Thursday, March 12, 2026 Last Updated 0 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 04.52 PM

‘കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെ; അയ്യപ്പനവരെ വെറുതേ വിടുമോ?; സത്യം വെളിച്ചത്ത് വരേണ്ടത് ഒരു ഭക്തനെന്ന നിലയില്‍ എന്റെയും കടമ...’ ഇഡി ഓഫീസിലെത്തി ജയറാം

ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് ഇപ്പോഴിതാ മൊഴി നല്‍കാനായി ഇഡി ഓഫീസിലെത്തിയ ജയറാമിന്റെ വാക്കുകളാണ് ​സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. പറയാനുള്ളതെല്ലാം ഇഡി ഉദ്യോ​ഗസ്ഥർക്ക് മുന്നിൽ പറയുമെന്നും സ്വർണക്കൊള്ള കേസിൽ പങ്കുള്ളവരെല്ലാം കുടുങ്ങട്ടെയെന്നും ജയറാം മാധ്യമങ്ങളോട് പറഞ്ഞു.
Jayaram,  Sabarimala gold robbery case
Actor Jayaram appears before ED (Image Source: Instagram)

ശബരിമല സ്വർണക്കൊള്ളക്കേസിൽ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ പേര് വന്നതിന് അധികം പിന്നാലെ വന്ന ഒരു പേരായിരുന്നു മലയാളത്തിന്റെ പ്രിയതാരം ജയറാമിന്റേത്. കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ജയറാമിന് അടുത്ത ബന്ധമുളളതായി കണ്ടെത്തി. എന്നാല്‍ പോറ്റിയുമായി സുഹൃത്ത്ബന്ധം മാത്രമാണ് ഉളളതെന്നാണ് ജയറാം പറഞ്ഞത്. പക്ഷേ ശബരിമലയിലെ ദ്വാരപാലക പാളികൾ ജയറാമിന്റെ വീട്ടിൽ കൊണ്ട് പോയി പൂജിച്ചത് അടക്കമുളള വിവരങ്ങൾ പുറത്ത് വന്നതിനു പിന്നാലെ എസ്ഐടി നേരത്തെ ജയറാമിനെ ചോദ്യം ചെയ്തിരുന്നു.
ഇക്കഴിഞ്ഞ ഈ കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ ഇഡി അന്വേഷിക്കുന്നതിനിടെ എൻഫോഴ്സ്മെൻഡ് ഡയറക്ടറേറ്റിന്റെ കൊച്ചി ഓഫീസിലേക്ക് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. ഏതെങ്കിലും തരത്തിലും സാമ്പത്തിക ഇടപാടുകൾ ഇവർ തമ്മിലുണ്ടോ എന്ന് അറിയുന്നതിന് വേണ്ടിയാണ് ജയറാമിനെ ഇഡി വിളിപ്പിച്ചത്.
ഇപ്പോഴിതാ മൊഴി നല്‍കാനായി എത്തിയ ജയറാമിന്റെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ശബരിമലയിൽ തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ അതിന് പിന്നിലുളളവരെ വെളിച്ചത്ത് കൊണ്ട് വരണമെന്നും അയ്യപ്പൻ അവരെ വെറുതെ വിടില്ലെന്നുമാണ് ഇഡിക്ക് മുന്നിൽ ഹാജരാകാൻ എത്തിയ ജയറാം മാധ്യമങ്ങളോട് പ്രതികരിച്ചത്.
‘‘ശബരിമല എന്ന് പറയുന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം പ്രത്യേക വികാരമാണ്. എത്രയോ ക്ഷേത്രങ്ങള്‍ നമുക്ക് ഉണ്ടെങ്കിലും ശബരിമല എന്ന് പറയുന്നത് ഓരോ ഭാരതീയനെ സംബന്ധിച്ചും, ജാതി-മത ഭേദമന്യേ ആളുകളെത്തുന്ന വലിയ ഒരു പുണ്യസ്ഥലം ആണ്. അവിടെ ഇത്തരമൊരു തട്ടിപ്പ് എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ അത് 100 ശതമാനം വെളിച്ചത്ത് കൊണ്ട് വരാനും അതിനകത്ത് ബന്ധപ്പെട്ടിട്ടുളളവരെയെല്ലാം വെളിച്ചത്ത് കൊണ്ടുവരാനും ഓരോ മലയാളിയും ബാധ്യസ്ഥരാണ്. ആ മലയാളികളുടെ കൂട്ടത്തില്‍പ്പെട്ട ഒരാളാണ് ഞാനും.
കഴിഞ്ഞ് പത്ത് മുപ്പത്തിയെട്ട് വര്‍ഷക്കാലം കേരളത്തിന് അകത്തും പുറത്തും ഉളള എത്രയോ ക്ഷേത്രങ്ങളില്‍ പല തരത്തിലുളള പൂജകള്‍, ആനയെ നടയ്ക്കിരുത്തല്‍, ആനക്കൊട്ടില്‍ സമര്‍പ്പണം, നട സമര്‍പ്പണം പോലുളള കാര്യങ്ങളില്‍ ആദ്യം ക്ഷണിക്കുന്നത് എന്നെയാണ്. കഴിവതും ഞാന്‍ പോകാറുമുണ്ട്.
അത്തരത്തിലാണ് ഇതുമായി ബന്ധപ്പെട്ട ആളുകള്‍ വിളിച്ചപ്പോള്‍ ഇതിനും പോയത്. പോയിട്ടുണ്ട്. ഇതിന്റെയൊക്കെ പിന്നില്‍ കള്ളത്തരങ്ങള്‍ എന്തെങ്കിലും നടന്നിട്ടുണ്ടോ എന്നത് അന്വേഷിക്കാന്‍ കോടതിയും ബന്ധപ്പെട്ട ആളുകളുമെല്ലാം ഇതിന്റെ പിറകേയുണ്ട്. എന്നില്‍ നിന്നും ഇഡിക്ക് ഉപകാരപ്രദമായ എന്തെങ്കിലും കാര്യങ്ങള്‍ കിട്ടുകയാണെങ്കില്‍ സത്യം വെളിച്ചത്ത് കൊണ്ട് വരാന്‍ അത് നല്ലതല്ലേ. അത്തരം കാര്യങ്ങള്‍ ചോദിച്ചറിയാന്‍ വേണ്ടിയാണ് തന്നെ വിളിച്ചിട്ടുളളത്.
എല്ലാം ഭംഗിയായി പര്യവസാനിക്കട്ടെ. ഇനിയും വല്ലവരും കുടുങ്ങാനുണ്ടെങ്കില്‍ അവരും കുടുങ്ങട്ടെ. അയ്യപ്പന്‍ വെറുതേ വിടുമോ അവരെയൊക്കെ. 50 വര്‍ഷത്തിന് മുകളിലായി ശബരിമലയ്ക്ക് പോകുന്ന ഭക്തനാണ് ഞാന്‍. അപ്പോള്‍ എന്റെയും കൂടി കടമയാണ് ഇത് ക്ലീനാക്കുക എന്നത്. എന്നിൽ നിന്ന് ഉപകാരപ്പെട്ട വല്ലതും കിട്ടിയാൽ അത് നല്ലതല്ലേ...’’ ജയറാം പറഞ്ഞു.
ശബരിമല സ്വർണ മോഷണക്കേസുമായി ബന്ധപ്പെട്ട വിവിധ ഇടപാടുകളിൽ വ്യക്തത വരുത്താനാണ് ഇഡി ജയറാമിനെ വിളിച്ചുവരുത്തിയത്. ജയറാമിന്റെ ചെന്നൈയിലെ വീട്ടിൽ എത്തിച്ച് പൂജ നടത്തിയതടക്കം പോറ്റിയുമായി സാമ്പത്തിക ഇടപാടുണ്ടോ എന്നതിലാണ് ജയറാം മറുപടി നൽകേണ്ടത്. സ്വർണക്കൊള്ളയിലെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നതിന്റെ ഭാഗമാണ് ജയറാമിനെ ചോദ്യം ചെയ്യുന്നത്. കേസിൽ ഉൾപ്പെട്ട ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ജയറാമിന്റെ അടുപ്പം, ദ്വാരപാലക ശില്പങ്ങൾ വീട്ടിൽ കൊണ്ടുപോയി പൂജ നടത്തിയത് തുടങ്ങിയ കാര്യങ്ങൾ ഇഡി പരിശോധിക്കുന്നുണ്ട്.

കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ജയറാമിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും. ശബരിമലയില്‍ നിന്ന് കൊണ്ടുപോയ കട്ടിളപ്പാളികള്‍ ജയറാമിന്റെ ചെന്നൈയിലെ വീട്ടില്‍ എത്തിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതിനു പിന്നാലെയാണ് ജയറാമിന്റെ പേര് ഈ കേസിലേക്ക് എത്തിയത്. അതിന്റെ മറവില്‍ നടന്ന സാമ്പത്തിക ഇടപാടുകളും ഇഡി പരിശോധിക്കും. നേരത്തെ കേസില്‍ പ്രത്യേക അന്വേഷണ സംഘം നടന്‍ ജയറാമിന്റെ മൊഴിയെടുത്തിരുന്നു. ദീർഘ കാലമായുള്ള സൗഹൃദം മാത്രമാണ് പോറ്റിയുമായുള്ളതെന്നും ഒരു രൂപയുടെ പോലും പണമിടപാട് ഇല്ലെന്നുമാണ് എസ്ഐടിക്ക് ജയറാം മൊഴി നൽകിയത്. ഇടനിലക്കാരൻ കൽപ്പേഷും ഇഡി ഓഫീസിൽ ഹാജരായിട്ടുണ്ട്.

Ads by Google
Tuesday 17 Feb 2026 04.52 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW