Sunday, March 29, 2026 Last Updated 52 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 28 Mar 2026 10.37 AM

ദേവികുളത്തിന്റെ വികസനത്തിന്‌ കേന്ദ്ര ഇടപെടല്‍ അനിവാര്യം: എസ്‌. രാജേന്ദ്രന്‍

മൂന്നുവട്ടം സി.പി.എം. എം.എല്‍.എ, ഒരു തവണ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തുടങ്ങിയ പദവികള്‍ വഹിച്ചിരുന്ന എസ്‌. രാജേന്ദ്രന്‍ കൂടുമാറി ബി.ജെ.പി. പാളയത്തില്‍ എത്തിയതോടെ ദേവികുളത്ത്‌ ഇത്തവണ ത്രികോണപ്പോരിന്റെ ചൂട്‌.
പച്ചപ്പട്ടുടുത്ത മൂന്നാര്‍ ഉള്‍പ്പെടുന്ന ദേവികുളത്തെ കഴിഞ്ഞ 20 വര്‍ഷമായി ചുവപ്പുടുപ്പിച്ച ഇടതു കോട്ടയില്‍ എസ്‌. രാജേന്ദ്രന്റെ സാന്നിധ്യം എന്തു സ്വാധീനം ചെലുത്തുമെന്നാണ്‌ ഏവരും ഉറ്റുനോക്കുന്നത്‌. തോട്ടം മേഖലയും കാര്‍ഷിക മേഖലയും ഉള്‍പ്പെടുന്ന സംവരണ മണ്ഡലമാണ്‌ ദേവികുളം. 2006 ല്‍ ആണ്‌ എസ്‌. രാജേന്ദ്രന്‍ സി.പി.എം. പ്രതിനിധിയായി ആദ്യമായി വിജയിക്കുന്നത്‌. 2011 ലും 2016 ലും വിജയം ആവര്‍ത്തിച്ചു. 2021ല്‍ തെരഞ്ഞെടുപ്പില്‍ എ. രാജയെ മത്സരിപ്പിച്ചതോടെയാണ്‌ സി.പി.എമ്മില്‍ നിന്ന്‌ അകന്നു തുടങ്ങുന്നത്‌. ഇത്തവണ ഇടതില്‍ നിന്നും വലതില്‍ നിന്നും രാജമാര്‍ മത്സരിക്കുന്ന ദേവികുളത്ത്‌ ഇന്ദ്രനാണ്‌ താനെന്നു കൂടി പ്രഖ്യാപിച്ച്‌ എന്‍.ഡി.എ. പാനലില്‍ കളത്തിലിറങ്ങിയ എസ്‌. രാജേന്ദ്രന്‍ 'മംഗള'ത്തോടു മനസു തുറക്കുന്നു.

സി.പി.എം. വിടാന്‍
കാരണമെന്ത്‌ ?

സി.പി.എം. എന്റെ ആത്മാര്‍ഥതയെ ചോദ്യം ചെയ്‌തു. സംശയം കുടുംബത്തിന്‌ അകത്ത്‌ വന്നാല്‍, അല്ല എവിടെ വന്നാലും അത്‌ എത്ര പെട്ടെന്ന്‌ തീരില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തന്നെ പാര്‍ട്ടിക്ക്‌ എന്നോട്‌ സംശയമായിരുന്നു. ഈ തെരഞ്ഞെടുപ്പിലും അത്‌ തന്നെ. എന്റെ മനസ്‌ ശുദ്ധമാണ്‌. അത്‌ കൊണ്ട്‌ അങ്ങനെ വിടുന്നു. എനിക്ക്‌ വോട്ട്‌ ചെയ്‌തവരുടെയും നാട്ടുകാരുടെയും അഭിപ്രായം മാനിച്ചാണ്‌ പുതിയ ഒരു ഇടത്ത്‌ ഇറങ്ങിയത്‌. അവര്‍ക്കും എന്തെങ്കിലും ചെയ്യണമല്ലോ.

ആരാണ്‌ താങ്കള്‍ക്കെതിരേ നിലപാടെടുത്തത്‌ ?

മൂന്നാറിലെ ചില നേതാക്കളും പാര്‍ട്ടി ജില്ലാ നേതൃത്വവും എന്നെ വിശ്വസിച്ചില്ല. മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറിയും പറഞ്ഞിട്ടും അവര്‍ കേട്ടില്ല. അതിനാല്‍ താന്‍ തന്റെ നിലപാടിലേക്കു നീങ്ങി. ബി.ജെപിയില്‍ എത്തിയതോടെ യാതൊരു മാനസിക സംഘര്‍ഷങ്ങളുമില്ല. പൊതുതാല്‍പര്യത്താല്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നു. ബി.ജെ.പി.-എന്‍.ഡി.എ. നേതാക്കള്‍ നല്ല പിന്തുണ നല്‍കുന്നു.

സി.പി.എമ്മില്‍ നിന്ന്‌ മുഴുവന്‍ നേടിയിട്ടാണ്‌ താങ്കള്‍ പോയതെന്നാണല്ലോ വിമര്‍ശനം ?

എം.എം മണി അടക്കമുള്ള നേതാക്കളാണ്‌ ഇത്തരം ആരോപണങ്ങള്‍ പടച്ചുവിടുന്നത്‌. വളരെ പ്രയാസപ്പെട്ടാണ്‌ സി.പി.എമ്മിനെ തോട്ടം മേഖലയില്‍ പടുത്തുയര്‍ത്തിയത്‌. എന്നും പാര്‍ട്ടിക്ക്‌ വേണ്ടിയാണ്‌ പ്രവര്‍ത്തിച്ചത്‌. തന്നെ എം.എല്‍.എയായി നിര്‍ത്തിയിട്ടുണ്ടെങ്കില്‍ എനിക്കു ലഭിച്ച സ്‌ഥാനമാനത്തിലൂടെ പാര്‍ട്ടിക്കും ഒട്ടേറെ നേട്ടങ്ങള്‍ കൈവന്നിട്ടുണ്ടെന്നതും മറക്കരുത്‌.

ബി.ജെ.പി പ്രവേശനം വഴി
ലക്ഷ്യമിടുന്നത്‌ എന്ത്‌ ?

വനഭൂമി, വന്യജീവി ശല്യം തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ദേവികുളത്തുണ്ട്‌. തോട്ടം മേഖല, പട്ടയ ഭൂമി വിഷയം, ജാതി സര്‍ട്ടിഫിക്കറ്റ്‌ തുടങ്ങിയ വിഷയങ്ങളും. ഇതിലെല്ലാം ഭേദഗതി വരുത്തണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ വേണം. മാത്രമല്ല വനം വകുപ്പ്‌ സമാന്തര സര്‍ക്കാരായാണ്‌ പ്രവര്‍ത്തിക്കുന്നത്‌. സര്‍ക്കാര്‍ ഭൂമി വനം വകുപ്പ്‌ കൈയടക്കിവയ്‌ക്കാന്‍ ശ്രമിക്കുകയാണ്‌. ഭാവിയില്‍ പല റോഡുകളിലൂടെയും യാത്ര ചെയ്യണമെങ്കില്‍ അവര്‍ക്ക്‌ ടോള്‍ കൊടുക്കേണ്ട അവസ്‌ഥ വരും. ഇതിനെല്ലാം മാറ്റം വരുത്താന്‍ കഴിയുന്ന ഇടപെടല്‍ ഉണ്ടാകണം.
എന്റെ നിലപാടിനെ വിമര്‍ശിക്കുന്നവര്‍ അവരുടെ സ്വാര്‍ഥ താത്‌പര്യം മുന്‍ നിര്‍ത്തിയാണ്‌. ജനങ്ങളെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളെക്കുറിച്ചുള്ള തോന്നലുണ്ടായിരുന്നെങ്കില്‍ അവര്‍ വിമര്‍ശനം ഉന്നയിക്കില്ലായിരുന്നു. ആളുകളെ ഭയപ്പെടുത്തിയും അസംതൃപ്‌തരാക്കിയും മുന്നോട്ട്‌ പോകാന്‍ കഴിയില്ലെന്ന്‌ അവര്‍ മനസിലാക്കണം. ജനങ്ങള്‍ക്ക്‌ ചെയ്യേണ്ട നല്ല കാര്യങ്ങള്‍ അവര്‍ തടഞ്ഞു. താന്‍ എം.എല്‍.എ ആയിരുന്നപ്പോള്‍ തോട്ടം തൊഴിലാളികള്‍ക്കായി പ്രവര്‍ത്തിച്ചു. ബി.ജെ.പി യിലേക്കുള്ള മാറ്റം എന്റെ വ്യക്‌തിപരമായ നേട്ടത്തിനല്ല. 40 വര്‍ഷത്തെ പൊതുജീവിതം കൊണ്ട്‌ ഒന്നും നേടിയിട്ടില്ല. സോഷ്യല്‍ ഓഡിറ്റിന്‌ ഞാന്‍ തയാറാണ്‌.

എന്തൊക്കെയാണ്‌ ഈ തെരഞ്ഞെടുപ്പില്‍ മുന്നോട്ട്‌ വയ്‌ക്കുന്നത്‌ ?

പട്ടയം, വന്യ ജീവി ആക്രമണം തുടങ്ങി മുന്‍ പറഞ്ഞ കാര്യങ്ങള്‍. തൊഴിലാളി ലയങ്ങളുടെ ശോച്യാവസ്‌ഥ പരിഹരിക്കുക. തോട്ടം മേഖലയില്‍ രണ്ട്‌ മുറികളുള്ള വീടുകള്‍. തൊഴിലാളികള്‍ക്ക്‌ ആരോഗ്യ ഇന്‍ഷുറന്‍സ്‌ പരിരക്ഷ. ശമ്പളം 1000 രൂപയായി ഉയര്‍ത്തുക. സാധാരണക്കാര്‍ കഴിയുന്ന ഈ മേഖലയുടെ അടിസ്‌ഥാന സൗകര്യ വികസനം. ഇത്തരം കാര്യങ്ങളിലൊക്കെ മാറ്റം വന്നാല്‍ മൂന്നാറിന്റെ ടൂറിസം മേഖലയില്‍ വലിയ വികസനത്തിനു തന്നെ അതു വഴിവയ്‌ക്കും.

മുന്നണി മാറ്റത്തെ ജനങ്ങള്‍ എങ്ങനെ വിലയിരുത്തുമെന്നാണ്‌ കരുതുന്നത്‌?

ഇത്‌ ഒരു സാദാ തെരഞ്ഞെടുപ്പല്ല. ജനങ്ങളുടെ ജീവിത നിലവാരത്തില്‍ തന്നെ വലിയ മാറ്റം കൊണ്ടു വരാന്‍ കഴിയുന്ന തെരഞ്ഞെടുപ്പാണ്‌. രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്കൊപ്പം നില്‍ക്കാന്‍ കഴിയുന്ന അവസരമാണ്‌. നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിന്‌ വലിയ വികസന കാഴ്‌ചപ്പാടാണുള്ളത്‌. അതില്‍ ഏറെ പ്രതീക്ഷയാണുള്ളത്‌. ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നാണ്‌ വിശ്വാസം.

കാര്‍ഷിക മേഖല എങ്ങനെ പ്രതികരിക്കും ?

തോട്ടം മേഖലയ്‌ക്കൊപ്പം അടിമാലി ഉള്‍പ്പെടുന്ന കാര്‍ഷിക മേഖലയിലെ ജനങ്ങള്‍ക്കും ഞാന്‍ അന്യനല്ല. തീര്‍ച്ചയായും അവര്‍ ഒപ്പമുണ്ടാകും. 2006 ല്‍ എം.എല്‍.എയായി വന്നതിനു ശേഷമുണ്ടായ മാറ്റങ്ങള്‍ മണ്ഡലത്തില്‍ ദൃശ്യമാണ്‌. അടിസ്‌ഥാന സൗകര്യങ്ങളിലും റോഡു വികസനത്തിലും വലിയ മാറ്റങ്ങളുണ്ടായി. ജനസേവനത്തിനാണ്‌ എന്നും പ്രാധാന്യം നല്‍കിയത്‌. ഇതു തിരിച്ചറയുന്ന കാര്‍ഷിക മേഖലയിലെ ജനങ്ങളും എന്നെ കൈവിടില്ല.

പ്രചാരണത്തിന്‌ പ്രമുഖരെത്തുമോ ?

തീര്‍ച്ചയായും ബി.ജെ.പിയുടെയും എന്‍.ഡി.എയുടെയും പ്രമുഖര്‍ എനിക്കു വേണ്ടി പ്രചരണത്തിന്‌ എത്തും. ആരൊക്കെയാണ്‌ വരുന്നതെന്ന്‌ വരും ദിവസങ്ങളില്‍ വ്യക്‌തമാകും.

വിനോദ്‌ കണ്ണോളി

Ads by Google
Saturday 28 Mar 2026 10.37 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW