-->
തിരുവനന്തപുരം: നേമം മണ്ഡലത്തില്‍ ഇത്തവണ ശിവന്‍കുട്ടി എട്ടുനിലയില്‍ പൊട്ടുമെന്നും ആ പേടി കൊണ്ടാണ് അപര സ്ഥാനാര്‍ത്ഥിയെ തനിക്കെതിരേ രംഗത്ത് ഇറക്കിയതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷനും സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. സിപിഎം ബ്രാഞ്ച് സെക്രട്ടറിയെത്തന്നെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയത് തോല്‍വി ഭയന്നാണെന്നും അദ്ദേഹം ആരോപിച്ചു.
പത്തു വര്‍ഷക്കാലം എംഎല്‍എയായും മന്ത്രിയായും മേയറായും ഇരുന്നിട്ടും നേമത്തിന് വേണ്ടി ശിവന്‍കുട്ടി ഒന്നും ചെയ്തിട്ടില്ല. ജനങ്ങളെ വഞ്ചിച്ചതിനുള്ള മറുപടി ഈ തെരഞ്ഞെടുപ്പില്‍ അദ്ദേഹം നേരിടും. തന്റെ പേരിനോട് സാമ്യമുള്ള 'രാജീവ് കുമാര്‍' എന്ന വ്യക്തിയെ സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ വോട്ടുകള്‍ ഭിന്നിപ്പിക്കാമെന്നാണ് സിപിഎം കരുതുന്നത്. എന്നാല്‍ ജനങ്ങള്‍ ഇതൊന്നും വിശ്വസിക്കില്ല.
വികസനമാണ് ജനങ്ങള്‍ക്ക് വേണ്ടത്, അല്ലാതെ കണ്ണ് വെട്ടിക്കുന്ന തന്ത്രങ്ങളല്ലെന്നും പറഞ്ഞു. തങ്ങള്‍ക്കെതിരെയുള്ള സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഒത്തുകളിയാണ് നേമത്തും നടത്തുക. 'ഡീല്‍' ആരോപണങ്ങള്‍ ജനശ്രദ്ധ തിരിക്കാനുള്ള അടവുമാത്രമാണ്.
മുന്‍പ് കേന്ദ്രത്തില്‍ കേരളത്തില്‍ നിന്ന് എട്ട് മന്ത്രിമാരുണ്ടായിരുന്ന കാലത്ത് കോണ്‍ഗ്രസ് എന്ത് വികസനമാണ് കൊണ്ടുവന്നതെന്ന് വ്യക്തമാക്കണമെന്നും പറഞ്ഞു. ഇത്തവണ വികസനമുരടിപ്പിനെതിരെ ജനങ്ങള്‍ വിധിയെഴുതുമെന്നും പറഞ്ഞു. പുതുതലമുറ രാഷ്ട്രീയത്തിലെ മാറ്റങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും വിവാദങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പഴയ രീതികള്‍ അവര്‍ തള്ളിക്കളയുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.