-->
ബെംഗളൂരു: കാന്താര-ചാപ്റ്റര്‍ 1 ചിത്രത്തിലെ രംഗം വികലമായി അനുകരിച്ചതിന് സത്യവാങ്മൂലത്തിലൂടെ നിരുപാധികം ക്ഷമാപണം നടത്താന്‍ തയ്യാറായി ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ്. കര്‍ണാടക ഹൈക്കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രില്‍ 10 ന് സത്യവാങ്മൂലം സമര്‍പ്പിക്കും.
കഴിഞ്ഞവര്‍ഷം നവംബറില്‍ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപന ചടങ്ങില്‍ നടത്തിയ അനുകരണമാണ് രണ്‍വീര്‍ സിങ്ങിന്റെ പേരിലുളള കേസിന് അടിസ്ഥാനം. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോഴാണ് നിരുപാധികം ക്ഷമാപണം നടത്തുന്നുവെന്ന് അറിയിച്ചത്.
താരത്തിന്റെ ക്ഷമാപണം സത്യസന്ധമായിട്ടാണോയെന്ന് കോടതി സംശയം പ്രകടിപ്പിച്ചപ്പോഴാണ് സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് അഭിഭാഷകന്‍ അറിയിച്ചത്. ചലച്ചിത്രമേള സമാപനച്ചടങ്ങില്‍ കാന്താര സിനിമയെക്കുറിച്ചും അതിലെ ഋഷഭ് ഷെട്ടിയുടെ അഭിനയത്തെക്കുറിച്ചും പറയുമ്പോഴായിരുന്നു രണ്‍വീര്‍ സിങ്ങിന്റെ അനുകരണം. ചാവുണ്ഡി ദേവി പൈശാചിക ശക്തിയാണെന്ന തരത്തിലായിരുന്നു അനുകരണമെന്ന് ചൂണ്ടിക്കാട്ടിയാണ് ബെംഗളൂരുവിലെ അഭിഭാഷകന്‍ പരാതി നല്‍കിയത്.