Sunday, March 29, 2026 Last Updated 46 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 28 Mar 2026 10.37 AM

ആരാകും 'സെക്രട്ടേറിയറ്റി'ന്റെ എം.എല്‍.എ.

തിരുവനന്തപുരം: ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ്‌ ഉള്‍പ്പെടെ സ്‌ഥിതിചെയ്യുന്ന തിരുവനന്തപുരം സെന്‍ട്രല്‍ മണ്‌ഡലത്തില്‍ ഇക്കുറി പോരാട്ടം പ്രവചനാതീതം. യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയായി സി.എം.പി. നേതാവ്‌ സി.പി. ജോണ്‍, വെള്ളിത്തിരയില്‍ അഭിനയപാരമ്പര്യം കരുത്തോടെ നിലനിര്‍ത്തുന്ന എല്‍.ഡി.എഫ്‌. സ്വതന്ത്രന്‍ സുധീര്‍ കരമന, ബി.ജെ.പിയുടെ എ ക്ലാസ്‌ മണ്ഡലത്തില്‍ എന്‍.ഡി.എ. സ്‌ഥാനാര്‍ഥിയായി കരമന ജയന്‍ എന്നിവര്‍ തമ്മിലാണ്‌ തീപാറുന്ന പോരാട്ടം.

രാഘവന്റെ രാഷ്‌ട്രീയ പിന്‍ഗാമി

എസ്‌.എഫ്‌.ഐയുടെ പഴയ സമരനായകനെന്ന നിലയിലും രാഷ്‌ട്രീയകേരളത്തിനു സുപരിചിതനാണ്‌ സി.പി. ജോണ്‍. 23-ാം വയസില്‍ എസ്‌.എഫ്‌.ഐ. സംസ്‌ഥാന പ്രസിഡന്റായും പിന്നീട്‌ സെക്രട്ടറിയായും പ്രവര്‍ത്തിച്ച അദ്ദേഹം,
വിദ്യാര്‍ഥികളുടെ ബസ്‌ യാത്രാനിരക്ക്‌ കുറയ്‌ക്കുന്നതിനടക്കം നിരവധി സമരങ്ങള്‍ക്കു നേതൃത്വം നല്‍കി. എസ്‌.എന്‍. കോളജിനു മുന്നിലെ നിരാഹാരസമരവും പുല്‍പ്പള്ളിയിലെ ഐതിഹാസിക മാര്‍ച്ചും എടുത്തുപറയേണ്ടവയാണ്‌. പിന്നീട്‌ എം.വി. രാഘവനൊപ്പം സി.പി.എം. വിട്ട്‌ സി.എം.പിയുടെ അമരക്കാരനായി. ആസൂത്രണ ബോര്‍ഡ്‌ അംഗമായി പ്രവര്‍ത്തിച്ചിട്ടുള്ള ജോണ്‍ കേരളത്തിന്റെ സമ്പദ്‌ഘടനയെക്കുറിച്ച്‌ കൃത്യമായ കാഴ്‌ചപ്പാടുള്ള അപൂര്‍വം നേതാക്കളില്‍ ഒരാളാണ്‌. യു.ഡി.എഫ്‌. ഭരണത്തിലെത്തിയാല്‍ മന്ത്രിയാകാന്‍ സാധ്യതയുള്ളവരില്‍ പ്രധാനിയെന്ന പ്രതിഛായയും ജോണിന്‌ കരുത്താണ്‌.

അഭിനയപ്രതിഭയില്‍
അച്‌ഛന്റെ നേരവകാശി

എല്‍.ഡി.എഫ്‌. സ്വതന്ത്രനായി നടന്‍ സുധീര്‍ കരമനയെ രംഗത്തിറക്കിയതു മണ്ഡലത്തിനാകെ താരപരിവേഷം പകര്‍ന്നിട്ടുണ്ട്‌. അന്തരിച്ച നടന്‍ കരമന ജനാര്‍ദ്ദനന്‍ നായരുടെ മകനോട്‌ ആളുകള്‍ക്കുള്ള ഇഷ്‌ടം വോട്ടായി മാറുമെന്നും ഇടതുമുന്നണി പ്രതീക്ഷിക്കുന്നു.

തേരാളി ഇക്കുറി പോരാളി

ശ്രീപത്മനാഭസ്വാമി ക്ഷേത്രം അഡ്‌മിനിസ്‌ട്രേറ്ററെന്ന നിലയില്‍ ജനശ്രദ്ധയാകര്‍ഷിച്ച കരമന ജയനിലൂടെ മണ്ഡലം പിടിച്ചെടുക്കാമെന്ന്‌ എന്‍.ഡി.എയും കരുതുന്നു. നഗരപ്രദേശങ്ങളിലെ ബി.ജെ.പിയുടെ കരുത്തും തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി. ഭരിക്കുന്നതും അനുകൂലമാകുമെന്നതാണ്‌ പ്രതീക്ഷ. തിരുവനന്തപുരം കോര്‍പറേഷനിലെ വിജയത്തിനു ചുക്കാന്‍ പിടിച്ച ബി.ജെ.പി. ജില്ലാ പ്രസിഡന്റ്‌ കൂടിയാണ്‌ ജയന്‍.

സമവാക്യങ്ങള്‍
പ്രവചനാതീതം

നിര്‍ണായക സാമുദായികസമവാക്യങ്ങളുംതീര-നഗരപ്രദേശങ്ങളും ഒരുപോലെ ചേരുന്ന മണ്ഡലമാണ്‌ തിരുവനന്തപുരം സെന്‍ട്രല്‍. വികസനത്തിനൊപ്പം രാഷ്‌ട്രീയാദര്‍ശങ്ങളും വ്യക്‌തിപ്രഭാവവും ഏറ്റുമുട്ടുന്ന ഇവിടെ അതുകൊണ്ടുതന്നെ പോരാട്ടം കടുക്കും. 'സെക്രട്ടേറിയറ്റിന്റെ എം.എല്‍.എ'യെ നിശ്‌ചയിക്കുന്നതില്‍ അടിയൊഴുക്കുകളും നിര്‍ണായകമായേക്കാം. നിലവിലെ എം.എല്‍.എ. ഇടതുമുന്നണിയിലെ ആന്റണി രാജുവാണ്‌.

Ads by Google
Saturday 28 Mar 2026 10.37 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW