-->
നടനും നിര്‍മാതാവുമായ അര്‍ബാസ് ഖാന്റെയും ഭാര്യയും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ ഷുറ ഖാന്റെയും ഈദ് ആഘോഷങ്ങളാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. തങ്ങളുടെ മകള്‍ സിപാര ഖാന്റെ മനോഹരമായൊരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഷുറ ഇത്തവണത്തെ പെരുന്നാള്‍ സന്തോഷം ആരാധകരുമായി പങ്കിട്ടത്.
വെളുത്ത വസ്ത്രമണിഞ്ഞ് പാദസരങ്ങളിട്ട സിപാരയുടെ ഒരു ക്ലോസപ്പ് ചിത്രമാണ് ഷുറ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ‘ഈദ് വൈബ്‌സ്’ എന്ന ലളിതമായ അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രത്തില്‍ കുഞ്ഞിന്റെ മുഖം വ്യക്തമല്ലെങ്കിലും ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സിപാരയുടെ കുഞ്ഞു പാദങ്ങളിലെ വെളളിക്കൊലുസുകളെയും വസ്ത്രത്തെയും പുകഴ്ത്തിയും കുഞ്ഞിന് അനുഗ്രഹങ്ങള്‍ നേര്‍ന്നും നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. കുഞ്ഞിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ആഗ്രഹമുണ്ടെന്നും ചിലര്‍ കുറിക്കുന്നുണ്ട്.
2023 ഡിസംബറിലാണ് അര്‍ബാസ് ഖാനും ഷുറയും വിവാഹിതരായത്. 2025 ഒക്‌ടോബര്‍ 5 ന് ഇരുവര്‍ക്കും മകള്‍ സിപാര ജനിച്ചു. അര്‍ബാസ് ഖാന്റെ രണ്ടാം വിവാഹമാണിത്. നടി മലൈക അറോറയായിരുന്നു ആദ്യ ഭാര്യ. ഇവര്‍ക്ക് അര്‍ഹാന്‍ എന്നൊരു മകനുണ്ട്.