Monday, March 30, 2026 Last Updated 47 Min 7 Sec ago English Edition
Todays E paper
Ads by Google
Friday 27 Mar 2026 04.11 PM

‘ഞാനൊന്നും കണ്ടില്ലാട്ടാ...’;കണ്ണടച്ച് ലോലിപോപ്പ് കഴിക്കല്‍, ശേഷം സ്റ്റിക്ക് പോക്കറ്റിലേക്ക്; ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ പിന്നീടൊരു പ്രാര്‍ത്ഥനയും; ചിരി പടര്‍ത്തി കുസൃതിക്കുടുക്ക

Naughty school boy eats lollipop
Little school boy secretly eats lollipop in the middle of assembly (Image Source: X)

കുട്ടികളുടെ നിഷ്കളങ്കമായ വീഡിയോകൾ സോഷ്യല്‍ മീഡിയയിലൂടെ വളരെ പെട്ടെന്നാണ് കാഴ്ചക്കാരുടെ ഹൃദയം കീഴടക്കുന്നത്. യാതൊരു തയ്യാറെടുപ്പും ഇല്ലാതെ വളരെ നാച്വറലായി കുട്ടികൾ കുസൃതികൾ കാണിക്കുമ്പോൾ കാഴ്ചക്കാരിലത് ചിരി പടർത്തും. ഇത്തരം വീഡിയോകള്‍ പബ്ലിക് പ്ലാറ്റ്ഫോമുകളിലൂടെ കാഴ്ച്ചക്കാരുടെ മുന്നിലെത്തി നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയില്‍ റീച്ചും ലൈക്കും വാരിക്കൂട്ടാറുണ്ട്.
ഇപ്പോഴിതാ അത്തരത്തിൽ സ്കൂൾ അസംബ്ലിയിൽ നിന്നുള്ള ഒരു കുട്ടിയുടെ നിഷ്കളങ്കമായ കുസൃതിയാണ്‌ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. സ്കൂള്‍ അസംബ്ലിയിൽ യൂണിഫോം ധരിച്ച്‌, വരിയായി നിന്ന് കുട്ടികള്‍ പ്രാർത്ഥിക്കുന്നത് വീഡിയോയില്‍ കാണാം. അതിന്റെ ഇടയിലാണ് കണ്ണുകള്‍ ഇറുക്കിയടച്ച്‌ നിൽക്കുന്ന ഒരു കുട്ടിയുള്ളത്, അവനാണ് ഈ വീഡിയോയിലെ ഹീറോ. പ്രാർത്ഥനയില്‍ മുഴുകി നില്‍ക്കുകയാണ് എന്ന് തോന്നുമെങ്കിലും ആശാന്റെ ശ്രദ്ധ മറ്റൊരു കാര്യത്തിലാണ്. എല്ലാവരും പ്രാർത്ഥനയില്‍ മുഴുകി നില്‍ക്കുമ്പോൾ, കണ്ണുമടച്ച്‌, ആരും കാണുന്നില്ല എന്ന് കരുതി മിഠായി കഴിക്കുകയാണ് ഈ വിരുതൻ.
താൻ കണ്ണടച്ചാല്‍ മറ്റാരും തന്നെ കാണില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു കുട്ടി എന്ന് വീഡിയോ കണ്ടാൽ മനസ്സിലാകും. അവൻ ഒരു മിഠായി കഴിക്കുന്നതും, അതിനിടയില്‍ ചുറ്റുപാടും ശ്രദ്ധിക്കുന്നതുമൊക്കെ വീഡിയോയിലുണ്ട്. മിഠായി കഴിച്ചു കഴിഞ്ഞ ശേഷം അതിന്റെ സ്റ്റിക് ആരും കാണാതെ കുട്ടി തിരികെ പോക്കറ്റില്‍ തന്നെ വയ്ക്കുന്നതും വീഡിയോയില്‍ കാണാം. അതിനു ശേഷം ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ കൈകള്‍ കൂപ്പി പ്രാര്‍ത്ഥിക്കുന്നതും വീഡിയോയിലുണ്ട്.
പക്ഷേ അവിടം കൊണ്ടും തീരുന്നതല്ല ഈ വീഡിയോയിലെ മറ്റൊരു രസം. ഈ കുട്ടിയുടെ പിന്നില്‍ നില്‍ക്കുന്ന കുട്ടിയും ഒരു ചെറിയ താരമാണ്. തന്റെ അഴിഞ്ഞുപോയ ബെല്‍റ്റ് ശരിയാക്കാനായി അസംബ്ലിക്കിടെ പാടുപെടുന്ന മറ്റൊരു കുട്ടിയെയും വീഡിയോയില്‍ സൂക്ഷിച്ച്‌ നോക്കിയാല്‍ കാണാം.
എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കിട്ട സ്കൂള്‍ അസംബ്ലിയില്‍ നിന്നുള്ള ഈ മനോഹരമായ വീഡിയോ നിമിഷ നേരം കൊണ്ട് വൈറൽ ആയി. നിരവധി പേരാണ് കമന്റുകൾ കൊണ്ട് വീഡിയോ നിറയ്ക്കുന്നത്. ‘അവൻ കണ്ണടച്ചാല്‍ നമ്മള്‍ അവനെ കാണില്ലെന്നാണ് അവന്റെ വിചാരം, എന്തൊരു നിഷ്കളങ്കത, മിഠായി കഴിച്ച്‌ കഴിഞ്ഞ ശേഷം അതിന്റെ സ്റ്റിക് പോക്കറ്റില്‍ തന്നെ ഇട്ടല്ലോ, ആ അച്ചടക്കം സമ്മതിക്കണം...’ എന്നതടക്കമാണ് കമന്റുകൾ.

Ads by Google
Friday 27 Mar 2026 04.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW