-->
ഒരു കുളിര്‍മഞ്ഞു പോലെ മലയാളികളുടെ മനസ്സില്‍ പെയ്തിറങ്ങിയ ചിത്രമാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം. രഞ്ജിത് തിരക്കഥയൊരുക്കി സിബി മലയിൽ സംവിധാനം ചെയ്ത് നിരഞ്ജനായി മോഹന്‍ലാലും ആമിയായി മഞ്ജു വാര്യരും ഡെന്നീസായി സുരേഷ്ഗോപിയും രവിശങ്കറായി ജയറാമും
കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഈ ചിത്രം മലയാളത്തിലെ വമ്പൻ ഹിറ്റുകളിൽ ഒന്നാണ്. സിനിമ പുറത്തിറങ്ങി 27 വർഷത്തിനിപ്പുറം വീണ്ടും റീ റിലീസും ചെയ്തും ഹിറ്റടിച്ചിരുന്നു. ഈ സിനിമയില്‍ നിന്ന് മോഹൻലാൽ ഉൾപ്പടുന്ന ഒരു രംഗം ഡിലീറ്റ് ചെയ്തിരുന്നു എന്ന് സിബി മലയിൽ മുന്‍പ് വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ നിരഞ്ജനായി മോഹന്‍ലാല്‍ എത്തുന്ന ആ ഡിലീറ്റഡ് സീന്‍ പുറത്തുവിട്ടിരിക്കുകയാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍. ഒമ്പതുമിനിറ്റുള്ള സീൻ സിനിമയുടെ നിർമാതാവ് സിയാദ് കോക്കറിന്റെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. ജയിലിൽ പോയി മോഹൻലാലിന്റെ കഥാപാത്രമായ നിരഞ്ജനെ കണ്ടതിന് ശേഷം ആമിയും ഡെന്നിസും തിരികെ വീട്ടിൽ എത്തുന്നതും മഞ്ജു വാര്യരുടെ കഥാപാത്രത്തെ എല്ലാവരും കൺവിൻസ് ചെയ്യാൻ ശ്രമിക്കുന്നതുമാണ് ഈ ഡിലീറ്റഡ് സീൻ.
മോഹൻലാൽ അവതരിപ്പിക്കുന്ന നിരഞ്ജനെ ആമിയും, ഡെന്നീസും ജയിലിൽ സന്ദർശിക്കുന്നതും അവിടെവെച്ച് ആമിയുടെ കഴുത്തിൽ താലികെട്ടാൻ നിരഞ്ജൻ ഡെന്നീസിനെ നിർബന്ധിക്കുന്നതുമാണ് സിനിമയിലുള്ളത്. ക്ലൈമാക്‌സ് സീനിൽ രവിശങ്കറിന്റെ കുടുംബം നാട്ടിലേക്ക് തിരിച്ചുപോകുന്നതും അവരെ യാത്രയാക്കാനായി ആമിയും ഡെന്നീസും രവിശങ്കറും റെയിൽവേ സ്‌റ്റേഷനിലെത്തുന്നതും പ്രേക്ഷകര്‍ കണ്ടതാണ്. ഒടുവിൽ തീവണ്ടിയിൽനിന്ന് പുറത്തേക്ക് കാണുന്ന ഒരു പെൺകുട്ടിയുടെ കൈകളും ഒരു കുഞ്ഞ് പൂച്ചക്കുട്ടിയെയും കാണിക്കുന്നതോടെ സിനിമ അവസാനിക്കും. ലോജിക്കൽ ആയി ചിന്തിക്കുമ്പോൾ അയാളെ ഇത്രയും സ്നേഹിച്ച ഒരാൾ പെട്ടെന്ന് മനസ് മാറി മറ്റൊരാളെ കല്യാണം കഴിക്കുന്നത് എങ്ങനെ സീകരിച്ചുവെന്ന സംശയം അന്ന് പ്രേക്ഷകര്‍ക്കുണ്ടായിരുന്നു.
ഇതിനിടയിലുള്ള ഏറെ വൈകാരികമായൊരു ഭാഗമാണ് വെട്ടിമാറ്റിയ സീനിലുള്ളത്. നിരഞ്ജനെ ജയിലിൽ സന്ദർശിച്ചശേഷം ആമിയും, ഡെന്നീസും തിരികെ വീട്ടിലെത്തുന്നതാണ് സീനില്‍ ആദ്യമുള്ളത്. ആമി നിരഞ്ജനെയാണ് സ്‌നേഹിക്കുന്നതെന്ന് ഡെന്നീസ് കുടുംബത്തെ അറിയിക്കുന്നു. അതിനൊപ്പം താൻ കെട്ടിയ താലി അഴിച്ചുമാറ്റാൻ തയ്യാറാണെന്നും ഡെന്നീസ് പറയുന്നു. എന്നാൽ താലിയുടെ മാഹാത്മത്യത്തെപ്പറ്റി പറഞ്ഞുകൊണ്ട് ഡെന്നീസുമായുള്ള വിവാഹബന്ധത്തിൽ തുടരാൻ കുടുംബം ഒന്നടങ്കം ആമിയെ നിർബന്ധിക്കുന്നു. ആ സമയത്ത് നിരഞ്ജന്‍ ആമിയെ ഇക്കാര്യം പറഞ്ഞു മനസ്സിലാക്കുന്നതും സീനിലുണ്ട്. ഇത്രയും ഭാഗമാണ് ഡിലീറ്റ് ചെയ്തിരുന്നത്.
ഈ സീൻ കണ്ടതോടെ, ഇത് സിനിമയിൽ ഉൾപ്പെടുത്താതിരുന്നത് വളരെ ബുദ്ധിപരമായൊരു തീരുമാനമായെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ഈ സീൻ ഉൾപ്പെടുത്താതിരുന്നത് എഡിറ്ററുടെ ‘ബ്രില്യൻസ്’ ആണെന്നും പ്രേക്ഷകർ പറയുന്നു. വെട്ടിമാറ്റിയ ഭാഗത്തെ ഡയലോഗുകൾ ഇന്നത്തെ കാലഘട്ടത്തിൽ അരോചകമായി തോന്നിയേക്കാം, അത് സിനിമയെ തന്നെ ബാധിച്ചേക്കാമായിരുന്നു എന്നും അഭിപ്രായങ്ങളുണ്ട്.
ഈ ഡിലീറ്റഡ് സീനിനെക്കുറിച്ച് സിബി മലയില്‍ പറഞ്ഞത്, ‘‘ലാലിലേക്ക് ആ വേഷം എത്തി എന്നത് തിയേറ്ററിൽ എത്തുന്നത് വരെ ഒളിപ്പിച്ച് വെച്ചിരിക്കുകയായിരുന്നു. അത് സർപ്രൈസ് ആയി ഇരിയ്ക്കട്ടെ എന്ന് വെച്ചു...’’ എന്നാണ്. ഡിലീറ്റഡ് സീന്‍ സിനിമാപ്രേമികൾക്കിടയിൽ പുതിയ ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.