-->
ഇന്ധന നികുതി 10 ശതമാനം കുറച്ചതോടെ കേന്ദ്ര സർക്കാറിന് ഒരു വർഷത്തെ നഷ്ടമായി കണക്കാക്കുന്നത് 1.55 ലക്ഷം കോടി. എന്നാൽ അനന്തമായി നീളുന്ന പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം മുൻ നിർത്തി നഷ്ടം സഹിച്ചും ഇന്ധനം ലഭ്യമാക്കുകയെന്ന ഉത്തരവാദിത്വമാണ് സർക്കാർ ഏറ്റെടുത്തത്. യുദ്ധത്തെ തുടർന്ന് കടൽ മാർഗമുള്ള ഇന്ധന കടത്ത് പ്രതിസന്ധിയിലായതോടെ പെട്രോളിയം കമ്പനികൾക്ക് വലിയ നഷ്ടമാണ് നേരിടുന്നത്. യുദ്ധം നീളുന്നതോടെ നഷ്ടം വർധിക്കുമെന്നുറപ്പാണ്. ഇന്ത്യൻ രൂപയും ഡോളറുമായുള്ള മൂല്യ നിർണ്ണയത്തിൽ സ്ഥിരത നിലനിർത്താൻ സാധികാത്തതും അനുദിനം വിനിമയ നിരക്ക് വിത്യാസപ്പെടുന്നതും വാണിജ്യ രംഗത്ത് പെട്രോളിയം കമ്പനികളുടെ ചെലവ് വർധിപ്പിച്ചു.
അതേസമയം കഴിഞ്ഞ നാലു വർഷമായി ഇന്ധന വിലയിൽ വലിയ വർധനവില്ലാതെ സ്ഥിരത നിലനിർത്താനും കേന്ദ്ര സർക്കാറിന്റെ ഇടപെടലിലൂടെ സാധികുന്നുണ്ട്. എന്നാൽ യുദ്ധ പ്രതിസന്ധിയിൽ വില വർധനവ് ഒഴിവാക്കാനാകില്ലെന്ന ഘട്ടമെത്തിയതോടെയാണ്, വില വർധിച്ചാലും ജനങ്ങളെ ബാധിക്കാത്ത വിധം എക്സൈസ് നികുതി കുറച്ച് നഷ്ടം കേന്ദ്ര സർക്കാർ ഏറ്റെടുത്തത്. ഒരു വർഷം ഈ നിലയിൽ തുടർന്നാൽ 1.55 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് സർക്കാറിനുണ്ടാവുക. ഈ നികുതി വരുമാനം കൂടി കണക്കിലെടുത്ത് അവതരിപ്പിച്ച പല പദ്ധതികൾക്കും ഫണ്ട് കണ്ടെത്താൻ കേന്ദ്ര സർക്കാർ മറുവഴികൾ തേടേണ്ടി വരും. അവതരിപ്പിക്കപ്പെട്ട ബജറ്റിൽ കമ്മി വർദ്ധിപ്പിക്കാതിരിക്കാനുള്ള ഇടപെടൽ തീർച്ചയായും കേന്ദ്ര സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകും.
ഇന്ധന വിലവർധിച്ചിരുന്നെങ്കിൽ സർവമേഖലയിലേയും വില കയറ്റത്തിനും പണപ്പെരുപ്പത്തിനു ഇടയാക്കുന്ന സാഹചര്യം ഇല്ലാതാക്കാനുളള കേന്ദ്ര സർക്കാറിന്റെ ഫലപ്രദമായ ഇടപെടലായാണ് ഈയൊരു നീക്കം വിലയിരുത്തപ്പെടുന്നത്. യുദ്ധസാഹചര്യത്തെ നേരിടാനാവാതെ അയൽ രാജ്യമായ പാക്കിസ്ഥാന്റെയടക്കും വിപണി തകർന്നടിയുന്ന ഘട്ടത്തിൽ തന്നെയാണ്, ദീർഘവീക്ഷത്തോടെയുളള ഇടപെടലിലൂടെ ഇന്ത്യൻ വിപണിയിൽ ആഗോള പ്രതിസന്ധി നിഴലിക്കാത്ത വിധത്തിൽ സംരക്ഷിക്കാൻ കേന്ദ്ര ഇടപെടലുണ്ടാകുന്നത്. ഇന്ധന വിലവർധനവാണ് വിപണിയിൽ വലിയ തോതിലുള്ള പ്രതിസന്ധിക്കും വിലക്കയറ്റത്തിനും ഇടയാക്കുന്നതെന്നതിനാൽ തന്നെ, ആദ്യ കരുതലും ഈ മേഖലയിലായി.
ആഭ്യന്തര ഉപയോഗത്തിന് ആവശ്യമായി വരുന്ന ഇന്ധനത്തിന്റെ ലഭ്യത ഉറപ്പു വരുത്താനുള്ള കൃത്യമായ ഇടപെടലും യുദ്ധ സാഹചര്യവും ആഗോള തലത്തിലെ അനിശ്ചിതത്വവും മുൻനിർത്തി കേന്ദ്ര സർക്കാർ കൈ കൊണ്ടിരുന്നു. നയതന്ത്ര രംഗത്ത് സമീപകാലത്ത് കൈവരിച്ച മേധാവിത്വം ഇതിനേറെ ഗുണകരമാവുകയും ചെയ്തു. വിപണിയിൽ ഇടപെടുന്നതിന്റെ ഭാഗമായി രാജ്യത്ത് നിന്ന് ശുദ്ധീകരിച്ച ഇന്ധനം വിദേശങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് 22.50 രൂപ നികുതിയും ഏർപ്പെടുത്തി. ഇതോടെ നികുതി നഷ്ടം ഭയന്ന് കമ്പനികൾ ഇന്ധന കയറ്റുമതി നിർത്തിയോ കുറച്ചോ ആഭ്യന്തര വിപണിയിൽ തന്നെ ഉത്പന്നമെത്തിക്കാൻ തയ്യാറാകും. ഇതുവഴി യുദ്ധ സാഹചര്യത്തിൽ രൂപപ്പെട്ടേയ്ക്കാവുന്ന ഇന്ധന പ്രതിസന്ധിയെ മറികടക്കാനും സാധിക്കും.
യുദ്ധം മുറുകിയതോടെ ഇന്ധന നീക്കത്തിന് നിർണ്ണായക വഴിത്താരയായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം പൂർണമായും ഏറ്റെടുത്ത ഇറാൻ ഇതുവഴിയുള്ള ചരക്ക് കപ്പൽ ഗതാഗതം തടഞ്ഞിരുന്നു. എന്നാൽ നയതന്ത്ര ചർച്ചകളിലൂടെ ഇന്ത്യ ഈ തടസങ്ങളും നീക്കി. ഇരുപക്ഷ ശാക്തിക ചേരികൾക്ക് നേതൃത്വം നൽകുന്ന റഷ്യയുമായും അമേരിക്കയുമായും സൗഹൃദം പുലർത്തി പോന്ന ഇന്ത്യ, യുദ്ധത്തിൽ പരസ്പരം പോർമുഖം തുറന്ന ഇറാനുമായും ഇസ്രായേലുമായും ഉറ്റ സൗഹൃദത്തിലാണ്. ഇസ്രായേലുമായി ആയുധ - സാങ്കേതിക വിദ്യാ കൈമാറ്റ രംഗങ്ങളിലടക്കം സഹകരിക്കുമ്പോൾ തന്നെയാണ് ഹോർമുസ് കടക്കാൻ ഇറാൻ അനുവദിച്ച അഞ്ച് രാജ്യങ്ങളിൽ ഇന്ത്യയുമുൾപ്പെട്ടത്. നയതന്ത്ര രംഗത്തെ വിസ്മയമായി തന്നെയാണ് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വിദേശകാര്യ നയത്തെ ലോക രാഷ്ട്രങ്ങൾ വിശേഷിപ്പിക്കുന്നതും.
യുദ്ധ സാഹചര്യം ചൂണ്ടിക്കാട്ടി ഇന്ധന വിലയിൽ വലിയ തോതിലുള്ള വർധനവ് ഏർപ്പെടുത്താനാണ് മറ്റ് രാജ്യങ്ങൾ ശ്രമിച്ചതെങ്കിൽ ഇന്ത്യ മാത്രമാണ് നികുതിയിളവിലൂടെ, അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റം സാധാരണക്കാർക്കും ഇന്ധന കമ്പനികൾക്കും ബാധിക്കാത്ത തരത്തിൽ ക്രമീകരിച്ചത്. ഇതുവഴി വിപണിയ്ക്ക് ഭാരമില്ലാതെ തന്നെ വിലനിലവാരം പിടിച്ചു നിർത്താൻ സാധിച്ചതിലൂടെ ലോക രാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ നട്ടെല്ല് നിവർത്തി നിൽക്കുന്ന അഭിമാന സാഹചര്യവുമാണ്. അയൽപക്കത്തെ പാക്കിസ്ഥാനിൽ സ്വതവേ ദുർബലമായ സാമ്പത്തിക രംഗം പശ്ചിമേഷ്യൻ യുദ്ധത്തോടെ പൂർണമായി തകർന്നടിഞ്ഞ അവസ്ഥയിലാണ്. ഇന്ധനക്ഷാമം രൂക്ഷമായെന്ന് മാത്രമല്ല, വൻ വിലക്കയറ്റവുമാണ് പാക്കിസ്ഥാന്റെ ആഭ്യന്തരവിപണിയിൽ സംജാതമായത്. എന്തിനേറെ സമ്പദ് വ്യവസ്ഥയുടെ മേൽമയിൽ മേനി നടിക്കുന്ന ചൈന പോലും യുദ്ധം തുടങ്ങിയതിൽ പിന്നെ പത്ത് ശതമാനത്തോളം ഇന്ധനവില വർധിപ്പിച്ചു.
ഇന്ധനമേഖലയിലെ എക്സൈസ് നികുതിയിൽ ഇളവുവരുത്തിയ കേന്ദ്ര സർക്കാർ നടപടി, വിപണിയെ ഉലയാതെ താങ്ങി നിർത്താനുള്ള താൽക്കാലിക ഇടപെടലാണ്. യുദ്ധം അവസാനിക്കുകയും ഇന്ധന ലഭ്യത സാധാരണ ഗതിയിലാവുകയും ചെയ്താൽ നേരത്തേതിന് സമാനമായ നികുതി ഘടനയിലേക്ക് തന്നെ മടങ്ങി വരാനും സാധിക്കും. എന്നാൽ ദീർഘകാല പദ്ധതിയിലൂടെ വിപണിയ്ക്ക് ഉത്തേജനം പകർന്ന് കരുത്തുറ്റ സമ്പദ്ഘടനയിലേക്ക് ഉയർത്താൻ മോദി സർക്കാർ നടപ്പാക്കിയ വിപ്ലവകരമായ പദ്ധതികളും ഒട്ടേറെയുണ്ട്.
O ജി.എസ്.ടി.യും ആദായ നികുതിയും
പിന്നിട്ടകാല കേന്ദ്ര ബജറ്റുകൾ പരിശോധിച്ചാലും ഇതിന് ഉദാഹരണങ്ങളേറെ. താൽക്കാലിക രാഷ്ട്രീയ വിമർശനങ്ങളെ അതിജീവിച്ച് ഇത്തരം പദ്ധതികളും പരിഷ്ക്കാരങ്ങളും ആവിഷ്ക്കരിച്ച് സധൈര്യം നടപ്പാക്കാൻ മോദി സർക്കാർ കാണിച്ച നിശ്ചയദാർഢ്യം തന്നെയാണ്, ചൈനയെ യടക്കം മറികടക്കാനാകും വിധത്തിലേക്ക് പോലും ഇന്ത്യൻ സമ്പദ് ഘടന കുതിച്ചുയുരുന്നതിന് ഇടയാക്കിയത്. ആദായ നികുതി സ്ലാബ് ഉയർത്തി, ഇടത്തരക്കാരേയും നികുതി ഭാരത്തിൽ നിന്ന് പുറത്ത് നിർത്തിയതോടെ, ഉത്പ്പാദന മേഖലയും വിപണിയും വൻ കുതിപ്പിനാണ് സാക്ഷ്യം വഹിച്ചത്. ഏഴും എട്ടും ലക്ഷത്തിൽ നിന്നിരുന്ന ആദായ നികുതി സ്ലാബ് 12 ലക്ഷത്തിലേക്ക്ഉയർത്തിയതിന്റെ പ്രതിഫലനം കൂടിയാണ്, വിപണിയിൽ സമീപകാലത്ത് പ്രതിഫലിച്ച വളർച്ചയുടെ തോത്. ഇതിലൂടെ സംഭവിക്കുന്ന നികുതി വരുമാന നഷ്ടത്തെയല്ല, മറിച്ച് സമ്പദ്ഘടനയുടെ ദീർഘകാല വളർച്ച തന്നെയാണ് മോദി സർക്കാർ ലക്ഷ്യം വച്ചത്.
സമാനമായ ദീർഘകാല പദ്ധതിയായി അവതരിപ്പിക്കപ്പെട്ട ജി.എസ്.ടി. ആദ്യകാലത്ത് പ്രതിപക്ഷ രാഷ്ട്രീയ വിമർശനത്തിന് ഇടയാക്കിയെങ്കിലും പിന്തിരിയാൻ കേന്ദ്ര സർക്കാർ തയ്യാറായില്ല. ഈ നിശ്ചയദാർഢ്യത്തിന്റെ ഫലമായി വിപണിയുടെ ആവശ്യകത പെരുകുകയും ഉത്പ്പാദനതോത് വർധിക്കുകയും ചെയ്തു. പല തരത്തിൽ നൽകേണ്ടി വന്ന നികുതി പരിഷ്ക്കരിച്ച് ഒറ്റ നികുതിയായി, ഒറ്റ സംവിധാനത്തിലൂടെ അടയ്ക്കാൻ സാധിച്ചതിലൂടെ വിപണി കരുത്തുറ്റതായി. പല നികുതികൾ നിർത്തലാക്കിയതോടെ സർക്കാറിന് വരുമാന നഷ്ടത്തിനിടയാക്കുമെന്നും ഇത് വികസന മേഖലയിലടക്കമുളള പദ്ധതികളുടെ നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നുമായിരുന്നു പ്രധാന വിമർശനം. എന്നാൽ ഒരു രാജ്യം ഒരു നികുതിയെന്ന, ഏകീകൃത നികുതി പരിഷ്ക്കാരത്തിലൂടെ നികുതി ചോർച്ച പൂർണമായി തടഞ്ഞ കേന്ദ്ര സർക്കാർ, ഓരോ സാമ്പത്തിക വർഷങ്ങൾ പിന്നിടുമ്പോഴും നികുതി വരുമാനത്തിൽ വർധനവിന്റെ കണക്കുകളാണ് പുറത്ത് വിടുന്നത്. കള്ളക്കടത്ത് തടഞ്ഞ് ചെക്ക്പോസ്റ്റ് കൊള്ള തന്നെ ഇല്ലാതാക്കി സുഖമമായ വിപണിയിലേക്ക് ഉത്പ്പാദകരേയും ഉപഭോക്താവിനേയും സ്വാഗതം ചെയ്ത മോദി സർക്കാർ, ഈ പരിഷ്ക്കാരത്തിലൂടെ പുലർത്തിയ ദീർഘവീക്ഷണം ലോക രാജ്യങ്ങൾക്ക് തന്നെ മാതൃകാപരവുമായി.
സാമ്പത്തിക - നികുതി - പരിഷ്ക്കാരങ്ങളിലൂടെ വിപണിയിലേക്ക് രൂപപ്പെട്ട പണമൊഴുക്കിൽ കമ്പനികൾ ഉത്പാദനം പതിമടങ്ങായി വർധിപ്പിക്കുകയും വിപണി ഉത്തേജിപ്പിക്കപ്പടുകയും ചെയ്തു. വിലക്കയറ്റം ഉണ്ടായില്ലെന്ന് മാത്രമല്ല, വിലനിലവാര തോത് സാധാരണക്കാരന് പോലും പര്യാപ്തമായ നിലയിലേക്ക് പരിണമിക്കുകയും ചെയ്തു. കാറും ബൈക്കും ഉൾപ്പെടുന്ന ഓട്ടോമൊബൈൽ വിപണിയിൽ മാത്രമല്ല എ.സി. അടക്കമുള്ള ഹോം അപ്ലയൻസ് വിപണിയിലടക്കം ഈ വിലക്കുറവും ഇതു മൂലമുള്ള വർധിച്ച ആവശ്യകതയും ഉത്പ്പാദന വളർച്ചയും ദീർഘകാല ഉത്തേജന പാക്കേജായി മാറി. യുദ്ധാന്തരീക്ഷത്തിൽ ഉത്പാദന കുറവ് രേഖപ്പെടുത്തി തുടങ്ങിയിട്ടുണ്ടാകാമെങ്കിലും ഇന്ധന നികുതി കുറച്ച് പണപ്പെരുപ്പമടക്കം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ കാണിച്ച മിടുക്കും വിപണിയെ ഉലയാതെ സംരക്ഷിക്കാൻ ഇടയാക്കുന്നതായി. വിപണിയുടെ ചലനങ്ങൾ ശ്രദ്ധാപൂർവം വീക്ഷിച്ച് ഹൃസ്വകാല - ദീർഘകാല പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിൽ മോദി സർക്കാർ പുലർത്തുന്ന ജാഗ്രതയാണ് ഇവിടെ ചർച്ച ചെയ്യപ്പെടുന്നതും.