Saturday, March 28, 2026 Last Updated 9 Min 8 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Mar 2026 06.04 PM

'എന്റെ പേര്,ശബ്ദം,രൂപം,തനതായ സംഭാഷണശൈലി എന്നിവ അനുമതിയില്ലാതെ ഉപയോഗിക്കരുത്..." വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണത്തിനായി ദില്ലി ഹൈക്കോടതിയെ സമീപിച്ച് മോഹന്‍ലാല്‍

Mohanlal, Mohanlal approaches Delhi High Court
Mohanlal approaches delhi high court (Image Source: Instagram)

മലയാളത്തിന്റെ താര രാജാവ് മോഹൻലാലിന്റെ ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
ഇപ്പോഴിതാ തന്റെ അനുമതിയില്ലാതെ ശബ്ദവും ചിത്രവും സംഭാഷണങ്ങളും വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹർജി നല്‍കിയിരിക്കുകയാണ് മോഹൻലാല്‍.
ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഉപയോഗിച്ചുള്ള വീഡിയോകള്‍, മോർഫ് ചെയ്ത ചിത്രങ്ങള്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലെ വ്യാജ പരസ്യങ്ങള്‍ എന്നിവ തന്റെ വ്യക്തിത്വ അവകാശങ്ങളെ ഹനിക്കുന്നുവെന്നാണ് താരം ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നത്
തന്റെ പേര്, ശബ്ദം, രൂപം, തനതായ സംഭാഷണശൈലി എന്നിവ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ തന്റെ സമ്മതമില്ലാതെ നടത്തുന്ന വാണിജ്യപരമായ നീക്കങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നുമാണ് മോഹൻലാലിന്റെ പ്രധാന ആവശ്യം. വ്യക്തിത്വത്തെ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നത് വഴി ഉണ്ടാകുന്ന സാമ്പത്തികവും സാമൂഹികവുമായ ആഘാതങ്ങളില്‍ നിന്ന് സംരക്ഷണം വേണമെന്നും മോഹൻലാൽ കോടതിയെ ബോധിപ്പിച്ചു. ജസ്റ്റിസ് ജ്യോതി സിങ് അധ്യക്ഷയായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

ഇതേ ആവശ്യം ഉന്നയിച്ച് സിനിമാ, ക്രിക്കറ്റ് മേഖലയില്‍ നിന്നുള്ളവരും മറ്റ് സെലിബ്രിറ്റികളും സമീപ വര്‍ഷങ്ങളില്‍ ദില്ലി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ബോളിവുഡ് താരങ്ങളായ അനില്‍ കപൂറും അമിതാഭ് ബച്ചനുമൊക്കെ ആ കൂട്ടത്തില്‍ പെടും. തങ്ങളുടെ പേര്, ശബ്ദം, ചിത്രങ്ങള്‍ അടക്കമുള്ളവയുടെ അനുമതി കൂടാതെയുള്ള ഉപയോഗം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ഈ നല്‍കിയിരുന്നത്.
പ്രധാനമായും പരസ്യങ്ങള്‍, ഉല്‍പന്നങ്ങള്‍, നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങള്‍ എന്നിവയിലാണ് പ്രശസ്തരുടെ ശബ്ദവും ചിത്രങ്ങളുമൊക്കെ അനുമതിയില്ലാതെ ഉപയോഗിക്കപ്പെടുന്നത്. ഹര്‍ജിക്കാരുടെ വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള വിധികളാണ് കോടതി ഇതിനകം പുറപ്പെടുവിച്ചിട്ടുള്ളത്. ഏറ്റവുമൊടുവിലായി ഇത്തരത്തിലുള്ള ഒരു ഹര്‍ജി കോടതി പരിഗണിച്ചത് ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹയുടേതായിരുന്നു.
കരിയറിൽ നല്ല തിരക്കിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. വന്‍ വിജയം നേടിയ തുടരും എന്ന ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് യൂണിഫോമിലാണ് മോഹന്‍ലാല്‍ എത്തുന്നത്. എസ്ഐ ലവ്‍ലജന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. മീര ജാസ്മിന്‍ ആണ് നായിക. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന, അദ്ദേഹത്തിന്റെ കരിയറിലെ 100-ാം ചിത്രത്തിലും മോഹന്‍ലാല്‍ ആണ് നായകന്‍.
ദൃശ്യം 3 ആണ് അടുത്തതായി എത്തുന്ന മോഹന്‍ലാല്‍ റിലീസ്. മമ്മൂട്ടിക്കൊപ്പം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന, മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പാട്രിയറ്റും വരാനുണ്ട്. രജനികാന്ത് നായകനാവുന്ന ജയിലര്‍ 2 ല്‍ അതിഥി വേഷത്തിലും മോഹന്‍ലാല്‍ എത്തുന്നുണ്ട്.

Ads by Google
Tuesday 24 Mar 2026 06.04 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW