Sunday, March 29, 2026 Last Updated 52 Min 7 Sec ago English Edition
Todays E paper
Ads by Google
Saturday 28 Mar 2026 10.37 AM

ലക്ഷ്യം സുതാര്യതയോ അതോ വേട്ടയാടലോ?

uploads/news/2026/03/832850/1.jpg

വിദേശ സംഭാവന നിയന്ത്രണ നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഭേദഗതി ബില്ല്‌ രാജ്യത്തെ സന്നദ്ധ മേഖലയില്‍, പ്രത്യേകിച്ച്‌ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ വലിയ ആശങ്കകള്‍ക്ക്‌ വഴിതുറന്നിരിക്കുകയാണ്‌. എന്‍.ജി.ഒകളുടെ വിദേശ ഫണ്ട്‌ വിനിയോഗം നിരീക്ഷിക്കാനെന്ന പേരില്‍ അവതരിപ്പിക്കപ്പെട്ട ഈ ബില്ല്‌, സന്നദ്ധ സംഘടനകളുടെ സ്വതന്ത്രമായ പ്രവര്‍ത്തനങ്ങളെയും അവയുടെ ആസ്‌തികളെയും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാനുള്ള നീക്കമാണോ എന്ന ചോദ്യമാണ്‌ ഉയരുന്നത്‌. പതിനാറായിരത്തോളം സംഘടനകളിലായി എത്തുന്ന കോടിക്കണക്കിന്‌ രൂപയുടെ വിദേശ ഫണ്ട്‌ സുതാര്യമാക്കുക എന്നതാണ്‌ പ്രഖ്യാപിത ലക്ഷ്യമെങ്കിലും, ഇതിനായി രൂപീകരിക്കുന്ന നിയുക്‌ത അതോറിറ്റിക്ക്‌ നല്‍കിയിരിക്കുന്ന അമിതാധികാരം ജനാധിപത്യപരമായ സംശയങ്ങള്‍ക്ക്‌ ഇടനല്‍കുന്നു.
പുതിയ ഭേദഗതി പ്രകാരം, ഒരു സംഘടനയുടെ ലൈസന്‍സ്‌ റദ്ദാക്കപ്പെടുകയോ കാലാവധി കഴിയുകയോ ചെയ്‌താല്‍ ആ നിമിഷം മുതല്‍ ആ സംഘടനയുടെ എല്ലാ ആസ്‌തികളും സര്‍ക്കാര്‍ നിശ്‌ചയിക്കുന്ന അതോറിറ്റിയുടെ കൈവശമാകും. ഈ പ്രക്രിയയിലൂടെ സംഘടനകളുടെ കെട്ടിടങ്ങളും ഉപകരണങ്ങളും ഫണ്ടുകളും താല്‍കാലികമായോ സ്‌ഥിരമായോ ഏറ്റെടുക്കാന്‍ സര്‍ക്കാരിന്‌ സാധിക്കും. ലൈസന്‍സ്‌ പുതുക്കി നല്‍കാതിരിക്കാനുള്ള അധികാരം കൈവശമുള്ള സര്‍ക്കാര്‍തന്നെ, ആ കാരണം പറഞ്ഞ്‌ ആസ്‌തികള്‍ പിടിച്ചെടുക്കുന്നത്‌ സ്വാഭാവിക നീതിയുടെ ലംഘനമാണ്‌. വിദ്യാഭ്യാസ സ്‌ഥാപനങ്ങളും ആശുപത്രികളും ചാരിറ്റബിള്‍ സൊസൈറ്റികളും നടത്തുന്ന ന്യൂനപക്ഷ വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം, വര്‍ഷങ്ങളായുള്ള അധ്വാനത്തിലൂടെ കെട്ടിപ്പടുത്ത സ്‌ഥാപനങ്ങള്‍ അനിശ്‌ചിതത്വത്തിന്റെ നിഴലിലാകാന്‍ ഈ വ്യവസ്‌ഥ കാരണമാകും.
ഉദ്യോഗസ്‌ഥരിലേക്ക്‌ അമിതമായ അധികാരം കൈമാറുന്നു എന്നതാണ്‌ ഈ ഭേദഗതിയുടെ മറ്റൊരു അപകടകരമായ വശം. ആസ്‌തികള്‍ ഏറ്റെടുക്കുന്ന രീതി, സമയപരിധി, അപ്പീല്‍ നല്‍കാനുള്ള സംവിധാനം തുടങ്ങിയ സുപ്രധാന കാര്യങ്ങളില്‍ വ്യക്‌തമായ നിയമപരമായ ചട്ടക്കൂട്‌ ബില്ലില്‍ നല്‍കിയിട്ടില്ല. പകരം, ഇവയെല്ലാം പിന്നീട്‌ സര്‍ക്കാരിന്‌ നിശ്‌ചയിക്കാവുന്ന ചട്ടങ്ങള്‍ വഴി നടപ്പിലാക്കാമെന്ന നിലപാടാണ്‌ സ്വീകരിച്ചിരിക്കുന്നത്‌. പാര്‍ലമെന്റിന്റെ കൃത്യമായ മേല്‍നോട്ടമില്ലാതെ തന്നെ ഭരണകൂടത്തിന്‌ ഇഷ്‌ടാനുസരണം തീരുമാനങ്ങള്‍ എടുക്കാന്‍ ഇത്‌ വഴിതുറക്കുന്നു. ജുഡീഷ്യല്‍ അധികാരങ്ങളും അന്വേഷണ അധികാരങ്ങളും ഒരേ അതോറിറ്റിയില്‍ കേന്ദ്രീകരിക്കുന്നതോടെ, ഒരു സംഘടനയ്‌ക്ക്‌ തങ്ങളുടെ ഭാഗം ന്യായമായി വാദിക്കാനുള്ള അവസരം പോലും നിഷേധിക്കപ്പെട്ടേക്കാം. ഇത്‌ ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യനീതിയുടെയും സ്വത്തവകാശ സംരക്ഷണത്തിന്റെയും നഗ്നമായ ലംഘനമായി മാറിയേക്കാം.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും വിദേശ ഫണ്ട്‌ ഉപയോഗിക്കുന്നത്‌ തടയാനാണ്‌ ഈ കടുത്ത നടപടികളെന്നാണ്‌ സര്‍ക്കാര്‍ വാദം. എന്നാല്‍, അന്വേഷണം തുടങ്ങുന്നതിനു മുന്‍പുതന്നെ കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണമെന്ന നിബന്ധന രാഷ്‌ട്രീയ താല്‌പര്യങ്ങള്‍ക്കനുസരിച്ച്‌ നിയമം പ്രയോഗിക്കപ്പെടാന്‍ ഇടയാക്കും. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെയോ വിയോജിപ്പുള്ളവരെയോ ലക്ഷ്യം വയ്‌ക്കാന്‍ ഈ അധികാരം ഉപയോഗിക്കപ്പെടുമെന്ന ഭീതി തള്ളിക്കളയാവുന്നതല്ല. ഭരണകൂടത്തിന്റെ വിവേചനാധികാരം വര്‍ധിപ്പിക്കുന്നത്‌ ജനാധിപത്യപരമായ സന്തുലിതാവസ്‌ഥയെ തെറ്റിക്കുന്നതാണ്‌.
വിദേശ ഫണ്ടുകളുടെ വിനിയോഗത്തില്‍ കൃത്യമായ പരിശോധനയും സുതാര്യതയും ഉണ്ടാകേണ്ടത്‌ അത്യാവശ്യമാണ്‌. എന്നാല്‍, അത്‌ സിവില്‍ സമൂഹത്തിന്റെ ശ്വാസം മുട്ടിച്ചുകൊണ്ടോ, ഒരു പ്രത്യേക വിഭാഗത്തെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടോ ആകരുത്‌. ജനാധിപത്യത്തിന്റെ കാവലാളുകളായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളെ ഭയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത്‌ ആരോഗ്യകരമായ സമൂഹത്തിന്‌ ചേര്‍ന്നതല്ല. ഭരണഘടനാപരമായ അവകാശങ്ങളെയും ന്യൂനപക്ഷങ്ങളുടെ സ്‌ഥാപനപരമായ സ്വാതന്ത്ര്യത്തെയും മാനിച്ചുകൊണ്ട്‌, നിയമത്തിലെ അവ്യക്‌തതകള്‍ നീക്കി നീതിന്യായ മേല്‍നോട്ടം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണം.

Ads by Google
Saturday 28 Mar 2026 10.37 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW