-->
മലയാളത്തിലെ ക്രൈംത്രില്ലറുകള്‍ക്ക് ഒരു ബെഞ്ച്മാര്‍ക്ക് നല്‍കിയ സിനിമയാണ് മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. ജോര്‍ജ്ജുകുട്ടിയെയും കുടുംബത്തെയും അവരുടെ പ്രതിസന്ധികളെയും ആരാധകര്‍ ഏറ്റെടുത്തപ്പോള്‍ ദൃശ്യം ബ്ലോക്ക്ബസ്റ്റര്‍ വിജയമായി മാറി. മലയാളത്തില്‍ മാത്രമല്ല, ഇന്ത്യൻ സിനിമയിൽ തന്നെ വലിയ രീതിയിൽ നിരൂപക പ്രശംസ നേടാന്‍ ദൃശ്യത്തിന് കഴിഞ്ഞു.
2013-ലാണ് ദൃശ്യത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. തിയേറ്ററുകളിൽ സൂപ്പർഹിറ്റായി മാറിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ദൃശ്യം - ദി റിസംഷന്‍ എന്ന പേരിൽ 2021 ലും എത്തി. ഒടിടി യായി എത്തിയ രണ്ടാം ഭാഗവും മികച്ച പ്രശംസകള്‍ നേടി. അന്നുമുതല്‍ മൂന്നാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കാത്തിരിപ്പുകള്‍ക്കവസാനം സിനിമയുടെ മൂന്നാം ഭാഗം ഏപ്രില്‍ രണ്ടിന് എത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.
എന്നാല്‍ ഇപ്പോഴിതാ ദൃശ്യം-3 ന്റെ റിലീസ് ഡേറ്റ് മാറ്റിയ വിവരം പങ്കിടുകയാണ് മോഹന്‍ലാല്‍. മെയ് 21 നാണ് പുതിയ റിലീസ് തീയതിയെന്ന് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ‘‘ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല അത് കാത്തിരിക്കുക മാത്രമേ ചെയ്യൂ.. ജോർജുകുട്ടി എത്തുന്നു...മെയ് 21 2026...’’ എന്നാണ് മോഹന്‍ലാല്‍ പുതിയ പോസ്റ്റര്‍ പങ്കിട്ട് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്. കണ്ണടച്ച് ചിന്തിച്ച് നില്‍ക്കുന്ന ജോര്‍ജുകുട്ടിയെ പോസ്റ്ററില്‍ കാണാം. ജോര്‍ജുകുട്ടിയുടെ മുഖത്തേക്ക് സൂര്യപ്രകാശം പതിക്കുന്നതും പോസ്റ്ററിലുണ്ട്.
ആരാധകരെ സംബന്ധിച്ച് പുതിയ റിലീസ് ഡേറ്റിന് ഒരു വലിയ പ്രത്യേകത കൂടിയുണ്ട്. മോഹൻലാലിന്റെ ജന്മദിനമായ മെയ് 21-നാണ് ആഗോള റിലീസായാണ് ദൃശ്യം-3 എത്തുന്നത്. മോഹൻലാലിന്റെ 66-ാം ജന്മദിനത്തിലാണ് ചിത്രം ആഗോളതലത്തിൽ എത്തുക എന്നത് അറിഞ്ഞ നിമിഷം മുതല്‍ ആരാധകരത് ആഘോഷമാക്കുന്നുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബർ ആദ്യം അവസാനിച്ചിരുന്നു. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസ്സൻ എന്നിവർ ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തും.
റിലീസ് മാറ്റിവെച്ചതിന് ഔദ്യോഗിക വിശദീകരണം ലഭ്യമല്ലെങ്കിലും, നിലവിലെ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലെ റിലീസുമായി ബന്ധപ്പെട്ട വെല്ലുവിളികളാണ് കാരണമെന്ന് സൂചനകളുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മലയാളത്തിലെ പ്രധാന സിനിമകളുടെ റിലീസുകള്‍ നീട്ടിയേക്കാമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ സംഘർഷം മലയാള ചിത്രങ്ങളുടെ ഗള്‍ഫ് റിലീസിനെ ബാധിക്കും എന്നതാണ് അത്തരം റിപ്പോര്‍ട്ടുകളില്‍ കാരണമായി പറഞ്ഞിരുന്നത്. നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് തന്നെയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിരുന്നത്.
‘ദൃശ്യം 3’ റിലീസ് മാറിയതോടെ വിഷുക്കാലത്ത് റിലീസ് ചെയ്യുന്ന വാഴ 2, നിവിൻ പോളിയുടെ പ്രതിച്ഛായ എന്നീ ചിത്രങ്ങൾക്ക് ബോക്സ് ഓഫീസിൽ കൂടുതൽ അവസരം ലഭിക്കുമെന്നതും ഉറപ്പാണ്.
മികച്ച കഥാഖ്യാനത്തിലൂടെയും ആഴത്തിലുള്ള ആഖ്യാനശൈലിയിലൂടെയും ഏറെ പ്രശംസ പിടിച്ചുപറ്റിയ ‘ദൃശ്യം’, ഐ ജി ഗീത പ്രഭാകറിന്റെ മകന്റെ തിരോധാനവുമായി ബന്ധപ്പെട്ട സങ്കീർണ്ണമായ ഒരു അന്വേഷണമാണ് പറഞ്ഞത്. ഈ അന്വേഷണത്തിന്റെ ഭാഗമായി തന്റെ കുടുംബം അകപ്പെടുമ്പോൾ, സാധാരണക്കാരനായ ജോർജുകുട്ടിയുടെ ജീവിതം എങ്ങനെ മാറിമറിയുന്നു എന്നതാണ് സിനിമയുടെ രണ്ടു ഭാഗങ്ങളും പറഞ്ഞത്. എന്നാല്‍ ജോർജുകുട്ടിയ്ക്ക് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളാണ് മൂന്നാം ഭാഗത്തിന്റെ ഉള്ളടക്കമെന്നും ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഹെവി ഇന്റലിജെന്റ് സിനിമയാവില്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് മുൻപ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.