Friday, March 27, 2026 Last Updated 16 Min 46 Sec ago English Edition
Todays E paper
Ads by Google
സി.ഒ.ടി അസീസ്
സി.ഒ.ടി അസീസ്
Wednesday 25 Mar 2026 02.44 PM

അംഗനമാര്‍ അങ്കം കുറിക്കുന്ന കടത്തനാട് ; വടകരയില്‍ കെ.കെ രമ, നാദാപുരത്ത് പി. വസന്തം, പേരാമ്പ്രയില്‍ ഫാത്തിമ തഹ്ലി, പ്രതീക്ഷയോടെ മുന്നണികള്‍

കടത്തനാട്ടിലെ രണ്ടു മണ്ഡലങ്ങളില്‍ ഇരുചേരികളിലായി മത്സരിക്കുന്നത് വനിതകളാണ്. വടകരയില്‍ കെ.കെ രമയും നാദാപുരത്ത് പി. വസന്തവുമാണ് പോരാട്ടത്തിനിറങ്ങുന്നത്. മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി പേരാമ്പ്രയില്‍ മത്സരിക്കുന്ന ഫാത്തിമ തഹ്ലിയയാണ് മറ്റൊരു വനിത.
Kerala Eelection

കോഴിക്കോട് : ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയില്‍ നിന്ന് പ്രമുഖ വനിതകള്‍ മത്സര രംഗത്തുണ്ടാവുമെന്നായിരുന്നു തുടക്കത്തില്‍ പ്രചാരണം. കോഴിക്കോട് മുന്‍ മേയര്‍ ഡോ: ബീനാ ഫിലിപ്പ്, വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി എന്നിവരുടെ പേരുകളാണ് ആദ്യം കേട്ടിരുന്നത്. ചിത്രം തെളിഞ്ഞപ്പോള്‍ ഇവര്‍ രണ്ടു പേരുമില്ല. എന്നാല്‍ കടത്തനാട്ടിലെ രണ്ടു മണ്ഡലങ്ങളില്‍ ഇരുചേരികളിലായി മത്സരിക്കുന്നത് വനിതകളാണ്. വടകരയില്‍ ആര്‍.എം.പി നേതാവ് കെ.കെ രമയും നാദാപുരത്ത് പി. വസന്തവുമാണ് പോരാട്ടത്തിനിറങ്ങുന്നത്.

മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി തൊട്ടടുത്ത പേരാമ്പ്രയില്‍ മത്സരിക്കുന്ന ഫാത്തിമ തഹ്ലിയയാണ് മറ്റൊരു വനിത. ആര്‍എംപിഐ നേതാവ് കെകെ രമയാണ് നിലവില്‍ വടകരയിലെ എംഎല്‍എ. തുടര്‍ച്ചയായി രണ്ടു വട്ടം ജനതാദളിലെ സികെ നാണു ജയിച്ച മണ്ഡലത്തിലാണ് കഴിഞ്ഞ തവണ ഇടത് കൊടുങ്കാറ്റിനിടയിലും വലത്തോട്ടേക്ക് മറിഞ്ഞത്. മണ്ഡലത്തില്‍ അഞ്ച് വര്‍ഷമായി സജീവമായി പ്രവര്‍ത്തിച്ചു വരികയാണ് കൊല്ലപ്പെട്ട ടിപി ചന്ദ്രശേഖരന്റെ ഭാര്യ കൂടിയായ രമ.

1960ന് ശേഷം സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ മാത്രം വിജയിക്കുന്ന മണ്ഡലം കെകെ രമയിലൂടെ യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. ആര്‍എംപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെകെ രമയ്ക്ക് യുഡിഎഫ് പിന്തുണ നല്‍കിയതോടെ ജയം ഒപ്പം നിന്നു. 99 സീറ്റ് നേടി അധികാര തുടര്‍ച്ച കൈവരിച്ചപ്പോഴും എല്‍ഡിഎഫിനെ, പ്രത്യേകിച്ച് സിപിഎമ്മിനെ അലട്ടിയത് വടകരയിലെ കെകെ രമയുടെ ജയമായിരുന്നു. കഴിഞ്ഞ തവണ എല്‍ഡിഎഫില്‍ എല്‍ജെഡിക്ക് വേണ്ടി മത്സരിച്ച മനയത്ത് ചന്ദ്രനെതിരെ 7491 വോട്ടുകള്‍ക്കായിരുന്നു കെകെ രമയുടെ മിന്നും ജയം. യുഡിഎഫ് പിന്തുണയോടെ ഇത്തവണയും കെകെ രമയാണ് വടകരയിലെ ആര്‍എംപിഐ സ്ഥാനാര്‍ത്ഥി.

കഴിഞ്ഞ ലോക്‌സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ ഇവിടെ നടത്തിയ മുന്നേറ്റമാണ് യുഡിഎഫിന് കരുത്തേകുന്നത്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 22000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു വടകര നിയമസഭ മണ്ഡലത്തില്‍ ഷാഫി പറമ്പില്‍ നേടിയത്. അതേ വിജയം വരുന്ന തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് മുന്നണിയുടെ പ്രതീക്ഷ. സീറ്റ് സിപിഎം ഏറ്റെടുക്കണമെന്ന് പരക്കെ ആവശ്യം ഉയര്‍ന്നിരുന്നു. വടകര നിയമസഭാ മണ്ഡലത്തില്‍ സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കണമെന്ന ആവശ്യവും ഏറെക്കാലമായി ഉയരുന്നുണ്ട്.

എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ എല്ലാം ദളിന് ജയിക്കാന്‍ കഴിഞ്ഞത് കൊണ്ട് ഒരുപരിധിവരെ ഈ ആവശ്യം അധികം ഉയര്‍ന്നിരുന്നില്ല. കെകെ രമയും ആര്‍എംപിഐയും എതിര്‍ പക്ഷത്ത് നില്‍ക്കുന്നത് കൊണ്ടുതന്നെ വടകരയിലേത് ഒരു ശക്തമായ രാഷ്ട്രീയ മത്സരമായി വിലയിരുത്തണമെന്നാണ് ഇടത് അനുഭാവികളുടെ ആവശ്യം. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച പ്രമുഖ നേതാവ് പി.വി കുഞ്ഞിക്കണ്ണന്‍ പരാജയപ്പെട്ട ചരിത്രവും വടകരയ്ക്കുണ്ട്.

നാദാപുരം മണ്ഡലം ഇത്തവണ അഭിമുഖീകരിക്കുന്നത് സുപ്രധാന തെരഞ്ഞെടുപ്പിനെയാണ്. കര്‍ഷക പ്രസ്ഥാനങ്ങളുടെ വളര്‍ച്ച കണ്ട മണ്ണില്‍, പതിറ്റാണ്ടുകളായി ഇടതുപക്ഷം കാത്തുസൂക്ഷിക്കുന്ന ആധിപത്യത്തിന് ഇത്തവണ വലിയ വെല്ലുവിളി ഉയരുന്നുണ്ട്. സി.എച്ച്. കണാരനെപ്പോലെയുള്ള അതികായന്മാരുടെ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ച നാദാപുരം, സിപിഐയെ സംബന്ധിച്ച് വടക്കന്‍ കേരളത്തിലെ അസ്തിത്വത്തിന്റെ പ്രതീകമാണ്. അഞ്ച് പതിറ്റാണ്ടായി ശക്തമായി നില്‍ക്കുന്ന ഈ ഇടതുകോട്ടയില്‍ ഇത്തവണ മാറ്റത്തിന്റെ കാറ്റ് മാറി വീശുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളില്‍ ആറെണ്ണം എല്‍ഡിഎഫ് ഭരിക്കുമ്പോഴും ആകെ വോട്ടുകളുടെ എണ്ണത്തില്‍ യുഡിഎഫിന് അയ്യായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമുണ്ടെന്നത് ശ്രദ്ധേയമാണ്. 2011ല്‍ സിപിഐ നേതാവ് ഇ.കെ. വിജയന്‍ ആദ്യമായി മത്സരിക്കുമ്പോള്‍ 7,500ല്‍ പരം വോട്ടുകളുടെ ഭൂരിപക്ഷം നേടിയിരുന്നു. എന്നാല്‍ 2016ലും 2021ലും ഈ ഭൂരിപക്ഷം 4000 ത്തിനും 4500നും ഇടയിലേക്ക് ചുരുങ്ങി. ഇത്തവണ സിപിഐ രംഗത്തിറക്കിയിരിക്കുന്നത് മഹിളാ മുന്നണിയുടെ ദേശീയ നേതാവും മുന്‍ എംഎല്‍എ സത്യന്‍ മൊകേരിയുടെ ഭാര്യയുമായ പി. വസന്തത്തെയാണ്. മറുഭാഗത്ത് കോണ്‍ഗ്രസ് അവതരിപ്പിക്കുന്നത് യുവരക്തമായ കെ.എം. അഭിജിത്തിനെയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നോര്‍ത്തില്‍ നടത്തിയ മികച്ച പോരാട്ടത്തിന് ശേഷം, നാലര വര്‍ഷമായി നാദാപുരം കേന്ദ്രീകരിച്ച് സജീവമായി പ്രവര്‍ത്തിക്കുന്ന അഭിജിത്ത് യുഡിഎഫിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

മുസ്ലിം ലീഗിന്റെ ശക്തമായ പിന്തുണയും യുവാക്കള്‍ക്കിടയിലുള്ള സ്വാധീനവും അഭിജിത്തിന് അനുകൂലമായി മാറുമെന്നാണ് കണക്കുകൂട്ടല്‍. വടകര ലോക്‌സഭാ മണ്ഡലത്തില്‍ ഷാഫി പറമ്പില്‍ ഉണ്ടാക്കിയ തരംഗം നാദാപുരത്തും ആഞ്ഞടിക്കുന്നുണ്ടെന്നത് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. ഷാഫിക്ക് മണ്ഡലത്തില്‍ ലഭിച്ച 25,000 വോട്ടിന്റെ ഭൂരിപക്ഷം ചെറുതല്ല. ബിജെപിക്ക് വേണ്ടി രംഗത്തിറങ്ങുന്നത് ജില്ലയിലെ യുവ നേതാവായ സി.പി. വിപിന്‍ ചന്ദ്രനാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW