-->
വിജയ്, തൃഷ എന്നിവരെക്കുറിച്ച് താന്‍ നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി നടനും സംവിധായകനുമായ സമുദ്രക്കനി. കാര്‍മേനി സെല്‍വം എന്ന തന്റെ പുതിയ സിനിമയുടെ പ്രചാരണത്തിനിടയിലാണ് ഹൈദരാബാദില്‍ വെച്ച് അദ്ദേഹം ഈ വിഷയത്തില്‍ വീണ്ടും പ്രതികരിച്ചത്. താന്‍ പറയുന്നത് റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്ന് അറിഞ്ഞുതന്നെയാണ് താന്‍ ആ കാര്യങ്ങള്‍ പറഞ്ഞതെന്നും തന്റെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മാര്‍ച്ചില്‍ ചെന്നൈയില്‍ നടന്ന ഒരു വിവാഹ ചടങ്ങില്‍ വിജയ് യും തൃഷയും ഒരുമിച്ച് പങ്കെടുത്തതിനെ തുടര്‍ന്നാണ് വിവാദങ്ങളുടെ തുടക്കം. വിജയ്‌ക്കെതിരെ ഭാര്യ സംഗീത വിവാഹമോചനക്കേസ് നല്‍കിയതിനുപിന്നാലെയായിരുന്നു ഇത്. വിജയ് യും തൃഷയും ഒരുപോലെയുളള വസ്ത്രങ്ങള്‍ ധരിച്ചാണ് ചടങ്ങിനെത്തിയത്.
ഇതിനുപിന്നാലെ പുറത്തുവന്ന ഒരു വീഡിയോയില്‍ ഇത്തരത്തിലുളള കാര്യങ്ങള്‍ നാലു ചുവരുകള്‍ക്കുളളില്‍ ഒതുക്കേണ്ടതാണെന്നും എന്തിനാണ് ഇത് പരസ്യമായി പ്രദര്‍ശിപ്പിക്കുന്നതെന്നും സമുദ്രക്കനി ചോദിച്ചിരുന്നു. സംവിധായകന്‍ ബാലയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പാര്‍ട്ടിക്കാര്‍ പോലും ഇതിനോട് യോജിക്കുന്നില്ലെന്നും സമുദ്രക്കനി പറഞ്ഞിരുന്നു. ഈ വിഷയത്തിലാണിപ്പോള്‍ വിശദീകരണവുമായി സമുദ്രക്കനി രംഗത്തെത്തിയത്.
തന്റെ മനോവിഷമമാണ് അവിടെ പങ്കുവെച്ചതെന്ന് സമുദ്രക്കനി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. വിജയ് യുടെ രാഷ്ട്രീയ പ്രവേശനത്തെ ആദ്യം പിന്തുണച്ച ഒരാളായിരുന്നു താന്‍. അതുകൊണ്ടാണ് ഈ സംഭവങ്ങള്‍ തന്നെ വേദനിപ്പിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. തന്റെ വാക്കുകള്‍ റെക്കോര്‍ഡ് ചെയ്ത വ്യക്തി സംഭാഷണത്തിന്റെ തുടക്കം ഒഴിവാക്കി അവസാനം മാത്രമാണ് പുറത്തുവിട്ടത്. എന്നാല്‍ മനസ്സിലുളളത് തുറന്നുപറയാന്‍ തനിക്ക് മടിയൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പറഞ്ഞ കാര്യങ്ങളില്‍ ഒട്ടും ഖേദമില്ലെന്നും സമുദ്രക്കനി വ്യക്തമാക്കി. താന്‍ സത്യസന്ധമായാണ് സംസാരിച്ചതെന്നും അത് വീഡിയോയില്‍ വന്നതില്‍ പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു.