Saturday, March 28, 2026 Last Updated 13 Min 0 Sec ago English Edition
Todays E paper
Ads by Google
Thursday 26 Mar 2026 12.45 PM

‘എന്നെ ഞാനാക്കിയ ആ മനുഷ്യന് നന്ദി’; ‘അനിയത്തിപ്രാവി’ന്റെ 29-ാം വർഷത്തിൽ ഫാസിലിനെ ചേർത്തുപിടിച്ച് കുഞ്ചാക്കോ ബോബൻ

Kunchacko -Boban-
photo-www.instagram.com/kunchacks/

1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളിൽ ഒന്നായിരുന്നു. സുധി എന്ന കഥാപാത്രത്തിലൂടെ മലയാളി പെൺകുട്ടികളുടെ ഹൃദയം കവർന്ന കുഞ്ചാക്കോ ബോബന്റെ സിനിമാ ജീവിതത്തിന് തുടക്കമിട്ടതും ഈ ചിത്രത്തിലൂടെയാണ്. ഇന്ന് അനിയത്തിപ്രാവ് റിലീസ് ചെയ്തിട്ട് 29 വര്‍ഷം തികയുന്നു. തന്റെ കരിയറിലെ ഈ സുപ്രധാന നാഴികക്കല്ലിനെക്കുറിച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വൈകാരികമായ കുറിപ്പാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

സിനിമയില്‍ തനിക്ക് വലിയൊരു ജീവിതം നല്‍കിയ സംവിധായകന്‍ ഫാസിലിനോടുള്ള ആദരവും സ്‌നേഹവുമാണ് കുഞ്ചാക്കോ ബോബന്‍ പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുന്നത്. 'എന്നെ ഞാനാക്കിയ ആ മനുഷ്യനോടുള്ള ബഹുമാനവും സ്‌നേഹവും ഇന്നും പഴയതുപോലെ തന്നെ തുടരുന്നു' എന്ന് അദ്ദേഹം കുറിച്ചു. പതിറ്റാണ്ടുകള്‍ നീണ്ട ഈ ബന്ധം തലമുറകളിലൂടെ തുടരുകയാണെന്നും, തന്റെ സവിശേഷമായ ഈ ദിനത്തില്‍ അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ഫാസിനൊപ്പമുളള ചിത്രവും നടന്‍ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ സിനിമാ യാത്രയിൽ തന്നോടൊപ്പം നിന്ന സാങ്കേതിക പ്രവർത്തകർ, സഹപ്രവർത്തകർ, കുടുംബാംഗങ്ങൾ എന്നിവർക്ക് പുറമെ പ്രിയപ്പെട്ട പ്രേക്ഷകർക്കും താരം നന്ദിയും അറിയിച്ചിട്ടുണ്ട്.

‘വര്‍ഷങ്ങള്‍ കണ്ണുചിമ്മുന്ന വേഗത്തില്‍ കടന്നു പോകുന്നു. പക്ഷേ എന്നെ ഞാനാക്കി മാറ്റിയ ആ മനുഷ്യനോടുളള സ്‌നേഹവും ബഹുമാനവും ഇന്നും പഴയതുപോലെ തന്നെ നിലനില്‍ക്കുന്നു. അല്ലെങ്കില്‍ മുന്‍പത്തേക്കാള്‍ വര്‍ദ്ധിച്ചിട്ടേയുളളൂ. തലമുറകള്‍ കൈമാറി നമ്മുടെ പതിറ്റാണ്ടുകള്‍ നീണ്ട ഈ ബന്ധം തുടരുമ്പോള്‍ എന്റെ ജീവിതത്തിലെ ഏറ്റവും സവിശേഷമായ ഈ ദിനത്തില്‍ അദ്ദേഹത്തിന്റെ അനുഗ്രഹം നേടാന്‍ കഴിയുന്നത് വലിയൊരു ഭാഗ്യമായി കരുതുന്നു.

അനിയത്തിപ്രാവിന്റെ 29 വര്‍ഷങ്ങള്‍.. സ്‌നേഹം സ്‌നേഹം മാത്രം. സിനിമയ്ക്കകത്തും പുറത്തുമുളള എന്റെ ഈ മാന്ത്രിക ജീവിതയാത്രയില്‍ എനിക്കൊപ്പം നിന്ന ഓരോരുത്തര്‍ക്കും നന്ദി. ഈ ജീവിതം ഇത്ര മനോഹരമാക്കിയ എല്ലാ സാങ്കേതിക പ്രവര്‍ത്തകര്‍ക്കും , സഹപ്രവര്‍ത്തകര്‍ക്കും , മാധ്യമങ്ങള്‍ക്കും , പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കും , സുഹൃത്തുക്കള്‍ക്കും, കുടുംബാംഗങ്ങള്‍ക്കും എന്റെ പ്രത്യേക സ്‌നേഹം അറിയിക്കുന്നു’ കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍.

നിരവധിപ്പേരാണ് പോസ്റ്റിന് താഴെ സ്‌നേഹം അറിയിച്ചെത്തുന്നത്. റിലീസ് ചെയ്തിട്ട് ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ‘അനിയത്തിപ്രാവി’നോടുള്ള പ്രേക്ഷകരുടെ ഇഷ്ടത്തിന് ഒട്ടും കുറവ് വന്നിട്ടില്ലെന്ന് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍ സൂചിപ്പിക്കുന്നു.

Ads by Google
Ads by Google
TRENDING NOW