ഒളിപ്പിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. മകളുടെ സുരക്ഷയിൽ ആശങ്കാകുലനായ രാം ചരൺ, ജനക്കൂട്ടത്തെ കൈകൊണ്ട് തടയുന്നതും വഴിയൊരുക്കാൻ ആവശ്യപ്പെടുന്നതും വീഡിയോയിലുണ്ട്. താരത്തിന്റെ മുഖത്തെ പരിഭ്രമം ആരാധകർക്കിടയിലും വലിയ ചർച്ചയായിരിക്കുകയാണ്. സംഭവത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
താരങ്ങളോടുള്ള സ്നേഹം പ്രകടിപ്പിക്കുമ്പോൾ ഒരു കൊച്ചു കുട്ടിയുടെ സുരക്ഷ പോലും പരിഗണിക്കാത്ത ആരാധകരുടെ പെരുമാറ്റം ‘അപകടകരവും നിരുത്തരവാദപരവുമാണ്’ എന്ന് പലരും കുറിച്ചു. ഇത് ആരാധനയല്ല, ഭ്രാന്ത് ആണെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസമാണ് രാം ചരണിനും ഉപാസനയ്ക്കും ഇരട്ടക്കുട്ടികൾ ജനിച്ചത്. ഇരട്ടക്കുട്ടികളുടെ അച്ഛനായതിന്റെ സന്തോഷം ആരാധകരുമായി താരം പങ്കുവച്ചിരുന്നു. ജീവിതത്തിൽ ഒരു പുതിയ അധ്യായം തുടങ്ങുകയാണെന്നാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ താരം കുറിച്ചിരുന്നു.