-->
തൃശൂര്‍: ബിജെപി ഹിന്ദുപാര്‍ട്ടിയാണെന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്നും എല്ലാ വിഭാഗത്തിലുള്ളവരെയും പരിഗണിക്കുന്ന പാര്‍ട്ടിയാണെന്നും തൃശൂരിലെ ബിജെപി നേതാവും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ പത്മജാ വേണുഗോപാല്‍. ന്യൂനപക്ഷ സമുദായത്തിലെ ആള്‍ക്കാര്‍ വരെ നേതൃത്വത്തിലുണ്ടെന്നും ജമാ അത്തെ ഇസ്‌ളാമിയുമായി കൂട്ടുപിടിക്കുന്നവരാണ് ബിജെപിയെ ഹിന്ദുപാര്‍ട്ടി എന്ന് വിളിക്കുന്നതെന്നും പത്മജ പറഞ്ഞു.
കോണ്‍ഗ്രസ് ഭരണത്തിലേക്ക് തിരിച്ചുവരാന്‍ സാധ്യതയില്ല. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കോണ്‍ഗ്രസിന്റെ മുകള്‍ തട്ടില്‍ നിന്നും വലിയ രീതിയിലുള്ള കൊഴിഞ്ഞുപോക്ക് ഉണ്ടാകും. ഈ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് പാര്‍ട്ടി ചിലപ്പോള്‍ ഇല്ലാതെ തന്നെയായേക്കും. തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ ഇല്ലാതാക്കാന്‍ പോലും സാധ്യതയുണ്ടെന്നുമായിരുന്നു പത്മജയുടെ പ്രതികരണം.
തൃശൂരില്‍ കോണ്‍ഗ്രസ് ചിലരുടെ കയ്യിലാണ്. അവര്‍ തീരുമാനിക്കുന്നത് പോലെയാണ് പാര്‍ട്ടി നീങ്ങുന്നത്. യുഡിഎഫില്‍ നിന്നും ഇനിയും കൊഴിഞ്ഞുപോക്കുണ്ടാകുമെന്നും കോണ്‍ഗ്രസിനുള്ളില്‍ അസംതൃപ്തരാണ് കൂടുതലെന്നും നിലനില്‍പ്പില്ലാത്ത പലരും ബിജെപി അടക്കമുള്ള പാര്‍ട്ടിയിലേക്ക് വന്നേക്കാമെന്നും ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഏതെങ്കിലൂം പാര്‍ട്ടിക്ക് ഈ തെരഞ്ഞെടുപ്പില്‍ 100 സീറ്റുകള്‍ കിട്ടുമെന്ന് പറയാനാകില്ല.
സര്‍ക്കാര്‍ വിരുദ്ധവികാരം ശക്തമാണെന്നും പറഞ്ഞു. രണ്ടുതവണ കോണ്‍ഗ്രസിനൊപ്പം തോല്‍വി സംഭവിച്ചെങ്കിലും ബിജെപിയ്‌ക്കൊപ്പം ഇത്തവണ തൃശൂരില്‍ ജയം നേടാനാകും. ബിജെപിയ്ക്ക് ജില്ലയില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാനായിട്ടുണ്ട്. പ്രധാനമന്ത്രി കൂടി തൃശൂരില്‍ എത്തുന്നത് പ്രചരണത്തില്‍ വലിയ ആവേശമാകും. തൃശൂരില്‍ ഇത്തവണ വലിയ വിജയം നേടാനാകുമെന്നും പത്മജാ വേണുഗോപാല്‍ വ്യക്തമാക്കി.