Friday, March 27, 2026 Last Updated 9 Min 24 Sec ago English Edition
Todays E paper
Ads by Google
Friday 27 Mar 2026 04.57 PM

‘സ്ത്രീപക്ഷ സിനിമകളെ ‘ഫീമെയിൽ ലീഡ്’ എന്നു വിളിക്കാത്ത കാലം വരണം; വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിലൂടെ ഓരോ സ്ത്രീയും മാറ്റത്തിന് കാരണമാകുന്നുണ്ട്...’ സമാന്ത റൂത്ത് പ്രഭു

തെന്നിന്ത്യന്‍ താരറാണി സമാന്ത റൂത്ത് പ്രഭു ഇപ്പോഴിതാ സ്ത്രീകളെക്കുറിച്ചുള്ള തന്റെ സ്വപ്നങ്ങളെക്കുറിച്ചും ഭാവിയിലെ സിനിമാ മേഖലയിലെ അവരുടെ കരിയറുകളെക്കുറിച്ചും സംസാരിച്ചതാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
Samantha ruth prabhu, samantha about women in indian cinema
Samantha about women in indian cinema (Image Source: Instagram)

തെന്നിന്ത്യയിലും ബോളിവുഡിലും തിളങ്ങി നില്‍ക്കുന്ന താരറാണിയാണ് സമാന്ത റൂത്ത് പ്രഭു. കരിയറിലെ മികച്ച തെര​ഞ്ഞെടുപ്പുകള്‍ കൊണ്ടു മാത്രമല്ല വ്യക്തിജീവിതത്തിലെ പ്രയാസ ഘട്ടങ്ങള്‍ ധീരമായി തരണം ചെയ്തതിന്റെ പേരിലും സാമന്ത ആരാധകരുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്. അടുത്തിടെയാണ് താരം തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനമായ ഒരു തീരുമാനമെടുത്തത്. ദീര്‍ഘകാലമായി തന്റെ സുഹൃത്തും പിന്നീട് പ്രണയിതാവുമായി മാറിയ സംവിധായകന്‍ രാജ് നിദിമോരുവിനെ സമാന്ത ജീവിതപങ്കാളിയാക്കിയത് ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു. കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം.
വ്യക്തിജീവിതത്തിലും ആരോഗ്യത്തിലും പ്രയാസങ്ങള്‍ വന്നപ്പോള്‍ സമാന്ത അതിനെ ധീരമായി നേരിട്ടതിന്റെ പേരില്‍ താരം ഒരുപാട് ​കൈയടികള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്. പല വേദികളിലും താരത്തിന്റെ വാക്കുകള്‍ നിറഞ്ഞ സദസ്സ് ഏറ്റെടുത്തിട്ടുണ്ട്. ബോളിവുഡ് അടക്കമുള്ള താരങ്ങള്‍ സാമന്തയുടെ വാക്കുകളെ ഏറ്റെടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ സിനിമാ മേഖലയില്‍ തങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി സ്ത്രീകള്‍ പോരാടുന്നത് ഇരട്ടിയാണെന്ന് പറയുകയാണ് സമാന്ത. മറ്റുള്ളവരെ കംഫർട്ടബിള്‍ ആക്കാനായി സ്ത്രീകള്‍ ഒരുപാട് കാര്യങ്ങള്‍ അഡ്ജസ്റ്റ് ചെയ്യാറുണ്ടെന്നും അത് നിർത്തേണ്ട സമയമായെന്നും സമാന്ത പറഞ്ഞു.
‘‘എല്ലാവർക്കും ശുഭസായാഹ്നം. സത്യസന്ധമായി പറയട്ടെ, ഇന്ന് രാത്രി ഇവിടെ സംസാരിക്കാൻ എന്നോട് ആവശ്യപ്പെട്ടപ്പോൾ, ‘നിങ്ങൾക്ക് ശരിക്കും എന്നെ തന്നെ വേണോ?’ എന്ന് ഞാൻ ചോദിക്കാൻ വന്നതാണ്. എന്നാൽ പെട്ടെന്നു തന്നെ എനിക്ക് മനസ്സിലായി, ഇല്ല എനിക്ക് ഇന്ന് സംസാരിക്കണം എന്ന്. എന്റെ ആ ആദ്യത്തെ പ്രതികരണം തന്നെയാണ് എനിക്ക് ഇന്ന് ഇവിടെ സംസാരിക്കാനുള്ള കാരണവും.
നമ്മളെത്തന്നെ ചെറുതാക്കി കാണാൻ നമ്മൾ ശീലിച്ചിരിക്കുകയാണ്. എനിക്കൊരു അഭിനന്ദനം ലഭിച്ചാൽ, ഉടൻതന്നെ അത് എനിക്ക് അർഹതപ്പെട്ടതല്ല എന്ന് സ്ഥാപിക്കാൻ ഞാൻ മൂന്ന് കാരണങ്ങൾ നിരത്തും. ‘ഓ, അത് ഭാഗ്യം കൊണ്ട് ലഭിച്ചതാണ്’, ‘അത് ടീമിന്റെ വിജയമാണ്’, അല്ലെങ്കിൽ ‘മറ്റൊരാളാണ് കൂടുതൽ അധ്വാനിച്ചത്’ എന്നൊക്കെ നമ്മൾ പറയും.
മറ്റുള്ളവർക്ക് അസ്വസ്ഥത ഉണ്ടാകാതിരിക്കാൻ നമ്മൾ നമ്മുടെ സമയവും, അഭിപ്രായങ്ങളും, ലക്ഷ്യങ്ങളും ഒക്കെ മാറ്റിവെക്കാറുണ്ട്. ഇതൊരു ത്യാഗമാണെന്ന് പോലും തോന്നാത്ത വിധം അത്ര സന്തോഷത്തോടെയും മനസ്സോടെയുമാണ് നമ്മൾ ഇത് ചെയ്യുന്നത്.
നമ്മൾ എന്തിനാണ് ഈ സിനിമ ഇൻഡസ്ട്രിയിൽ എത്തിയത് എന്നതിനെക്കുറിച്ച് ചിന്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സുരക്ഷിതമാണെന്ന് കരുതിയല്ല ആരും സിനിമയിൽ വരുന്നത്. തൊഴിൽ സുരക്ഷ, ജോലി സമയം, നിരന്തരമായ വിമർശനങ്ങൾ, ആത്മവിശ്വാസമില്ലായ്മ, തിരസ്കാരങ്ങൾ, വസ്‌തുവൽക്കരണം എന്നിങ്ങനെ ഒരുപാട് വെല്ലുവിളികൾ ഇവിടെയുണ്ട്. ഇതെല്ലാം അറിഞ്ഞിട്ടും ഇതിലേക്ക് വരാൻ തീരുമാനിക്കുന്ന ഓരോ സ്ത്രീയും അസാമാന്യ ധൈര്യശാലിയാണ്.
ഈ ഇൻഡസ്ട്രിയിൽ കഠിനാധ്വാനം ചെയ്യുന്ന ഓരോ സ്ത്രീക്കും ലഭിക്കേണ്ട കൈയടികൾ അവർക്ക് ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നമ്മൾ പരസ്പരം ആഘോഷിക്കാനും സത്യസന്ധമായി പെരുമാറാനും ശ്രമിക്കണം. ഒരു സിനിമയുടെ ടൈറ്റിലിന് മുകളിൽ ഒരു സ്ത്രീയുടെ പേര് വരുന്നത് ആരും ചർച്ച ചെയ്യാത്ത അത്ര സാധാരണമായ ഒരു കാര്യമായി മാറുന്ന ഒരു കാലം ഞാൻ സ്വപ്നം കാണുന്നു. സ്ത്രീകൾ പ്രധാന വേഷത്തിൽ എത്തുന്ന സിനിമകളെ ‘ഫീമെയിൽ ലീഡ്’ എന്ന് വിളിച്ച് അതൊരു റിസ്ക് ആണെന്നോ അല്ലെങ്കിൽ ഒരു വിഭാഗമാണെന്നോ കരുതാത്ത ഒരു കാലം വരണം.
നമ്മുടെ അഭിപ്രായങ്ങള്‍, ആഗ്രഹങ്ങള്‍ എല്ലാം നമ്മള്‍ അഡ്ജസ്റ്റ് ചെയ്യുന്നു, അതുകൊണ്ട് നമ്മുടെ ചുറ്റുമുള്ളവർ കംഫർട്ടബിള്‍ ആകുന്നു. നമ്മള്‍ അത് വളരെ സന്തോഷത്തോടെയും നല്ല മനസോടെയും ചെയ്യും. പലപ്പോഴും അതൊരു ത്യാഗമായി പോലും നമ്മള്‍ കണക്കാക്കാറില്ല. ഒരേ കാര്യത്തിനായി സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ പത്ത് മടങ്ങ് കൂടുതല്‍ ക്ഷമാപണം നടത്താറുണ്ട്.
നിങ്ങള്‍ അഡ്ജസ്റ്റ് ചെയ്യുന്നത് നിർത്തൂ. കാരണം നിങ്ങള്‍ നേടിയെടുക്കുന്നത് അനുഭവിക്കാൻ നിങ്ങള്‍ അർഹരാണ്. ക്രെഡിറ്റ് എന്ന് പറയുന്നത് ഒരു മോശം വാക്കല്ല. ആഗ്രഹം എന്നത് ഒരു സ്വഭാവ വൈകല്യവുമല്ല. നന്ദിയോടെ ഒരു അഭിനന്ദനം സ്വീകരിക്കുന്നത് ഒരിക്കലും അഹങ്കാരമല്ല. ഇതാണ് സത്യം.
സിനിമയിലെ സ്ത്രീകൾ അത് കാണുന്ന സ്ത്രീകളെപ്പോലെ തന്നെ സങ്കീർണ്ണമായ സ്വഭാവങ്ങളുള്ളവരും യഥാർത്ഥ മനുഷ്യരുമായിരിക്കണം. അവർ വെറുമൊരു ഭാര്യയോ അല്ലെങ്കിൽ നായകന് ധൈര്യം നൽകുന്നവരോ മാത്രം ആകരുത്. ഈ ഇൻഡസ്ട്രിയിൽ മാറ്റങ്ങൾ വരുന്നത് സാവധാനത്തിലായിരിക്കാം, പക്ഷേ അത് സംഭവിക്കും. നമ്മൾ പറയുന്ന കഥകളിലൂടെയും, വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിലൂടെയും ഓരോ സ്ത്രീയും ഈ മാറ്റത്തിന് കാരണമാകുന്നുണ്ട്. ഇവിടെ വന്നിരിക്കുന്ന എല്ലാവരും ധൈര്യശാലികളാണ്. ഇത് കേൾക്കേണ്ട ഏതെങ്കിലും ഒരു സ്ത്രീയെങ്കിലും ഇവിടെ ഉണ്ടെങ്കിൽ, നിങ്ങൾ വന്നതിൽ എനിക്ക് സന്തോഷമുണ്ട്. നന്ദി...’’ സമാന്ത പറഞ്ഞു. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയിലെ ഒരു പരിപാടിയിൽ സംസാരിക്കുമ്പോള്‍ താരം പറഞ്ഞ വാക്കുകൾ സദസ്സും സഹപ്രവര്‍ത്തകരായ താരങ്ങളും ഏറ്റെടുത്തത് നിറഞ്ഞ കൈയടിയോടെയാണ്.

കരിയറിലും തിരക്കിലാണ് സമാന്ത റൂത്ത് പ്രഭു. തന്റെ അടുത്ത ചിത്രമായ മാ ഇൻതി ബംഗാരത്തിന്റെ ഷൂട്ടിംഗ് താരം അടുത്തിടെ ആരംഭിച്ചു. രാജ് നിദിമോരു, സാമന്ത, ഹിമാങ്ക് ദുവുരു എന്നിവർ ചേർന്ന് നിർമ്മിക്കുന്നതാണ് ഈ ചിത്രം. ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘ഓ ബേബി’ക്ക് ശേഷം സാമന്തയും സംവിധായിക നന്ദിനി റെഡ്ഡിയും തമ്മിലുള്ള മറ്റൊരു ആവേശകരമായ ഒന്നിക്കല്‍ കൂടിയാണിത്. ‘രക്ത് ബ്രഹ്മാണ്ഡ്: ദി ബ്ലഡി കിംഗ്ഡ’ത്തിലും സമാന്ത രാജ് & ഡികെയുമായി സഹകരിക്കുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW